വിദ്വേഷ പ്രസംഗം: സ്വമേധയാ കേസെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

ദില്ലി: വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. നേരത്തെ യുപി, ഉത്തരാഖണ്ഡ്, ദില്ലി എന്നീ സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവാണ് എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി ബാധകമാക്കിയത്.

രണ്ടു വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക, ദേശീയ ഐക്യം തകർക്കുക, മതവികാരം വ്രണപ്പെടുത്തുക, ഭയപ്പെടുത്തൽ തുടങ്ങിയവയിൽ പരാതിയില്ലാതെ തന്നെ പൊലീസ് കേസെടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്വേഷ പ്രസംഗം ഭരണഘടനയുടെ അന്തസത്തയെയും ചട്ടക്കൂടിനെയും ബാധിക്കുകയാണെന്ന് ഉത്തരവിൽ ജസ്റ്റിസ് കെ എം ജോസഫ്, ബിവി നാഗരത്ന എന്നിവരുൾപ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി.

ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് കേസെടുക്കുന്ന രീതി ഉണ്ടാകരുതെന്ന കർശന നിർദ്ദേശവും സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് സംസ്ഥാനങ്ങൾക്ക് നൽകി. കേസെടുക്കാൻ വൈകുന്നത് കോടതി അലക്ഷ്യമായി പരിഗണിക്കും. അടുത്ത മാസം പന്ത്രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെഎം ജോസഫ് വിരമിക്കാനിരിക്കെ കേസിൽ വിശദമായ വിധിക്കുള്ള സാധ്യത വിരളമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.