ലേഖനം: ബെരോവയില്‍ നിന്നുയര്‍ന്ന ആമേന്‍ | ലിനു പാലമൂട്ടിൽ, യു.കെ

ഭായോഗങ്ങളിലും ആത്മീയ കൂട്ടായ്മകളിലും ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന വാക്കുകളാണ് ഹല്ലേലുയ്യ, സ്തോത്രം, പ്രെയിസ് ദ ലോര്‍ഡ്, ആമേന്‍… തുടങ്ങിയവ. ഇതില്‍ തന്നെ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്ക് ‘ആമേന്‍’ എന്നായിരിക്കണം. വളരെ ലളിതവും ഉച്ചരിക്കുവാന്‍ പ്രയാസമില്ലാത്തതും ഒരു താളത്തില്‍ ഉപയോഗിക്കാവുന്നതും കൊണ്ടായിരിക്കാം ഈ വാക്ക് വിശ്വാസികളുടെ നാവില്‍ എപ്പോളും നൃത്തം ചെയ്യുന്നത്. അര്‍ത്ഥം അറിഞ്ഞിരുന്നെങ്കില്‍ ഈ പദം ഉപയോഗിക്കേണ്ട സാഹചര്യത്തെകുറിച്ച് നാം ബോധവാന്‍മാരാകുമായിരുന്നു.

ആമേന്‍ എന്ന മൂന്നക്ഷരം വിശുദ്ധ തിരുവെഴുത്തില്‍ നിന്നാണല്ലോ മനുഷ്യ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയത്. ഏതാണ്ട് 80ഓളം പ്രാവശ്യം ദൈവവചനത്തില്‍ ആമേന്‍ എന്ന് കാണുവാന്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ ജൂതമതത്തിലും ക്രൈസ്തവരും ഇസ്ലാമിലും ഒരേ അര്‍ത്ഥത്തില്‍ തന്നെ ഈ പദം ഉപയോഗിക്കുന്നു. ‘അങ്ങനെ തന്നെ’ , ‘ഉറപ്പായും’, ‘അങ്ങനെയാകട്ടെ’ ,’തഥാസ്തു’ ഈ അര്‍ത്ഥങ്ങളാണ് ആമേന്‍ എന്ന ഹീബ്രു വാക്കിനുള്ളത്. ഒരു വിഷയത്തെ ഉറപ്പിച്ച് പറയുവാന്‍ കർത്താവ് ഈ പദം ഉപയോഗിച്ചിരുന്നതായും നാം കാണുന്നു . ഒരു പ്രസ്താവനയെ സത്യം എന്ന് ഒപ്പിട്ട് ഉറപ്പിക്കുന്നതുപോലെയാണ് വാമൊഴിയായി “ആമേന്‍’ എന്ന് പറയുന്നതിലൂടെ ചെയ്യുന്നത്‌. അപ്പോൾ മൂന്നക്ഷരമുള്ള ഈ ചെറു പദത്തിന്റെ അര്‍ത്ഥവ്യാപ്തി എത്രത്തോളം എന്ന് ചിന്തിക്കുക.

ദൈവചനം പിന്‍പറ്റേണ്ടത്തിൻറെ ആവശ്യകതയെകുറിച്ച് ഒരു ദൈവ പൈതലിനോട് വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. ക്രിസ്തീയ വിശ്വാസങ്ങളുടെ അടിസ്ഥാനപ്രമാണം തന്നെ ദൈവവചനമാണ്വ അഥവ വചനമായ ക്രിസ്തുവാണ്. അടിസ്ഥാന ഉപദേശങ്ങളുടെയും സഭകളുടെ പ്രമാണങ്ങളുടെയും കരട് തയ്യാറാക്കപ്പെട്ടത് വിശുദ്ധ വേദപുസ്തകത്തില്‍ നിന്നാണ് എന്ന് ഉൗറ്റം കൊള്ളുന്നവരാണ് നാം. ‘സോളാ സ്ക്രിപ്ചുറ’ അതായത് ‘വചനത്തില്‍ നിന്ന് മാത്രം’ എന്ന വാക്കിനെ പ്രണയിക്കുന്നവരും അവസരത്തിലും അനവസരത്തിലും അത് വെളിപ്പെടുത്തുന്നതില്‍ അഭിമാനിക്കുന്നവരുമാണ് നാം. അത് നല്ലതു തന്നെ,ദൈവവും അതില്‍ ആമേന്‍ പറയും,പരിശുദ്ധാത്മാവ് ഉറച്ച് നില്ക്കുവാന്‍ ഉത്തേജിപ്പിക്കയും ചെയ്യും. മറ്റ് സമൂഹങ്ങളിൽ നിന്നും നമ്മുക്കുള്ള വ്യത്യാസവും ദൈവവചനത്തില്‍ അങ്ങനെ തന്നയോ എന്ന്ശ്രദ്ധിക്കുവാന്‍ നാം എടുക്കുന്ന താത്പര്യവുമാണ്. ഇതൊക്കെയാണങ്കിലും ഈ കാലഘട്ടത്തില്‍ ഒന്ന് തിരിഞ്ഞ് നോക്കേണ്ടത് ആവശ്യമായി വരുന്നുണ്ട്. ‘വചനം മാത്രം’ എന്ന ആപ്തവാക്യത്തില്‍ ഉറച്ചു നില്ക്കുന്നരാണോ അതോ കാലം ചെല്ലുന്തോറും അറിഞ്ഞോ അറിയാതെയോ വചനത്തില്‍ വെള്ളം ചേര്‍ക്കുന്നവരായി നാം മാറിയിട്ടുണ്ടോ എന്ന വിചിന്തനത്തിന് സമയമായി കഴിഞ്ഞിരിക്കുന്നു.

