ലേഖനം: ഷാൾമെയ്ൻ:- ക്രമീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പിതാവ് | പാസ്റ്റർ സണ്ണി പി സാമുവൽ

“ചാൾസ്, ദ ഗ്രേറ്റ്” എന്ന അപരനാമത്തിൽ ചരിത്രത്തിൽ വിശ്രുതനായ തീർന്ന King Charlemagne യൂറോപ്പിൽ “ഹോളി റോമൻ എംപയർ” എന്ന സാമ്രാജ്യത്തിനു നിദാനമായ ചാലകശക്തി ആയിരുന്നു. കാൾമെയ്ൻ, കാരെൽമെയ്ൻ, ഷാൾമെയ്ൻ, ഷാരെൾമെയ്ൻ എന്നിങ്ങനെ വിവിധ രീതിയിൽ അദ്ദേഹത്തിന്റെ പേരു ഉച്ചരിക്കുന്നുണ്ട്. ക്ഷയിച്ചുപോയ ബൈസെന്റൈൻ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയായും ഹോളി റോമൻ എംപയറിന്റെ മുന്നോടിയായും ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്ന കരോലിങ്ഗിയൻ സാമ്രാജ്യത്തിൻ്റെ (800-887) സ്ഥാപകനായിരുന്നു ഷാൾമെയ്ൻ (748-814). അദ്ദേഹം 768 മുതൽ ഫ്രാങ്സിന്റെയും 774 മുതൽ ലൊംബാർഡ്സിന്റെയും രാജാവായി. ഏകദേശം മൂന്നു നൂറ്റാണ്ടുകൾക്കുമുമ്പു അപ്രത്യക്ഷമായ പടിഞ്ഞാറൻ റോമൻ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം; ഷാൾമെയിൻ പടിഞ്ഞാറൻ-മദ്ധ്യയൂറോപ്പിലെ മിക്കവാറും ഭൂരിഭാഗം ഭൂപ്രദേശങ്ങളെയും ഏകീകരിച്ച് ഒരു സാമ്രാജ്യം ആക്കി.

News Middle Advt Banner

മദ്ധ്യകാലഘട്ടത്തിലുടനീളം യൂറോപ്പിൽ നിലനില്ക്കുന്ന സ്വാധീനം ചെലുത്തിയ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങളാൽ ഷാൾമെയ്ന്റെ ഭരണകാലം വിശ്രുതമായി. അന്നു നിലവിലുണ്ടായിരുന്ന നിയമവ്യവസ്ഥയെ പരിഷ്കരിക്കുന്നതിലും, ലത്തീൻ ഭാഷയും സാഹിത്യത്തെയും മെച്ചപ്പെടുത്തുന്നതിലും, എല്ലാറ്റിലുമുപരി യൂറോപ്പിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലപരിവർത്തനം വരുത്തേണ്ടതിനായി പള്ളികളോടു ചേർന്നു വിദ്യാകൂടങ്ങൾ സ്ഥാപിക്കുകയും ചെയ്തു എന്നതാണു കരോലിങ്ഗിയൻ നവോത്ഥാനകാലഘട്ടത്തിലെ നേട്ടങ്ങളായി ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നത്.

