ലേഖനം: ഉണർവാനന്തര ഭയങ്ങൾ! | സെനോ ബെൻ സണ്ണി

ഫെബ്രുവരി 8, 2023 മുതൽ കെന്റക്കിയിലെ ആസ്ബറി യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച ഉണർവ് ക്രൈസ്തവലോകത്തെ മുഴുവനും ആഹ്ലാദത്തിലും അതിലേറെ സന്തോഷത്തിലും ആക്കിയിരിക്കുന്നു എന്ന് തന്നെ പറയാം. എല്ലാ ഉണർവും ജനത്തിന്റെ ജീവിതത്തിലും സമൂഹത്തിന്റെ ഗതിയിലും വളരെ ഏറെ സ്വാധീനവും മാറ്റവും വരുത്തിയതായി ചരിത്രത്തിന്റെ ഏടുകളിൽ നിന്നും നമുക്ക് കാണുവാൻ കഴിയുന്നുണ്ട്. വൈകാരികതയും ദുരുപദേശങ്ങളും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിലും ദൈവം തന്റെ ജനത്തെ സ്നേഹിക്കുന്നുവെന്നും ദൈവം തന്റെ ജനത്തെ ഉണർത്തുമെന്നും ദൈവത്തിനു വേണ്ടി നിൽക്കുന്ന ഒരു ശേഷിപ്പ് ഇപ്പോഴും ഉണ്ടെന്നും നമുക്ക് വ്യക്തമായി. ആസ്ബറി യൂണിവേഴ്സിറ്റിയിൽ നടന്ന ഉണർവ് യോഗങ്ങളിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പല നവീന ഉപദേശകരെയും അവരുടെ സംഘങ്ങളെയും (ന്യൂ അപ്പോസ്തോലിക്ക് മൂവ്‌മെന്റ്, NAR) അവിടുത്തെ വിദ്യാർത്ഥികൾ തടഞ്ഞു എന്നതും പ്രശംസനീയമാണ്. ഇത് അവസാനിച്ചു എന്ന് നാം കരുതേണ്ട, സാത്താൻ തന്റെ തന്ത്രങ്ങൾ വീണ്ടും സഭയ്ക്ക് നേരെയും വിശുദ്ധിക്ക് നേരെയും ഉപയോഗിക്കാൻ സാധ്യത ഉള്ളതിനാൽ നാം ജാഗരൂകരായി മുന്നേറാം!

ആസ്ബറി യൂണിവേഴ്സിറ്റിയിലെ ഉണർവിന്റെ വീഡിയോകളും വാർത്തകളും ഞാൻ കണ്ടപ്പോൾ അല്പമല്ലാത്ത ചില സന്ദേഹങ്ങളും ഭയങ്ങളും ഉളവായി.

1. അവിടെ ചെല്ലുന്ന പല ആളുകളും ആ ഉണർവ് യോഗത്തിൽ സമർപ്പിക്കുവാനോ, പ്രാർത്ഥിക്കുവാനോ തയ്യാറാകാതെ അവിടെ നടക്കുന്നത് എന്താണെന്ന് പുറംലോകത്തെ അറിയിക്കുവാനുള്ള വ്യഗ്രതയിലാണ്. അവർ അവരുടെ സാമൂഹിക മാധ്യമത്തിന്റെ വളർച്ചയ്ക്കുള്ള ഒരു പോസ്റ്റ് ആയി മാത്രമാണ് ഈ വലിയ ഉണർവിനെ കാണുന്നതെന്ന് സംശയിച്ചു പോയി. പലരും സ്വയകേന്ദ്രീകൃതമായ രീതിയിൽ സംസാരിക്കുന്നതും ശ്രദ്ധേയമാണ്. മാധ്യമ ശ്രദ്ധ ആവശ്യമാണ്, എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തന്നെത്താൻ ദൈവകരത്തിൽ ഏല്പിച്ചു ഉണർവിനായി ഒരുങ്ങുന്നതല്ലേ പ്രധാനം?

2. സ്വയകേന്ദ്രീകൃതമായി ചിന്തിക്കുന്നവർ ആസ്ബറി ഉണർവിൽ ഞാനും പങ്കാളിയായി എന്ന് മറ്റുള്ളവരുടെ മുൻപിൽ പൊങ്ങച്ചം പറയുവാനും, അതിലൂടെ തനിക്കു എന്തോ പ്രേത്യേകം ‘ദൈവീക അഭിഷേകം’ ലഭിച്ചു എന്നും പറഞ്ഞു സത്യവചനത്തെ കോട്ടികളയുവാൻ ആളുകൾ എഴുന്നേൽക്കും. അവർ തങ്ങളെ തന്നെ ആസ്ബറി ഉണർവിന്റെ ‘തീനാളങ്ങൾ’ എന്ന് വേണമെങ്കിൽ പോലും നാമധേയം ധരിച്ചു നാളെ കൺവെൻഷൻ പോസ്റ്ററുകളിലോ സാമൂഹ്യമാധ്യമങ്ങളിലോ വെളിപ്പെടാം! ഇവർ ‘ദൈവത്താൽ അയക്കപ്പെട്ടവർ’ ആയതിനാൽ എല്ലാവരുടെയും വിമർശനങ്ങൾക്കു മേലെ തങ്ങളെ തന്നെ വെക്കുകയും, ഈ അന്ത്യകാലത്തിനായി തങ്ങളെ പ്രേത്യേകം ‘അഭിഷേകം’ ചെയ്യപ്പെട്ടവരാണെന്നു സ്വയം മുദ്രകുത്തുകയും ചെയ്യാം!