പ്രസംഗവും ബൈബിള്‍ക്ലാസുകളും പ്രവചനവും കേള്‍ക്കുന്ന കാര്യത്തിലുള്ള ഒരോ സാധാരണ വിശ്വാസിയുടെയും ആത്മാര്‍ത്ഥത അഭിനന്ദനീയമാണ്. എന്നാല്‍ പ്രസംഗങ്ങളിലും ക്ലാസുകളിലും പ്രബോധനങ്ങളിലും സംസാരിക്കപ്പെടുന്ന ദൈവവചനം ശരിതന്നെയോ അതോ എന്തെങ്കിലും വചന വിരുദ്ധതയുണ്ടോ എന്ന് ഗൗരവമായി ശ്രദ്ധിക്കുന്നവര്‍ എത്രപേരുണ്ടാകും? ഒരു പക്ഷെ ശതമാന കണക്ക് നോക്കിയാല്‍ ഒറ്റ സംഖ്യയായിരിക്കും ഫലം. ദൈവവചനമെന്ന പേരില്‍ ആര് എന്ത് പറഞ്ഞാലും ഒരു താളംവെച്ച് ആമേന്‍ എന്ന് പറയുന്ന ഭൂരിപക്ഷമായി നാം മാറിയോ? നമ്മില്‍ കായിക്കുന്ന ഫലം ദൈവത്തിന് പ്രയോജനമുള്ളതായി തീരേണ്ടതല്ലയോ, അങ്ങനെയെങ്കില്‍ ദൈവവചനത്തോട് കൂട്ട് ചേര്‍ക്കുന്നവരേയും അത് വികലമായി വ്യാഖ്യാനിക്കുന്നവരേയും പ്രോത്സാഹിപ്പിക്കയോ അതിന് കൂട്ട് നില്കയോ ചെയ്യന്നത് ഭൂഷണമാണമല്ല.

അപ്പോസ്തോലനായ പൗലോസ് 2 കൊരി 2:17ല്‍ പറയുന്ന മഹത്തായ ഒരു സാക്ഷ്യമുണ്ട് ”ഞങ്ങള്‍ ദൈവവചനത്തില്‍ കൂട്ടുചേര്‍ക്കുന്ന അനേകരെ പ്പോലെ അല്ല. നിര്‍മ്മലതയോടും. ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയില്‍ ക്രിസ്തുവില്‍ സംസാരിക്കുന്നു” അപ്പൊസ്തോലന്റെ വാക്കുകളില്‍ ഒന്നാം നൂറ്റാണ്ടാല്‍ തന്നെ വചനത്തെ വക്രീകരിക്കുന്ന കൂട്ടമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. പക്ഷേ അത് തിരിച്ചറിയുവാനുള്ള ആത്മീയ പക്വതയും ഉറപ്പും അവരിൽ ഉണ്ടായിരുന്നപോലെ നമ്മിലും ഉണ്ടാവണം. അതിന് ദൈവവചനം നന്നായി വായിക്കുന്നവരും ധ്യാനിക്കുന്നവരുമായി തീരണം. ഈ ലോകത്തില്‍ നേടാവുന്ന ഏറ്റവും വലിയ ഉയര്‍ച്ചയെ കുറിച്ചുള്ള പ്രവചനമായാലും അത് ദൈവവചനമെന്ന ഉരകല്ലില്‍ ഉരച്ച് മാറ്റ് നോക്കേണ്ടതുണ്ട്. വചനത്തില്‍ പൊതിഞ്ഞ എല്ലാം സത്യമെന്നരീതിയില്‍ ചിന്തിക്കുന്ന ദുര്‍ബലചിത്തരായി മാറിയാല്‍ നാം അപകടത്തിലേക്ക് എത്തും.

