കവിത: പ്രകൃതി ദുരന്തങ്ങൾ | രാജൻ പെണ്ണുക്കര

നാളെയെക്കുറിച്ചൊരു ചിന്തയുമില്ല
വെട്ടിത്തെളിച്ചു മലകളൊത്തിരി

മൊട്ടകുന്നായി മാറിയല്ലോ പലതും
പൊട്ടിച്ചെടുത്തു പാറകൾ മുറ്റും

വിറ്റു കാശാക്കി കീശയും നിറച്ചു.

പണിതുയർത്തി മണിമന്ദിരങ്ങളേവം..
അയൽക്കാരേയും വേണ്ടാതെയായി
സ്വാർത്ഥരാം മനുഷ്യനുള്ളിലായൊതുങ്ങി
മിണ്ടുവാനോട്ടും സമയമേയില്ല
ശണ്ഠകൂടുവാനോ കാരണമൊത്തിരി ..

കുശലപ്രശനം ചെയ്തതും മറന്നു
കണ്ടാലോ പേരിനു പുഞ്ചിരി മാത്രം
ഞാനെന്നഭാവം മേലെ തിളയ്ക്കുന്നു
ഉന്നതഭാവം തകർക്കുന്നു മനുഷ്യനെ
താഴ്മയിൻ പുടവ ദൂരെയെറിഞ്ഞവർ
ജീവിക്കുന്നല്ലോ സകലതും മറന്ന്..

മഴയെന്നു കേട്ടാൽ കോരി-
ത്തരിച്ചിരുന്നൊരു കാലം
മഴയത്തുനനയാൻ കൊതി-
ച്ചിരുന്നൊരു ബാല്യം
ഇന്നു മഴക്കോളു കണ്ടാൽ
വിറയ്ക്കുന്നു കാലുകൾ
ഓടുവാനുള്ള ത്രാണിയുമില്ല

മഴയൊന്നു പെയ്താൽ
പോകുന്നു നിദ്രയും
പ്രഭാതം കാണുവാനാകുന്നതും ഭാഗ്യം
അതുതന്നെയാകുന്നു
മനുഷ്യന്റെ വ്യഥയും.

ടിവിയിൽ കാണുന്നു
കെടുതിയിൽ വാർത്തകൾ
ഭൂഗർഭത്തിലിന്നും നിറയുന്നുവെള്ളം
വിങ്ങിപൊട്ടി നിൽക്കുന്നതുള്ളിൽ
പൊട്ടിച്ചാടുവാൻ തക്കവും കാത്ത്
എന്നിട്ടും മനുഷ്യൻ പഠിക്കുന്നില്ല ലേശവും

മലകളിന്ന് പതിക്കുന്നാഴിയിൽ
ഒഴുകി പോകുന്നു പാവം മനുഷ്യരും
ഗൃഹങ്ങൾ പലതും കാണുവാനില്ല
എല്ലായിടവും മൺകൂമ്പാരം മാത്രം,
ദിനരാത്രങ്ങൾ തിരയുന്നു മണ്ണിൽ
എന്നിട്ടും ശേഷിക്കുന്ന കണ്ണിര് മാത്രം
കാണുന്നില്ലേ മലയോരത്തിൻ കണ്ണീർ
കേൾക്കുന്നില്ലേ അലയടിക്കും രോദനം
പിന്നേയും മനുഷ്യൻ അറിയുന്നില്ല സത്യം.

നാം തന്നെയല്ലേ കാരണഭൂതർ
എന്നു നാം അറിയും ഈ മഹാസത്യം
മൺകൂമ്പാരത്തിനടിയിൽ
മറഞ്ഞുപോയ്‌ സകലതും,
നഷ്ടങ്ങൾ എന്നും പാവങ്ങൾക്ക് തന്നേ.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.