3. സമൂഹത്തിലും സഭയിലും ആസ്ബറി ഉണർവിൽ പങ്കെടുത്തവർ എന്ന നാമദേയം വഹിക്കുവാൻ അനേകർ അവിടേക്കു പോകുന്നു.

4. അധികം വൈകാതെതന്നെ സഭയിൽ 24 മണിക്കൂറോ അതിൽ അധികമോ നീളുന്ന ‘ആരാധനാ യോഗങ്ങൾ’ സൃഷ്ട്ടിച്ചു ആസ്ബറി ഉണർവിന്റെ പകർച്ച ഞങ്ങളുടെ സഭയിലും വ്യാപാരിച്ചു എന്ന് പറഞ്ഞു അനേകർ എഴുന്നേൽക്കും. വൈകാരികതയും ദുരുപദേശങ്ങളും നിറഞ്ഞ ഈ യോഗങ്ങൾ ജനം വിവേചിച്ചു അറിയേണ്ടത് വളരെ ആവശ്യം. ഉണർവുകൾ നടക്കും, പക്ഷെ അതിനെ മനുഷ്യ പ്രയത്നത്താൽ സൃഷ്ഠിക്കുവാൻ ശ്രമിക്കരുത്.

5. ഇന്ന് പാപം എന്ന് പറഞ്ഞു മാറ്റിനിർത്തുന്ന പലതിനെയും ‘ദൈവീക അരുളപ്പാടു’ ഉണ്ടായി എന്ന് വ്യാജവാക്കുകൾ പറഞ്ഞു ജനത്തെ അംഗീകരിപ്പിക്കുന്ന കപടഉപദേശകന്മാർ എഴുന്നേൽക്കും. ഇത് സഭയെ ലോകവുമായി അനുരൂപരാകുവാൻ പ്രേരിപ്പിക്കും. ആർജവവും വിവേചനവരമുള്ളവരാകാം നമുക്ക്.

6. നിലനിൽക്കുന്ന ആത്മഫലം ചിലപ്പോൾ പലരിലും കാണുവാൻ കഴിയില്ല. ഇത് തികച്ചു വ്യക്തിഗതം ആണെങ്കിലും നാം ശ്രദ്ധിക്കേണ്ട ഘടകമാണ്. സകലസത്യത്തിലും നമ്മെ വഴിനടത്തുന്ന ആത്മാവിനാൽ നിറഞ്ഞവരായി നമുക്ക് മുന്നേറാം! ഏത് ആത്മാവിനെയും അംഗീകരിക്കാതെ വിവേകത്തോടെയും നാം നിൽക്കുക.

7. ജനങ്ങൾ കാലക്രമേണ ഉണർവ് നടന്ന ഈ സ്ഥലത്തെ ഒരു തീർത്ഥാടന കേന്ദ്രംപോലെ മാറ്റിയേക്കാം. അവിടെ വ്യാപരിച്ച ‘ആത്മാവിന്റെ’ പങ്കു പ്രാപിക്കുവാൻ 7 ദിവസത്തെ യാത്ര എന്ന് ഒരു പരസ്യം കണ്ടാൽ ഞെട്ടേണ്ട. (ചില നാളുകൾക്കു മുൻപേ വില്യം കേറിയുടെ ഭവനത്തിൽ ഒരുവൻ ചെന്നതും അവിടെ ‘വ്യാപരിക്കുന്ന’ ആത്മാവിനെ പ്രാപിക്കുവാൻ ആഹ്വാനം നൽകുന്ന ഒരു വ്യക്തിയെയും നാം കണ്ടതാണ്).

ദൈവം ഉണർവിനെ അയക്കും, നാം അതിനായി താഴ്മയോടെയും അനുതാപത്തോടെയും ദൈവസന്നിധിയിൽ ആയിരിക്കേണ്ടത് അത്യാവശ്യം. ഞാൻ ഉദ്ധരിച്ച ഭയങ്ങൾ സമീപഭാവിയിൽ നാം അഭിമുഖീകരിക്കേണ്ടി വന്നേക്കാം, ജാഗരൂകരാകാം, ദൈവത്തിലേക്ക് നമുക്ക് തിരിയാം, പാപങ്ങളെ ഏറ്റുപറഞ്ഞു അനുതാപത്തോടെ ഉണർവ് നമ്മിൽ നിന്നും ആരംഭിക്കണമേ എന്ന പ്രാർത്ഥനയിൽ വിശുദ്ധിയോടെ മുന്നേറുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

മാറാനാഥാ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.