ലേഖനം: ലക്ഷ്യമെന്ത്? | പാസ്റ്റര്‍ ബെന്നി പി. യു

“ലക്ഷ്യമില്ലാത്ത ജീവിതം പരാജയമാണ് എന്നാൽ തെറ്റായ ലക്ഷ്യമുള്ള ജീവിതം അതിലും വലിയ പരാജയമാണ്”. ക്രിസ്തീയ ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യം എന്താണ് ? പലരും ഇതിനെ പല നിലകളിൽ നിർവചച്ചിരിക്കുന്നതുകൊണ്ട് ഓരോരുത്തരുടെയും ലക്ഷ്യം അവർ പിൻപറ്റുന്ന നിർവചനത്തിന് അടിസ്ഥാനപെടുത്തി ആയിരിക്കും. ദൈവ വചനം ശരിയായി പഠിക്കുക എന്നതാണ് ശരിയായ നിർവചനം ഗ്രഹിക്കാനുള്ള ഏക മാർഗ്ഗം. എല്ലാ വശങ്ങളെയും ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു സംക്ഷിപ്ത നിർവചനം അത്ര എളുപ്പമല്ല. തെറ്റാതെ ലക്ഷ്യത്തിലെത്തി എന്ന് വചനം പറയുന്ന ഭക്തന്മാരുടെ ജീവിത ശൈലികളെ അടിസ്ഥാനപെടുത്തിയും നമ്മുടെ കർത്താവിൻ്റെയും അപ്പോസ്ഥലന്മാരുടെയും ഉപദേശത്തെ ആധാരമാക്കി വിശാലമായ ഒരു വീക്ഷണം സാധ്യമാണ്. ഇയ്യോബിൻ്റെ ജീവിതം ആധാരമാക്കിയാൽ, എന്തെല്ലാം നഷ്ടമായാലും ഭക്തി വെടിയാതെ ജീവിക്കുന്നതായിരിക്കണം ഭക്തൻ്റെ ജീവിത ലക്ഷ്യം. പൗലോസിനെ ആധാരമാക്കി നിർവചിച്ചാൽ ക്രിസ്തുവിനുവേണ്ടി അവസാന ശ്വാസം വരെ അദ്ധ്യാനിച്ച് ജീവൻ വെടിയുക എന്നതാണ് ലക്ഷ്യം. അതിൽ ഭൗതീകമായ ഒരു നേട്ടങ്ങൾക്കും സ്ഥാനമേ ഇല്ല. ഉള്ളതിനേയും ഉറ്റവരേയും വിട്ട് കാണിപ്പനുള്ള ദേശത്തേക്ക് ഒരു യാത്രയും ദൈവം ശില്പിയായി നിർമ്മിച്ച ഭവനത്തിനായുള്ള കാത്തിരിപ്പും ആയിരിക്കണം ലക്ഷ്യം എന്ന് അബ്രഹാമിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവിൻ്റെ ജീവിത ലക്ഷ്യം ക്രൂശിൽ അനേകർക്കായി തൻ്റെ ജീവനെ മറുവിലയായി കൊടുക്കുക എന്നതായിരുന്നു (Mk 14:24).