പുതിയനിയമത്തില്‍ സഭയുടെ നല്ല മാതൃകയായി പലപ്പോഴും ഉയര്‍ത്തിക്കാണിക്കുന്നത് വെളിപ്പാട് 3:7ല്‍ കാണുന്ന ഫിലദെല്‍ഫ്യയിലെ സഭയാണ്. നല്ലമാതൃകയാണത് എന്നതില്‍ സംശയമില്ല എന്നാല്‍ അപ്പൊ.പ്രവൃത്തി 17:10-15ല്‍ കാണുന്ന ഒരു കൂട്ടത്തെ ശ്രദ്ധിച്ച് നോക്കേണ്ടതുണ്ട്.അവര്‍ സഭയെന്ന ഒരു സംഘടിത രൂപത്തിലേക്ക് എത്തിയിട്ടില്ല എങ്കിലും സഭയെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്നു. ബെരോവയിലുള്ള ആ ചെറു സമൂഹത്തെപ്പറ്റി ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത്, അവര്‍ ദൈവ വചനം പൂര്‍ണ്ണ ഹൃദയ ജാഗ്രതയോടെ കൈകൊണ്ടവര്‍, പറയപ്പെടുന്ന ദൈവവചനം അങ്ങനെ തന്നയോ എന്ന് തിരുവെഴുത്തില്‍ ദിനംപ്രതി പരിശോധിക്കുന്നവര്‍, ഉത്തമന്മാര്‍, മാന്യര്‍, അപ്പൊസ്തോലന്മാരെ മാന്യമായി ശുശ്രൂഷിക്കുന്നവര്‍, എത്ര അനുകരിക്കാവുന്ന മാതൃക. ഈ ചെറിയ കൂട്ടത്തെ ഗ്രന്ഥകാരന്‍ ശ്രഷ്ഠമായി രേഖപ്പെടുത്തുവാനുള്ള പ്രധാന കാരണം ദൈവവചനത്തോടുള്ള അവരുടെ സമീപനമാണന്നതില്‍ സംശയമില്ല.

പൗലോസിനെയും ശീലാസിനെയും പോലുള്ള ശക്തരായ ദൈവദാസന്മാരുടെ വാക്കുകളെ പോലും അങ്ങനെ തന്നെയോ എന്ന് നോക്കുവാന്‍ ബെരോവക്കാരില്‍ വ്യാപരിച്ച ആത്മാവിന്റെ പ്രവൃത്തിയാണ് ഇന്നിന്റെ ആവശ്യം. പ്രിയ സഹോദരങ്ങളെ, കേള്‍ക്കുന്ന എല്ലാ പ്രസംഗങ്ങളും പ്രവചനങ്ങളും ആത്മീയ നിലവാരമുള്ളതും ആത്മീയരില്‍നിന്നുള്ളതല്ലതും എന്ന ബോധ്യം നമ്മിലുണ്ടാകേണ്ടതുണ്ട്. കര്‍ണ്ണരസമാകുന്ന കിഴവികഥകള്‍ക്ക് ആമേന്‍ പറയുന്ന കൂട്ടമായി നാം തരം താഴരുത്. സോഷ്യല്‍ മീഡിയകളില്‍ ചില പോസ്റ്റുകളില്‍ ആമേന്‍ എന്ന് ടൈപ്പ് ചെയ്താല്‍ യേശു ഇന്ന് അത്ഭുതം പ്രവര്‍ത്തിക്കും എന്ന് കണ്ട് ആമേന്‍ എഴുതാന്‍ പോകുന്ന പോലെയല്ല, സഭായോഗങ്ങളില്‍ ആമേന്‍ ഉയരേണ്ടത്. അത് ബെരോവയില്‍ നിന്നുയര്‍ന്ന അര്‍ത്ഥത്തില്‍ തന്നെ ആയിരിക്കണം. പ്രാസമൊപ്പിച്ചും നര്‍മ്മം വാരിവിതറിയും ആത്മാവിന്റെ പ്രവര്‍ത്തനമെന്ന രീതിയില്‍ ബഹളം വെക്കുമ്പോളും പറയുന്ന വാക്കുകള്‍ ദൈവവചനത്തിന് യോഗ്യമാണോ അങ്ങനെതന്നയോഎന്ന് തിരുവെഴുത്തില്‍ പരിശോധിക്കുന്ന ഉത്തമരും മാന്യരുമായി തീരണമെന്നാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. ഒരു പക്ഷേ പ്രസംഗിക്കുന്നവരും ചുറ്റുമുള്ളവരും അനാത്മീയനെന്ന് വിലയിരുത്തികൊള്ളട്ടേ, വചനം പാലിക്കുന്ന ബെരോവക്കാരെപ്പോലുള്ള ചെറുകൂട്ടത്തോട് ചേരുന്നതാണ് വൈകാരികതയെ ഇഷ്ടപ്പെടുന്ന ഭുരിപക്ഷത്തോട് ചേര്‍ന്ന് നില്കുന്നതിലും നല്ലത്, അവര്‍ സത്യ സാക്ഷി എന്ന വിശേഷണത്തിന് അര്‍ഹതനേടും, വെളിപ്പാട് 3:8 ‘നിനക്ക് അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല’. ദൈവ സന്നിധില്‍ നില്കുമ്പോള്‍ ഈ വാക്കുകള്‍ നമ്മുക്കായി ഉയരട്ടെ. ആമേന്‍.

– ലിനു പാലമൂട്ടിൽ, യു.കെ

-ADVERTISEMENT-

-ADVERTISEMENT-

You might also like