പള്ളിക്കൂടങ്ങൾ

ഷാൾമെയ്നിന്റെ ഭരണചരിത്രത്തിലെ ഏറ്റവും നല്ല നാഴികക്കല്ലായി ഇന്നും വാഴ്ത്തപ്പെടുന്ന പരിഷ്കാരമാണു പള്ളിക്കൂടം എന്ന അപരനാമത്തിൽ അദ്ദേഹം സ്ഥാപിച്ച ക്രമീകൃതമായ വിദ്യാഭ്യാസ സമ്പ്രദായരീതി. റോമൻ സാമ്രാജ്യത്തിന്റെ പതനത്തോടെ യൂറോപ്പിലാകമാനം വിദ്യാഭ്യാസം വലിയ തകർച്ചയിൽ ആയിരുന്നു. ഔപചാരിക വിദ്യാഭ്യാസം സഭയുടെ ഉദ്യോഗവൃന്ദങ്ങളെ പരിശീലിപ്പിക്കുന്നതിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രഭുവർഗ്ഗം (Noblemen) പോലും വലിയൊരളവിൽ നിരക്ഷരകുക്ഷികൾ ആയിരുന്നു. തന്റെ ബൃഹത്തായ സാമ്രാജ്യം ശരിയായി ഭരിക്കുവാൻ വിദ്യാസമ്പന്നരായ ഒരു നല്ല സമൂഹത്തിന്റെയും പുരോഹിതവൃന്ദത്തിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ അദ്ദേഹം “കരോലിങ്ഗിയൻ നവോത്ഥാനം” എന്നറിയപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക പുനരുജ്ജീവനത്തിനു ആരംഭമിട്ടു. ഇതിനു തുടക്കംകുറിച്ചുകൊണ്ടു 780-ൽ Aachen-ൽ അദ്ദേഹം തന്റെ കൊട്ടാരത്തിൽ ഒരു വിദ്യാകേന്ദ്രം ആരംഭിച്ചു. നിലവാരമുള്ള ഒരു പട്ടാള അക്കാദമിയിൽനിന്നു കൊട്ടാരം സ്കൂളിനെ പ്രഭുവർഗ്ഗത്തിന്റെ അക്ഷരാഭ്യാസ/വിദ്യാകേന്ദ്രമാക്കി അദ്ദേഹം മാറ്റിയെടുത്തു. ഷാൾമെയ്ൻ തന്നെ അവിടെ വിദ്യാർത്ഥിയായി എന്നതാണു ഹൈലൈറ്റ്. വ്യാകരണം, പ്രസംഗശാസ്ത്രം, യുക്തിബോധം, ഗണിതം, ജോമെട്രി, സംഗീതം, ജ്യോതിശാസ്ത്രം എന്നീ 7 മേഖലകളിൽ പാഠപദ്ധതി പുനഃക്രമീകരിക്കുവാനായി പ്രമുഖ പണ്ഡിതരെ അദ്ദേഹം കൊണ്ടുവന്നു. മേല്പറഞ്ഞ 7 വിഷയങ്ങൾ കൂടാതെ പുരോഹിതന്മാർക്കായി ദൈവശാസ്ത്രവും കരിക്കുലത്തിൽ ഉൾപ്പെടുത്തി. ഇതു വൻവിജയം ആയതിനെ തുടർന്നു പൊതുവായ മുന്നറിയിപ്പു (Admonitio Generalis) എന്നപേരിൽ 789-ൽ ചെയ്ത വിളംബരത്തിലൂടെ പൊതുവിദ്യാഭ്യാസം സാധാരണക്കാരായ കുട്ടികൾക്കും സൗജന്യമായി ലഭ്യമാക്കിയും ഒപ്പം മാൻഡേറ്ററി ആക്കിയും ഉത്തരവു പുറപ്പെടുവിച്ചു. അതിലേക്കായി എല്ലാ കത്തീഡ്രൽസും, ആശ്രമങ്ങളും, പള്ളികളും കേന്ദ്രമാക്കി സ്കൂൾ സ്ഥാപിക്കണമെന്നും ഉത്തരവുണ്ടായി. ഇങ്ങനെയാണു “പള്ളിക്കൂടങ്ങൾ” നിലവിൽ വന്നത്. യൂറോപ്പിനെ സമൂലമായി ഉടച്ചുവാർത്ത ഒരു ഉത്തരവായിരുന്നു ഇത്. ഈ വിദ്യാഭ്യാസരീതിയിലൂടെ യൂറോപ്പിന്റെ അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടു ഷാൾമെയ്ൻ ചിട്ടപ്പെടുത്തി/സൃഷ്ടിച്ചെടുത്തു.

