ലേഖനം: നമുക്കും വേണമോ മഹത്വം | ജോസ് പ്രകാശ്

സ്വയമഹത്വം വെളിപ്പെടുത്താനുള്ള വ്യഗ്രത ക്രിസ്തീയ ശുശ്രൂഷകർക്കിടയിൽ വർദ്ധിച്ചു വരികയാണ്. വിളിയും നിയോഗവും വ്യക്തമായി മനസ്സിലാക്കാത്തവർ ഈ കെണിയിൽ വീണു കൊണ്ടിരിക്കുന്നു. ദൈവമഹത്വം സ്വയം എടുക്കുന്നത് കാരണം പലപ്പോഴും ദൈവപ്രവർത്തികൾക്ക് തടസ്സവും ഉണ്ടാകുന്നു. ഈ അനാത്മീക പ്രവണതയിൽ നിന്നും നമുക്കൊരു മാറ്റം അടിയന്തരമായും ആവശ്യമാണ്.

നാം സൃഷ്ടിക്കപ്പെട്ടത് ദൈവനാമ മഹത്വത്തിന് വേണ്ടിയാണ്. അതുകൊണ്ട് നമ്മുടെ ജീവിത ലക്ഷ്യവും അവിടുത്തെ മഹത്വപ്പെടുത്തുക എന്നത് മാത്രമായിരിക്കട്ടെ. ശുശ്രൂഷയിലെ അത്ഭുതങ്ങളും വിടുതലുകളും ജനത്തെ കർത്താവിങ്കലേക്ക് തിരിക്കുവാനാണ്. ശുശ്രൂഷകരിലേക്ക് ആകർഷിക്കുവാനല്ല. കാനാവിലെ കല്ല്യാണ വീട്ടിലെ കന്നി അത്ഭുതം ദൈവമഹത്വം വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു. യേശു മഹത്വം സ്വയം എടുക്കുകയല്ല, പിതാവിന് കൊടുക്കുകയാണ് ചെയ്തത്.

അപ്പൊസ്തലന്മാരും, ആദിഭക്തരും ദൈവത്തെ മാത്രമാണ് മഹത്വപ്പെടുത്തിയത്. ആദിമ സഭയുടെ ചരിത്രത്താളുകളിൽ അത് സ്പഷ്ടമായും ദൃശ്യമാണ്.
ലുദ്ദയിലെ പക്ഷവാതക്കാരൻ സൗഖ്യം പ്രാപിച്ചത് കണ്ടവരെല്ലാം കർത്താവിങ്കലേക്ക് തിരിഞ്ഞു. എന്നാൽ ലുസ്ത്രയിൽ സ്ഥിതി വിഭിന്നമായിരുന്നു. അപ്പോസ്തലന്മാരുടെ ശുശ്രൂഷയിൽ മുടന്തനായ മനുഷ്യൻ സൗഖ്യം പ്രാപിച്ചത് കണ്ട പുരുഷാരം അവരിലേക്ക് തിരിഞ്ഞു. എന്നാൽ മനുഷ്യരിലേക്ക് തിരിയാൻ (മനുഷ്യരെ ആരാധിപ്പാൻ) ശ്രമിച്ചവരെ ദൈവത്തിങ്കലേക്ക് തിരിച്ചു വിടാനും, കർത്താവിനെ മാത്രം ആരാധിക്കുവാനും അവർ പ്രേരിപ്പിച്ചു.

post watermark60x60

യഥാർത്ഥ അഭിഷിക്തർ ജനത്തെ തങ്ങളിലേക്ക് ആകർഷിക്കുന്നവരല്ല പ്രത്യുത അവരെ കർത്താവിങ്കലേക്ക് തിരിക്കുന്നവരാണ്. സ്വയം ഉയരാതെ കർത്താവിനെ ഉയർത്തുന്നതാകട്ടെ നമ്മുടെ ലക്ഷ്യം. നാം പ്രകാശിക്കുന്നത് നമ്മെ പ്രദർശിപ്പിക്കാനാകരുത്. ഏത് മനുഷ്യനെയും പ്രകാശപൂരിതമാക്കുന്ന സത്യ പ്രകാശത്തിലേക്ക് മറ്റുള്ളവരെ നയിക്കുന്നതിനാകണം. നമ്മുടെ ശ്രേഷ്ഠത മറ്റുള്ളവരെ കാണിക്കേണ്ട, സമൂഹം നമ്മിലൂടെ ശ്രേഷ്ഠനായ യേശുവിനെ കാണട്ടെ. പ്രസംഗകരെ പരിചയപ്പെടുത്തി സമയം നഷ്ടമാക്കാതെ ലോക രക്ഷകനെ മഹത്വപ്പെടുത്താം. യോഗ്യതകൾ വെളിപ്പെടുത്താതെ യോഗ്യനായവനെ ഉയർത്താം.

അത്ഭുതങ്ങൾ വാതോരാതെ പറയുമ്പോഴല്ല പ്രത്യുത അത്ഭുതങ്ങൾ ചെയ്യുന്ന യേശുവിനെ പരിചയപ്പെടുത്തുമ്പോഴാണ് ദൈവമഹത്വം വെളിപ്പെടുന്നത്. അവിടുത്തെ പ്രസക്തി വർദ്ധിച്ചും നമ്മുടെ പ്രസിദ്ധി കുറഞ്ഞും വരട്ടെ. നമ്മെക്കുറിച്ചുള്ള പരസ്യം കുറയണം അവിടുത്തെ കുറിച്ചുള്ള സത്യം പരസ്യമാകണം.
ജനത്തെ നമ്മിലേക്ക് ആകർഷിക്കാതെ അത്ഭുത പ്രകാശമായ ക്രിസ്തുവിലേക്ക് തിരിച്ചുവിടുന്നതിലാകണം നമ്മുടെ സന്തോഷം. മഹത്വം എടുക്കുന്നവരാകാതെ ലോക രക്ഷകനെ മഹത്വപ്പെടുത്തുന്നവരായി നവവർഷത്തിൽ നമുക്ക് ജീവിക്കാം.

ജോസ് പ്രകാശ്

-ADVERTISEMENT-

-ADVERTISEMENT-

You might also like