കഥ: ഉണർവ് | സുബേദാർ സണ്ണി കെ. ജോൺ, രാജസ്ഥാൻ

“ഇനിയും നീ ജീവിച്ചിരുന്നാൽ അത്, “മാത്യൂസിന്റെ നെഞ്ചത്ത് തോക്ക്ചൂണ്ടി ഞാൻ പറഞ്ഞു. മാത്യൂസ് വിയർത്തു വിളറിയിരുന്നു! ഒരു വാക്ക് പോലും ഉരിയാടാനാകാതെ അയാൾ ഞെട്ടിത്തരിച്ചിരുന്നു.

“എന്തിനാ… എന്തിനാ എന്നെ കൊല്ലുന്നേ…?”

“പൗലോസിന്റെ അപ്പന് കപ്പൽശാല ഉണ്ടായിരുന്നില്ലെന്നും മൂന്ന് ബിരുദാനന്തര ബിരുദമൊന്നും പൗലോസിനില്ലായിരുന്നെന്നും അങ്ങനെ പ്രസംഗിക്കുന്നവനെ സൂക്ഷിക്കണമെന്നും താൻ എനിക്കെതിരെ ലേഖനം എഴുതില്ലേ?”

“പറ…യാം… ഒരൽപം വെള്ളം…”

അയാളുടെ മേശപ്പുറത്ത് വച്ചിരുന്ന ജഗ്ഗിൽ നിന്നും ഞാൻ വെള്ളം താഴേക്ക് ഒഴുക്കി. കൈക്കുമ്പിൾ പാലമാക്കി അയാൾ അതു മുഴുവനും ഏറ്റുവാങ്ങി കുടിച്ചു.

“ഇനി പറ; എന്തിനാ അങ്ങനെ എഴുതിയത്? പ്രസംഗം ഒന്നു കൊഴുപ്പിക്കാൻ ഞാനങ്ങനെയൊക്കെ പറഞ്ഞെന്നുവച്ച് അതിനെതിരെ എന്തിന്…?”

“ചരിത്രത്തിലും ബൈബിളിലും, “മാത്യൂസ് പറഞ്ഞു, “എവിടെയും അങ്ങനെയൊരു തെളിവ് ഇല്ല എന്ന് അറിവുള്ളതുകൊണ്ട്”

“ ഒരു ചരിത്രോം ബൈബിളും! പാരമ്പര്യമായി നമ്മൾ വിശ്വസിച്ചു വരുന്നത് പൗലോസിന്റെ അപ്പൻ റോമാ പൗരത്വം വാങ്ങിയത്, കപ്പൽ വ്യവസായം ഉണ്ടായതു കൊണ്ടാണന്നല്ലേ?”

“കപ്പൽ വ്യവസായം തന്നെയാണെന്ന് എങ്ങനെ…? ”

“ബുദ്ധി വേണം! പ്രസിദ്ധമായ ഗമാലിയന്റെ യൂണിവേഴ്സിറ്റിയിൽ പൗലോസിനെ പഠിപ്പിക്കണമെങ്കിൽ അപ്പന് ആസ്തി ഉണ്ടാകാതെ പറ്റ്വോ? മാത്രവുമല്ല; ഞാൻ പാനീയയാഗമായി ഒഴിക്കപ്പെടാൻ പോകുന്നു, എനിക്ക് ലാഭമായതൊക്കെയും ക്രിസ്തു നിമിത്തം ചേതമെന്നെണ്ണുന്നു എന്നൊക്കെ പലോസ് പറഞ്ഞത് എന്തുദ്ദേശിച്ചാ? ഇനി ഒന്നോ രണ്ടോ കപ്പൽ മുങ്ങി പോയാലും ഞാൻ കുലുങ്ങത്തില്ല. കാശുണ്ടാക്കാൻ വേറെ പണിയും എനിക്കറിയാമെന്നല്ലേ അതിൻറെ അർത്ഥം…!?”

ആ വിഷയത്തിൽ മാത്യൂസിന് അത്ര അറിവില്ലാത്തതു കൊണ്ടായിരിക്കണം, അയാൾ എന്നെ നോക്കി മിഴിച്ചിരുന്നു! പിന്നെ പതിയെ പറഞ്ഞു,

“സമ്പന്നനായിരുന്നെങ്കിലും ക്രിസ്ത്യാനി ആയശേഷം ദരിദ്രനായി സ്വന്ത കൈകൊണ്ട് കൂടാരപ്പണി ചെയ്താ പൗലോസ് ജീവിച്ചത്”