ലിപിവിന്യാസവും ഭാഷാപരിഷ്കരണവും

അന്നത്തെ യൂറോപ്പിന്റെ പൊതുസമ്പർക്കഭാഷ ലത്തീൻ ആയിരുന്നു. ഗ്രീക്കുഭാഷയിൽ നിന്നു ലത്തീൻഭാഷയിലേക്കു ലോകവും സഭയും സഭാസാഹിത്യവും ബൈബിൾ മൊഴിമാറ്റങ്ങളും സംക്രമണം നടത്തുന്ന കാലം. അക്കാലത്തു ലത്തീൻഭാഷയ്ക്കു ഒരു വലിയ ദുരന്തം വന്നുഭവിച്ചു. യൂറോപ്പിൽ ഉടനീളം ലത്തീൻഭാഷ കലുഷിതമായിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, സംസാരിക്കുന്ന ലത്തീൻ പ്രാദേശികവൽക്കരിച്ച റൊമാനസ് ഭാഷകളായി വളരെയധികം പരിണമിച്ചു. ഇക്കാരണത്താൽ, പുരോഹിതന്മാരും സന്യാസിമാരും പള്ളിയിലെ ആരാധനകളിൽ ലാറ്റിൻ തെറ്റായി ഉച്ചരിക്കാനും അക്ഷരത്തെറ്റു വരുത്താനും തുടങ്ങി. പലപ്പോഴും തകർന്ന വ്യാകരണത്തോടുകൂടിയ ഒരു തരംതാഴ്ന്ന രൂപത്തിലാണു സംസാരഭാഷ. പ്രാദേശികമായി കയ്യെഴുത്തു ക്രമരഹിതവും കുഴഞ്ഞുമറിഞ്ഞതും അതാതിടത്തെ ചുരുക്കെഴുത്തിനാൽ വികലവു മായിരുന്നു. ഫ്രാൻസിൽ എഴുതിയ ഒരു രേഖ ജർമ്മനിയിലെ ഒരു എഴുത്തുകാരനു അപൂർവ്വമായി മാത്രമേ വായിക്കുവാൻ കഴിയുമായിരുന്നുള്ളൂ. ഇതുണ്ടാക്കിയ ആശയക്കുഴപ്പം ചെറുതല്ലായിരുന്നു. സർക്കാർ നിയമങ്ങളിലും രേഖകളിലും ഒപ്പം ബൈബിൾ കയ്യെഴുത്തുപ്രതികളിലും ലിറ്റർജിയിലും ഗുരുതരമായ പിശകുകൾ കടന്നുകൂടി. ഒരു പൊതുസമ്പർക്കഭാഷയ്ക്കു ഇത്രയും അക്ഷന്തവ്യമായ പിഴവുകൾ വന്നുഭവിക്കുന്നതു ഭൂഷണമല്ലായിരുന്നു. ഇവ്വിധം പ്രാദേശികമായി തയ്യാറാക്കിയ ബൈബിൾ കയ്യെഴുത്തുപ്രതികളിലും കാലുഷ്യം കടന്നുകൂടി എന്നതു ചിന്താതീതമായിരുന്നു. ഇത്തരം പിഴവുകൾ പരിഹരിക്കുവാനായി ഭാഷയ്ക്കു യൂറോപ്പിലൂടെനീളം നവീകരിച്ച/ഏകീകൃതസമ്പ്രദായം ആവശ്യമാണെന്നു ഷാൾമെയ്നു മനസ്സിലായി. അതിനായി അദ്ദേഹം തീവ്രശ്രമം ആരംഭിച്ചു. പ്രമുഖ ഇംഗ്ലീഷ് സന്യാസിവര്യനായിരുന്ന അൽകുയിൻ എന്ന മാന്യദേഹത്തെ രാജാവു വരുത്തുകയും ഭാഷയുടെ ഏകീകരണം അദ്ദേഹത്തിന്റെ ചുമതലയിൽ ഏല്പിച്ചു കൊടുക്കുകയും ചെയ്തു. ഭാഷയുടെ പിഴവുകൾ പരിഹരിക്കുന്നതിനും പള്ളിയിലെ ശുശ്രൂഷകൾക്കായി ഒരു ഏകീകൃതവും തിരിച്ചറിയാവുന്നതുമായ ലത്തീൻ പുനഃസ്ഥാപിക്കുന്നതായിരുന്നു അൽകുയിന്റെ ചുമതല.