ധനം,പദവി, മനോഹര ഭവനങ്ങൾ, ലൗകീക സുഖങ്ങൾ, ഉയർച്ചകൾ,മുതലായ ലോകം ശ്രേഷ്ഠമായി കരുതുന്ന പലതും നേടിയവരെ ലക്ഷ്യം നേടിയവരായി ഉയർത്തി കാട്ടുന്ന ഈ കാലത്ത് ഉന്നതവും ആത്മീയവുമായ ലക്ഷ്യം നോക്കി യാത്ര ചെയ്യാൻ കഴിയാത്തവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. ഒരു ഭൗതീക നന്മകളും ലഭിക്കാതേയും ലക്ഷ്യം നേടാൻ കഴിയും എന്ന് അനേകായിരം ക്രിസ്തു ഭക്തന്മാരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. വചന വിരുദ്ധമായ പലതിനെയും ജീവിത ലക്ഷ്യമായി സ്വപനം കാണാൻ നമ്മെ ആരൊക്കെയോ ചേർന്ന് പഠിപ്പിച്ചിരിക്കുന്നു. ജീവിത വിജയത്തെ ഭൗതീക നന്മകൾ മാത്രമായി ചുരുക്കി പഠിപ്പിക്കയും അത്തരം ചിന്തകളെ അന്ധമായി പിൻപറ്റുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. ആത്മീകൻ്റെ ജീവിത വിജയം ഭൗതീക നന്മകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നല്ല എന്ന് വചനാടിസ്ഥാനത്തിൽ പഠിപ്പിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. അവർക്ക് കേൾവിക്കാർ കുറഞ്ഞു വരുന്നു.

താൻ തൻ്റെ അപ്പനേക്കാൾ കേമനാണ് എന്ന് പറഞ്ഞുകൊണ്ട് കൊട്ടാര വാതിൽക്കൽ നിന്ന് ജന ഹൃദയം കവർന്ന് അപ്പനെത്തിരെ പടെയെടുത്ത അബ്ശാലോമിൻ്റെ ലക്ഷ്യം രാജ്യത്തിൻ്റെ ഭാവിയോ പ്രജകളുടെ ഉന്നമനമോ ആയിരുന്നില്ല. മറിച്ച് അന്ധമായ അധികാര ത്വര ആയിരുന്നു. ഭ്രാന്തമായ ആ പടയോട്ടം നല്ല ലക്ഷ്യത്തോടെ ആയിരുന്നില്ല എന്നും പിൻപറ്റാൻ കൊള്ളുന്ന മാതൃക അല്ല എന്ന് ഏവരും സമ്മതിക്കും. പക്ഷേ ഇന്നും സമാന രീതിയിൽ ലക്ഷ്യത്തിലേക്ക് ഓടുന്ന അനേകർ നമ്മുടെ മുമ്പിലുണ്ട്.
കയ്യിൽ ഒരു കവണിയുമായി ഗോല്യാത്തിനുനേരെ പാഞ്ഞടുക്കുമ്പോൾ പതവിയോ വിജയം നേടി കൈയ്യടി നേടാനുള്ള മറ്റെന്തെങ്കിലും ലക്ഷ്യങ്ങളും ദാവീദിന് ഉണ്ടായിരുന്നില്ല. ദൈവ നാമത്തെ ദുഷിക്കുന്ന, ദൈവ ജനത്തെ വെല്ലുവിളിക്കുന്ന ശത്രുവിനെ തുരത്തുക എന്ന ഏകലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
അപ്പനേക്കാൾ പലമടങ്ങ് ധനവും ജ്ഞാനവും ആയുധ കൂമ്പാരങ്ങളും ഉണ്ടായിരുന്ന ശലോമോന് തൻ്റെ കൊട്ടാരത്തിൽ ശത്രു സ്ത്രീകളുടെ വേഷത്തിൽ കയറി കൂടുന്നത് തടയാനായില്ല. ലക്ഷ്യം തെറ്റിയുള്ള ജീവിത യാത്രയുടെ ഉത്തമ ഉദാഹരണമായി മാറി ജ്ഞാനിയും സമ്പന്നനുമായ ആ വലിയ മനുഷ്യൻ. ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങൾക്കും കാരണമെന്ന് അറിഞ്ഞിട്ടും, സാക്ഷ്യവും പ്രാഗത്ഭ്യവും നഷ്ടപ്പെടുത്തി അധികാരം നേടുന്നത് ലക്ഷ്യം തെറ്റലാണ് എന്ന് അറിഞ്ഞിട്ടും അധികാരത്തിൽ എത്താൻ ഇത്തരം പരിശ്രമം നടത്തുന്നവർ നമ്മെ എങ്ങനെ ലക്ഷ്യത്തിൽ എത്തിക്കും.