“ഈ വൃത്തികെട്ട ചിന്താഗതി മാറിയാലേ ക്രിസ്ത്യാനികൾ ഗുണം പിടിക്കൂ. കഴിക്കാനും കുടിക്കാനും ഇല്ലാതെ ദാരിദ്ര്യം പറയുന്ന കഥകൾ കേൾക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് ! വചനപരിജ്ഞാനം ഇല്ലാത്തതു കൊണ്ടാ അത്! നമ്മുടെ കർത്താവായ യേശുക്രിസ്തു ദാരിദ്ര്യം അനുഭവിച്ചത്, അവൻറെ ദാരിദ്ര്യത്താൽ നമ്മളെ സമ്പന്നരാക്കാൻ വേണ്ടിയിട്ടായിരുന്നു!! സമ്പത്ത് കർത്താവ് തരുന്നതാ. ഞാനത് മനസ്സിലാക്കിയതു കൊണ്ടാ എനിക്കിന്ന് എല്ലാമൊള്ളത്. പാസ്റ്റർ എന്ന് പറഞ്ഞ് വെറുതെ ഇരിക്കാൻ എന്നെ കിട്ടത്തില്ല. മാസം ഒരഞ്ച് സ്ഥലക്കച്ചവടം മാത്രം ചെയ്താൽ മതീല്ലോടോ കാശൊണ്ടാക്കാൻ? ”

മാത്യൂസിന്റെ കണ്ണുകൾ ചെറുതായി.

“പിന്നെ കൂടാരപ്പണി എന്നു പറഞ്ഞപ്പോൾ വഴിയരികെ ഇരുന്ന്, കീറിയ ബാഗ് തയ്ച്ചു കൊടുക്കുന്നവനാണ് പൌലോസ് എന്ന് കരുതിയോ? എടോ, അയാൾ വലിയ കോൺട്രാക്ടർ ആയിരുന്നിരിക്കും! കൂടാരശില ഉണ്ടാക്കിയിരുന്നത് വിലയേറിയതും പ്രശസ്തവുമായ കീലിക്യം കൊണ്ടാണെന്ന് താൻ തന്നെയല്ലേ , എഴുതിയത്. അങ്ങനെയാകുമ്പോൾ റോമാ പട്ടാളത്തിന് വേണ്ട മുഴുവൻ ടെന്റുകളും സപ്ലൈ ചെയ്ത് കോടിക്കണക്കിന് ലാഭം ഉണ്ടാക്കിയിട്ടില്ലെന്ന് ആര് കണ്ടു? അതുകൊണ്ടല്ലേ മൂന്ന് യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്നു ബിരുദാനന്തര ബിരുദം പൗലോസ് വാങ്ങിക്കൂട്ടിയത്?!!. ”

മാത്യുസ് ചെവി പൊത്തി !

“ദൈവദോഷം പറയരുത്! കാശുകൊടുത്ത് ബിരുദം വാങ്ങാനോ ! ?”

“വാങ്ങ്വോന്നോ? കൊള്ളാം! എടോ ഈ ഞാൻ തന്നെ ‘റവ’ വാങ്ങിയത് രൂഭാ രണ്ട് ലക്ഷത്തി ചില്വാനം കൊടുത്തിട്ടാ! അതും ഊരും പേരുമില്ലാത്ത ഒരൊറ്റ മുറി ഓഫീസിൽ നിന്ന്. അപ്പം പൗലോസ്…”

ഞാൻ പറഞ്ഞു തീരും മുൻപ് ആരോ വാതിലിൽ മുട്ടി. ആരായിരിക്കും മാത്യൂസിനെ തേടി പാതിരാത്രിക്ക് ?

“ആരാടോ വന്നേക്കുന്നെ?”

“തോക്ക് മാറ്റാമെങ്കിൽ ഞാൻ ചെന്ന് നോക്കാം”

അത് മനസ്സിൽ ഇരിക്കട്ടെ എന്ന് പറഞ്ഞ് ഞാൻ പോയി വാതിൽ തുറന്നു. പുറത്തു നിൽക്കുന്ന രൂപത്തെകണ്ട് ഞാൻ ഞെട്ടിപ്പോയി!! തോക്ക് താഴെ വീണു! ഞാൻ അലറിക്കരഞ്ഞ് ബോധരഹിതനായി നിലത്ത് വീണു! ബോധംവീണപ്പോൾ മാത്യൂസിന്റെ മടിയിൽ തല വച്ച് കിടക്കുകയായിരുന്നു.