ഭാഷാപരിഷ്കരണം

ലത്തീൻ ഭാഷക്കു ഏകീകൃതമാനദണ്ഡം ഉണ്ടാക്കുന്നതിനായി, ആൽക്കുയിന്റെയും ഷാൾമെയ്നിന്റെ പണ്ഡിതസദസ്സ്, പ്രാദേശിക ഫ്രഞ്ച് അല്ലെങ്കിൽ ഇറ്റാലിയൻ ഭാഷാഭേദങ്ങൾ പോലുള്ള വാക്കുകൾ ഉച്ചരിക്കുന്നതിനുപകരം, ലാറ്റിൻ അക്ഷരവിന്യാസം കർശനമായി പിന്തുടരുന്ന ഒരു പുതിയ ഉച്ചാരണം നിർദ്ദേശിച്ചു. ഈ ഭാഷ പില്കാലത്തു എക്ലിസിയാസ്റ്റിക്കൽ ലാറ്റിൻ എന്നപേരിൽ വിശ്രുതമായ ക്ലാസിക്കൽ ലത്തീൻഭാഷയുടെ സംഭാഷണപതിപ്പിനെ ഫലപ്രദമായി രൂപാന്തരപ്പെടുത്തിയെടുക്കുകയായിരുന്നു. ദൈനംദിന വികലസംസാര ഭാഷകളിൽനിന്നു വേറിട്ടു, സഭയുടെയും ഭരണകൂടത്തിന്റെയും പഠിച്ചഭാഷയായി (learned language) ലാറ്റിൻ മാറി. ഈ അംഗീകാരം ഒടുവിൽ 813-ൽ ടൂർസ് കൗൺസിലിൽ (Council of Tours), സാധാരണക്കാർക്കു മനസ്സിലാകുന്ന തരത്തിൽ റസ്റ്റികം റൊമാനാം ലിങ്ഗുവത്തിൽ (സാധാരണക്കാർക്കു മനസ്സിലാകുന്ന പ്രാദേശികഭാഷ) പ്രസംഗങ്ങൾ നടത്തണമെന്നു ഉത്തരവിടാൻ പ്രേരിപ്പിച്ചു.

പുതിയ കയ്യെഴുത്തു സമ്പ്രദായരീതി

അതുവരെ ലത്തീൻ ഭാഷയിൽ ഉപയോഗിച്ചിരുന്നതു ക്യാപിറ്റൽ ലെറ്റർ (അപ്പർ കെയ്സ്) ഫോണ്ട്സ് മാത്രമായിരുന്നു. ഇതു എഴുത്തിന്റെ വേഗത വളരെ കുറച്ചിരുന്നു. ഇതിനു ഒരു പരിഹാരമാണു ഷാൾമെയിൻ ആദ്യം തേടിയത്. പില്ക്കാലത്തു “കരോലിങ്ഗിയൻ മിനിസ്ക്യൂൾ” എന്നു പ്രസിദ്ധമായ ചെറിയക്ഷരലിപി വിന്യാസം അൽകുയ്നിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയെടുത്തു. റ്റൂഴ്സിലെ (Tours) സെയ്ന്റ് മാർട്ടിൻ മൊണസ്ട്രിയിലെ സ്ക്രിപ്റ്റോറിയത്തിൽ ആണു ഇതു വികസിപ്പിച്ചെടുത്തത്. മദ്ധ്യകാലഘട്ടത്തിലെ ആശ്രമങ്ങളിൽ, കയ്യെഴുത്തുപ്രതികൾ എഴുതുന്നതിനും പകർത്തെഴുത്തു നടത്തുന്നതിനും പഠനം നടത്തുന്നതിനും വേണ്ടി പ്രത്യേകം നീക്കിവച്ചിരിക്കുന്ന ഒരു മുറിയെ സൂചിപ്പിക്കുന്ന ഒരു ചരിത്രപദമാണു “സ്ക്രിപ്റ്റോറിയം.” ഇതു ഒരു ലൈബ്രറിയും എഴുത്തുപുരയും രേഖാശാലയും (Archive) ഒക്കെ ആയിരുന്നു. ഇവിടെ ധാരാളം ചുരുളുകളും (Scrolls) കോഡീസിസും (Codex-Codices) ശേഖരിച്ചുവച്ചിരുന്നു. അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിനു മുമ്പു, മതപരവും ചരിത്രപരവുമായ ഗ്രന്ഥങ്ങൾ സന്യാസിമാർ കൈകൊണ്ടു പകർത്തിയെഴുതിയിരുന്നതു സ്ക്രിപ്റ്റോറിയങ്ങളിൽ ആയിരുന്നു. നവീകരണം നിമിത്തം വളരെ വേഗത്തിൽ എഴുതുവാൻ കഴിയുന്ന വൃത്താകൃതിയിലുള്ള ചെറിയക്ഷരങ്ങൾ തയ്യാറായതിനൊപ്പം വാക്കുകൾക്കു ഇടയിൽ അന്തരാളം (space) വന്നു. തൽഫലമായി, ഒരു ടെക്സ്റ്റ് ഒരു ഭീമാകാരമായ ഖണ്ഡമായി മാറ്റപ്പെടുന്നതിനു അറുതിവന്നു. ചോദ്യചിഹ്നം, പൂർണ്ണവിരാമം, അർദ്ധവിരാമം എന്നിവയിലൂടെ വായനയെ നവീകരിച്ചു, ഒപ്പം ഉച്ചാരണശുദ്ധിയും നിഷ്കർഷിച്ചു. വാചകങ്ങൾ ആരംഭിക്കുമ്പോൾ വലിയക്ഷരത്തിലും ബാക്കിയുള്ള അക്ഷരങ്ങൾ പുതിയ ചെറിയക്ഷരത്തിലും ഫൊർമാറ്റ് ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടിൽ അച്ചടിവിദ്യ കണ്ടുപിടിച്ചപ്പോൾ 9-ആം നൂറ്റാണ്ടിലെ പരിഷ്കരണമായ കരോലിങ്ഗിയൻ രീതിയാണു പകർത്തിയത്. അങ്ങനെയാണു ഇന്നും നിലവിലുള്ളതും നമുക്കു സുപരിചിതമായ “ടൈംസ് ന്യൂറോമൻ” സീരീസ് നിലവിൽ വന്നത്. അതുവരെ ഗോഥിക് മോഡൽ ആയിരുന്നു ഉപയോഗിച്ചിരുന്നത്.

