ലേഖനം: മുടിയനായ പുത്രൻ | മോന്‍സി പി. രാജു

ഒരു മനുഷ്യന് രണ്ട് മക്കൾ ഉണ്ടായിരുന്നു.അതിൽ ഇളയ മകൻ സ്വന്തഹിതപ്രകാരം ഒരു തിരെഞ്ഞെടുപ്പ് നടത്തി അപ്പന്റെ ഭവനം ഉപേക്ഷിച്ച് സ്വന്തകാര്യം നോക്കി മുമ്പോട്ട് പോകാൻ തീരുമാനിച്ചു. അപ്പന്റെ ഭവനം സന്തോഷം നിലനിന്നിരുന്ന ഭവനമായിരുന്നു. “എനിക്ക് എന്റെ വഴി, എന്റെ തീരുമാനങ്ങൾ, എന്റെ ഇഷ്ടങ്ങൾ” അതായിരുന്നു അവന്റെ തീരുമാനങ്ങളുടെ അന്തസത. ആ തീരുമാനം തികച്ചും സുബോധം ഇല്ലാതെ എടുത്ത തിരെഞ്ഞെടുപ്പ് ആയിരുന്നു. അവൻ അപ്പനോട്: “അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു“. മകൻ ഒരുപാട് വളർന്നതുകൊണ്ടാവാം ആ അപ്പൻ തിരിഞ്ഞൊന്നും പറഞ്ഞില്ല. മുതിർന്ന മക്കളോട് ഉപദേശിക്കാനും കാര്യങ്ങൾ ഗൗരവമായി പറഞ്ഞു മനസിലാക്കികൊടുക്കുവാനും മാതാപിതാക്കൾക്ക് ചിലപ്പോഴെങ്കിലും പരിമിതിയുണ്ടല്ലോ. അവൻ ആഗ്രഹിക്കുന്ന കാര്യം ഉടൻ തന്നെ, തന്നെ ലഭിക്കേണം എന്ന് ചിന്തിക്കുന്നവനാണു അവൻ. ആ അപ്പൻ മകന് തന്റെ മുതൽ പകുത്തുകൊടുത്തു. ഇന്നു കാണുന്ന സ്വത്ത് ഒക്കെ എങ്ങനെയാണ് ഉണ്ടായതെന്ന് ആ പാവം അപ്പന് മാത്രമേ അറിയുകയുള്ളു. മകന് അത് അറിയാൻ യാതൊരു താല്പര്യവും ഇല്ല. മകന്റെ മുമ്പിൽ അവകളെല്ലാം കേവലം പഴങ്കഥകൾ മാത്രം.

താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനെ തടസ്സപ്പെടുത്തുവാൻ, തന്റെ പിതാവ് അടുത്തുണ്ടാകരുതെന്ന് അവൻ ആഗ്രഹിച്ചു. ഈ മകൻ, ദൈവത്തിൽ നിന്നുമുള്ള ഒരു നിയന്ത്രണവും ആഗ്രഹിക്കാതെ, തങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്ന് താല്പര്യമുള്ളവരെ പ്രതിനിധീകരിക്കുന്നു. ദൈവത്തെ ഉപേക്ഷിക്കുന്ന ഓരോ വ്യക്തിയും ആത്മീയ കാര്യങ്ങൾ അലക്ഷ്യമായി ചെയ്യുന്നവന്റെ ഭ്രാന്തമായ ജീവിതം എന്തെന്ന് നമ്മെ പഠിപ്പിക്കുന്നു. (ഒരു പക്ഷേ അവർ ധാരാളം സമ്പാദിക്കുന്നുണ്ടാവാം) അവരുടെ ശക്തി, സമയം, ചിന്താശക്തി, കഴിവുകൾ മുതലായവയെല്ലാം ദൈവത്തിനായി ഉപയോഗിക്കുന്നതിനു പകരം, വ്യർത്ഥവും ശൂന്യവുമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. കിട്ടിയ സ്വത്തെല്ലാം തോന്നിയതുപോലെ ഉപയോഗിച്ച്, അവകൾ വിറ്റ് പണമാക്കി അവൻ അപ്പന്റെ കൺവെട്ടത്തുനിന്ന് ദൂരേക്ക് പോയി. കാര്യമെന്താണ്,? അപ്പൻ അറിയരുത് അവന്റെ ജീവിതം എങ്ങനെയെന്ന്. അപ്പനിൽ നിന്നും അപ്പൻ കാട്ടിയ മാതൃകകളിൽ നിന്നുമൊരു ഒളിച്ചോട്ടം. ആ യാത്രയിൽ ഇതുവരെ കിട്ടിയിട്ടില്ലാത്ത ഒരു ആനന്ദം അവന് ലഭിക്കുന്നു. “നീ ഞങ്ങടെ ചങ്കാണ് ” എന്നും പറഞ്ഞു കുറെ കൂട്ടുകാർ, എന്നും മുന്തിയ ഇനം ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണം, കൂടാതെ മദ്യവും ദുർന്നടപ്പും എല്ലാം ജീവിതത്തിൽ ഉണ്ട്. വീട്ടിൽ കിട്ടാത്ത സന്തോഷം താൻ ചെന്ന നാട്ടിൽ കിട്ടിയല്ലോ എന്നൊരു സന്തോഷം. എന്നാൽ ക്രമേണേ കയ്യിൽ ഉള്ള പണം ഒക്കെ തീർന്നു തുടങ്ങി. ചങ്ക് കൂട്ടുകാർ പതിയെ വിട്ടുപോകാൻ തുടങ്ങി. സ്വപ്‌നങ്ങൾ ഒക്കെ തകർന്നു എന്ന തോന്നൽ, ഭക്ഷണം കഴിക്കാൻ പണം ഇല്ല. പട്ടിണിയും പരിവട്ടവും. കണ്ടാൽ ഒരു പ്രാകൃതരൂപം. വൃത്തിയും വെടിപ്പും ഒന്നും ഇല്ല.എല്ലാം നഷ്ടപ്പെട്ടപ്പോൾ ഇപ്പോൾ അപ്പനെക്കുറിച്ചും വിട്ടുകാരെക്കുറിച്ചും ദൈവത്തെക്കുറിച്ചും ഒക്കെ ഒരു ചിന്ത വന്നു തുടങ്ങി. എങ്ങനെയെങ്കിലും ജീവിക്കാം എന്ന് കരുതി ഈ മകൻ പന്നിയെ തീറ്റുന്ന ജോലിവരെ ചെയ്യാൻ തയ്യാർ ആകുന്നു. സുബോധം നഷ്ടപ്പെട്ട മകൻ പന്നിയെത്തീറ്റുന്ന ജോലിയിൽ പ്രവേശിച്ചു. ചുരുക്കം പറഞ്ഞാൽ അപ്പന്റെ സ്വപ്‌നങ്ങളെ തകർത്ത് ആ മകൻ അവൻ തെരെഞ്ഞെടുത്ത വഴിയുടെ ഫലം അനുഭവിച്ചു തുടങ്ങി.
(വാക്യം 15) “അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരുത്തനെ ചെന്ന് ആശ്രയിച്ചു”. ദൈവാശ്രയം നഷ്ടപ്പെട്ടപ്പോൾ നിലനിൽപ്പിനായി ദേശത്തിലെ പൗരന്മാരെ ആശ്രയിക്കേണ്ട ഗതിക്കേട് ആ മകന് വന്നുഭവിച്ചു. ഇപ്പോഴും അവന്റെ ഭവനത്തിൽ ഒന്നിനും കുറവില്ല. എങ്കിലും അവന്റെ ഗതി അധോഗതി ആയി.ഇപ്പോഴുള്ള അവന്റെ ഏകാന്തതകൾ, ഇല്ലായ്മകൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് ബോധം ഉള്ളവനാക്കി മാറ്റി. അവന് സുബോധം വന്നപ്പോൾ. അവന്റെ ഉള്ളം അനുതാപത്താൽ നിറഞ്ഞു. അവൻ നഷ്ടപ്പെട്ടതിനെയോർത്തു അലമുറയിട്ട് കരഞ്ഞു. പുതിയ തീരുമാനം എടുത്ത് മാനസാന്തരം ഉള്ളവനായി അപ്പന്റെ ഭവനത്തിലേക്ക് അവൻ മടങ്ങിവന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like