അപ്പച്ചന്റെ മടിയാണ്! അപ്പച്ചന്റെ മടിയിലെ പറഞ്ഞറിയിക്കാനാകാത്ത സുരക്ഷിതത്തിൽ പൂർണ നഗ്നനായി കിടന്നുകൊണ്ട് ഞാൻ പറഞ്ഞു,

“അപ്പച്ചാ പൗലോസ് തലയില്ലാതെ മോന്റെ മുന്നി വന്നുനിന്നു. എനിച്ച് പേടിയായി പോയി! ഞീം വരുവോ?”

മാത്യൂസ് എനിക്ക് വെള്ളക്കാച്ചട്ടയും ഉടുപ്പുമിട്ട് നഗ്നത മറച്ചുതന്നുകൊണ്ട് പറഞ്ഞു,

“ബൈബിൾ നിത്യം വായിക്കണം. പഠിക്കണം. ജീവിതത്തിൽ പ്രാബല്യത്തിൽ വരുത്തണം. തലയില്ലാത്ത പൗലോസായി നീ കണ്ടത് അൽപജ്ഞാനമാണ്. ‘”

“അപ്പച്ചാ അതിനു എനിച്ചു വായിക്കാനരിയത്തില്ല ! വശോമില്ല !! പിന്നെ എനിച്ച് കണ്ണും കാണത്തില്ലല്ലോ…!!!”

അപ്പച്ചൻ എനിക്ക് സുറുമയിട്ടു തരികയാണ്. ഞാൻ കണ്ണൂതുറന്ന് വിടർത്തി വച്ചു കൊടുത്തു. കാഴ്ച പ്രാപിക്കുകയാണ്!

ഞാൻ അപ്പച്ചൻറെ കൈത്തണ്ടയിലേക്ക് നോക്കി. അവിടെ രക്തപങ്കിലമായ ഒരാണിപഴുത് !!.

“അയ്യോ എൻറെ അപ്പച്ചന്റെ കയ്യിൽ എങ്ങനെയാ ഈ ആണിപ്പഴുത് ? വേണ്ട വേണ്ട . ഇത് തൂത്ത് കള!“

ഒരു വെള്ളിടി വെട്ടി. ഇടിമിന്നലിന്റെ ഗർജനശബ്ദം;

“മകനെ എന്നെ കുറിച്ചുള്ള പരിജ്ഞാനത്തിൽ നിറയാൻ ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ തരാൻ പ്രാർത്ഥിക്ക്! ”

ഉയർന്നുപൊങ്ങുന്ന തീജ്വാലയിൽ മാത്യുസ്; അല്ലാ, എന്റെ കർത്താവ് ആകാശത്തേക്ക് കയറിപ്പോയി !!

 

അതുവരെ സ്വപ്നം കാണുകയായിരുന്നു ഞാൻ ചാടി എഴുന്നേറ്റു !

തൻറെ ഭക്തന്മാർക്ക് വിരുദ്ധമായി പറയുന്ന, ചെയ്യുന്ന, ചിന്തിക്കുന്ന ഓരോന്നും യേശുവിനു വിരോധമായിട്ടാണെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു!

ഞാൻ നഷ്ടപ്പെടാതിരിക്കാൻ, എന്റെ പാപവും ബലഹീനതകളും രാത്രി ഉറക്കത്തിൽ കൂടി വെളിപ്പെടുത്തിത്തരുന്ന ദൈവത്തിൻറെ പരിശുദ്ധ്യത്മാവ്, ഇതാ ഞാനിരിക്കുന്നിടത്തുണ്ട്! ഞാനുപേക്ഷിക്കപ്പെട്ടിട്ടില്ല. എന്നെത്തേടി വന്നിരിക്കയാണ്.

എനിക്ക് രൂപാന്തരം പ്രാപിക്കണം! എന്റെ മുഖം മൂടി വലിച്ചു കീറി ദൂരെയെറിയണം. പരിശുദ്ധാത്മാവിന്റെ നിറവില്ലാതെ മറ്റുള്ളവരുടെ മുമ്പിൽ ഞാനിതുവരെ അഭിനയിക്കുകയായിരുന്നു! ഇനി ആത്മാനുഭവം വേണം. ലോകമെങ്ങും പടർന്നു പിടിക്കുന്ന ഉണർവ്വ് എനിക്കും വേണം. ഇനിയൊരുപക്ഷേ എനിക്ക് അവസരം ലഭിച്ചു എന്നിരിക്കയില്ല.

മാറണം. ഇന്നുതന്നെ മാറണം.

വിശ്വസ്തനായ ഒരു ദൈവപൈതലാകണം.

പാപ ബോധത്തിൽ നീറിപ്പുകഞ്ഞ്, എന്തൊക്കെയോ പ്രാപിക്കാനുള്ള ഗഹനമായ വാഞ്ജയോടെ ഞാൻ മുട്ടുകുത്തി.

‘എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം…”

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.