പകർപ്പെഴുത്തു വേഗത്തിലാകുന്നു

അന്നുവരെ ഒരു ക്രിസ്തീയ ആശ്രമത്തിൽ ഒരു പുസ്തകം പകർത്തിയെഴുതാൻ ഒരു വർഷംവരെ സമയം വേണ്ടിവന്നു. ഒരു സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതാൻ ഒരു സന്യാസിക്കു മൂന്നുവർഷംവരെ വേണ്ടിവന്നു. കാരണം, ഒരു പകർപ്പെഴുത്തുകാരനു ഒരു ദിവസം നാലു പേജ് വരെ മാത്രമേ പരമാവധി പകർത്തുവാൻ കഴിഞ്ഞിരുന്നുള്ളൂ. വേഗതയെക്കാൾ കൃത്യതക്കായിരുന്നു പ്രാധാന്യം. അതിനാൽ തിരക്കുകൂട്ടുക സാദ്ധ്യമല്ലായിരുന്നു. ശൈത്യകാലത്തു കൈകൾ പതിവായി മരവിക്കുമായിരുന്നു. ഗ്രന്ഥശാലയിൽ തീപിടുത്തസാഹചര്യം ഉണ്ടായിരുന്നതിനാൽ മെഴുകുതിരിയും നെരിപ്പോടും നിരോധിച്ചിരുന്നു. പകൽവെളിച്ചത്തിൽ മാത്രമേ പകർപ്പെഴുത്തു അനുവദിച്ചിരുന്നുള്ളൂ.

പുതിയ വിദ്യാഭ്യാസസമ്പ്രദായനയം നിലവിൽ വന്നപ്പോൾ ആയിരക്കണക്കിനു വിദ്യാഭ്യാസഗ്രന്ഥങ്ങൾ ആവശ്യമായി വന്നു. ഉല്പാദനം വേഗത്തിലാക്കാൻ സന്യാസിമാർ ഒരു കുറുക്കുവഴി കണ്ടുപിടിച്ചു. അവർ ഗ്രന്ഥത്തിന്റെ കുത്തികെട്ടു പൊട്ടിച്ചു പുസ്തകം വിഭജിച്ചു വിവിധസംഘങ്ങൾക്കു നല്കി. ഇങ്ങനെ അദ്ധ്വാനം വിഭജിച്ചതിലൂടെ ഒരു വർഷംകൊണ്ടു പൂർത്തീകരിച്ചിരുന്ന ഗ്രന്ഥം ഒരു ആഴ്ചകൊണ്ടു പൂർത്തീകരിക്കുവാൻ കഴിഞ്ഞു. ഇന്നു കമ്പ്യൂട്ടർ സെന്റേഴ്സ് ഈ തന്ത്രം ഉപയോഗിക്കുമ്പോൾ അതു ഒരു ക്രിസ്ത്യൻ ആശ്രമത്തിൽനിന്നും പൊതുസമൂഹത്തിലേക്കു ഒഴുകിയിറങ്ങിയ സമ്പ്രദായം ആയിരുന്നു എന്നു ഓർക്കുക.