ലക്ഷ്യത്തിലേക്ക് ഓടുന്ന പലരും അറിയപ്പെടുന്നവരല്ല. അറിയപ്പെടുന്ന പലരും ലക്ഷ്യത്തിലേക്ക് ഓടുന്നവരുമല്ല.
ക്രിസ്തീയ ജീവിത ലക്ഷ്യം ഭൗതീക നേട്ടങ്ങളോ, ഉയർച്ചകളോ, പദവികളോ ലോകർ ജീവിത ലക്ഷ്യങ്ങളായി കാണുന്ന ഇതര നേട്ടങ്ങളോടോ ബന്ധപ്പെട്ടവയല്ല. ശിഷ്യത്വത്തിൻ്റെ എല്ലാ ഗുണങ്ങളും ആവാഹിച്ച് ക്രിസ്തുവിൻ്റെ പാത പിൻതുടരുക എന്നതാവണം നമ്മുട ലക്ഷ്യം. മറ്റുള്ളവർക്ക് അനുകരിപ്പാൻ കഴിയുന്ന നല്ല മാതൃകകളുള്ള ഒരു ജീവിതം. ദൈവം സ്നേഹത്തിൻ്റെ ആഴവും വിശാലതയും അറിയുകയും അനുഭവിക്കയും ചെയ്യുന്ന ഒരു ജീവിതം. ധനത്തേക്കാൾ നല്ലത് ജ്ഞാനമാണ്, ഭക്തിക്ക് പകരം മറ്റൊന്നില്ല, ലൗകീക സുഖങ്ങൾ താൽക്കാലീകമാണ്, എന്നിങ്ങനെ ശ്രേഷ്ഠജീവിത മാതൃകൾ കാട്ടിതരുന്ന സദൃശ്യവാക്യങ്ങൾ കാട്ടിതരുന്ന ജീവിതം ആയിരിക്കണം നമ്മുടെ ലക്ഷ്യം. സൂര്യനു കീഴെ സകലും മായയാണ് ആകയാൽ പ്രബഞ്ചത്തിൻ്റെ മിഥ്യവലയം ഭേദിച്ച് സത്യം കണ്ടെത്തി ജീവിക്കാൻ നമ്മെ പ്രബോധി പ്പിക്കുന്ന സഭാപ്രസംഗി തരുന്ന ജീവിത ലക്ഷ്യം നാം ആഗ്രഹിക്കണം. ആത്മാവിനെ നഷ്ടമാക്കികൊണ്ട് സർവ്വ ലോകവും നേടിയാലും ലക്ഷ്യത്തിൽ എത്താത്തവരുടെ പട്ടികയിലെ നാം ഇടം നേടുകയുള്ളു. നിത്യതയിൽ ഒരു പ്രതിഫലവും ലഭിക്കാത്ത കുറെ നേട്ടങ്ങളും പദവികളും ഇവിടെ നേടി ജീവിക്കുന്നതിലും ഇവിടെ അറിയപ്പെടാതെയും അവഗണിക്കപ്പെട്ടും ജീവിച്ചാലും നിത്യതയിൽ അറിയപ്പെടുന്നതാണ് ഏറെ ഭാഗ്യം. “ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്? നാശത്തിൻ പാതയോ ജീവൻ്റെ മാർഗമോ ലക്ഷ്യം നിൻ മുമ്പിലെന്ത്?”എന്ന് പാട്ടുകാരൻ ചോദിക്കുന്നു . അനന്തകാല നിത്യതയും നിലനിൽകുന്ന സ്വർഗ്ഗിയ സന്തോഷവും പ്രതിഫലങ്ങളും ലക്ഷ്യമാക്കി നമുക്ക് ഓടാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like