കരോലിങ്ഗിയൻ ബൈബിൾ

ഒരു സമ്പൂർണ്ണമായ കരോലിങ്ഗിയൻ ബൈബിൾ നിർമ്മിക്കുന്നതിനു 210 -നും 300 -നും ഇടയിൽ ആടുകളുടെ തുകലുകൾ ആവശ്യമായിരുന്നു. ടൂർസിന്റെ പ്രശസ്തമായ സ്ക്രിപ്റ്റോറിയത്തിൽ നിർമ്മിച്ചതുപോലുള്ള രാജകീയ, ആഡംബര ബൈബിളുകളുടെ ഭീമമായ ആകാരവലിപ്പം കാരണം, ഉല്പാദനം കുറവായിരുന്നു. എന്നാൽ ആവശ്യകത വളരെ വലുതും ആയിരുന്നു. ഈ കാലത്തു ഒരു സ്റ്റാൻഡേർഡ് ആട്ടിൻതോൽകൊണ്ടു രണ്ടു വലിയ പേജുകൾ (ഒരു മടക്കിയ ഷീറ്റ്, ബൈഫോളിയം എന്നറിയപ്പെടുന്നു) മാത്രമേ നിർമ്മിക്കുവാൻ കഴിയുമായിരുന്നുള്ളൂ. ഒരു സമ്പൂർണ്ണ കരോലിങ്ഗിയൻ ബൈബിൾ 400 മുതൽ 600 വരെ പേജസിൽ വ്യാപിച്ചുകിടന്നിരുന്നു. ഒരു മൃഗത്തിൽനിന്നു ലഭിക്കുന്നതു രണ്ടു പേജസ് എന്നു കണക്കാക്കിയാൽ; ഒരു ബൈബിൾ നിർമ്മിക്കുവാൻ ഒരു ആട്ടിൻപറ്റത്തെത്തന്നെ മുഴുവനായി വേണ്ടിവന്നു. ഷാൾമെയ്നിന്റെ ചെറുമകൻ അതേ കരോലിങ്ഗിയൻ പാരമ്പര്യത്തിൽ സൃഷ്ടിച്ച “ചാൾസ് ദി ബാൾഡിന്റെ” ചരിത്രപരമായ ആദ്യ ബൈബിളിന്റെ സ്മാരക ഫോർമാറ്റ് നിർമ്മിക്കാൻ ഏകദേശം 300 ആടുകളുടെ തുകൽ ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ടൂർസ് സ്ക്രിപ്റ്റോറിയയിലെ മറ്റു സ്റ്റാൻഡേർഡ് ബൈബിൾസിന്റെ ഒരു കോപ്പിക്കു ശരാശരി 210 മുതൽ 225 വരെ ആടുകൾ വേണ്ടിവന്നു. ഈ അമിതമായ വിഭവച്ചെലവു കാരണം, ബൈബിൾ ഒരു മതഗ്രന്ഥം മാത്രമല്ലായിരുന്നു; അതു വമ്പിച്ച രാജകീയ സമ്പത്തിന്റെയും, ഭൂമിയുടെ ഉടമസ്ഥതയുടെയും, കാർഷിക ശക്തിയുടെയും ഒരു പ്രദർശനമായിരുന്നു.

ഉപസംഹാരം

ക്രിസ്ത്യാനികൾ അഥവാ ക്രിസ്ത്യൻ മിഷനറീസ് വിദ്യാഭ്യാസസമ്പ്രദായത്തിനു ഒരു സംഭാവനയും നല്കീട്ടില്ല എന്നു പരിഹസിക്കുമ്പോഴും റ്റി.കെ. മോഹൻദാസിനെപ്പോലെയുള്ളവർ, 1250 വർഷം മുമ്പു ഒരു ക്രിസ്തീയ രാജാവും ആശ്രമവും ജ്ഞാനികളായ പുരോഹിതവർഗ്ഗവും ചേർന്നു തയ്യാറാക്കി; ഇന്നും നിലനില്ക്കുന്ന വിദ്യാഭ്യാസരീതികളും ലിപിവിന്യാസവും എഴുത്തുവിദ്യയും അതിൻ്റെ അന്തർദ്ദേശീയ നിയമങ്ങളും അതേപടി പാലിച്ചുകൊണ്ടാണു ദൈനംദിനജീവിതം തള്ളിനീക്കുന്നതു എന്നതു വൈരൂദ്ധ്യാത്മകം എന്നല്ലാതെ എന്തുപറയാൻ.

പാസ്റ്റർ സണ്ണി പി സാമുവൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading