ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ് ഒമ്പത്, പത്ത് ക്ലാസുകളിൽ മാത്രം

കോട്ടയം: 2022-23 വർഷം മുതൽ ഒമ്പത്, പത്ത് ക്ലാസുകളിലെ ഒ.ബി.സി വിദ്യാർഥികൾ മാത്രം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിച്ചാൽ മതി. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെ അപേക്ഷ കേന്ദ്രസർക്കാർ നിരസിച്ചു.

സ്കൂൾ തലത്തിൽ വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളാണ് അവസാനഘട്ടത്തിൽ നിരസിച്ചത്. ഇതോടെ ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ പഠനം സർക്കാർ ഉറപ്പുവരുത്തുന്നതിനാൽ സ്കോളർഷിപ് ആവശ്യമില്ലെന്ന കണ്ടെത്തലിലാണ് നടപടി.
ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികളുടെ അപേക്ഷമാത്രം പരിശോധിച്ചാൽ മതിയെന്നാണ് നോഡൽ ഓഫിസർക്ക് ലഭിച്ചിട്ടുള്ള നിർദേശം. എന്നാൽ, സ്കോളർഷിപ്പിന് കൃത്യമായി അപേക്ഷ ക്ഷണിക്കുകയും കുട്ടികൾ സർട്ടിഫിക്കറ്റുകൾ അടക്കം സംഘടിപ്പിച്ച് അപേക്ഷ നൽകുകയും ചെയ്തശേഷമാണ് ഇത്തരത്തിൽ പെട്ടെന്നുള്ള നടപടി. ഒക്ടോബർ 31വരെ ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 15വരെ അപേക്ഷ പരിശോധനക്കുള്ള സമയവും.
തുടർന്ന് സൈറ്റിൽ കയറിനോക്കിയപ്പോഴാണ് വിദ്യാർഥികളും സ്കൂൾ അധികൃതരും വിവരമറിഞ്ഞത്. പൊതുവിദ്യാഭ്യാസ വകുപ്പ് വഴി സംസ്ഥാനത്ത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന സ്കോളർഷിപ്പാണിത്. ഓൺലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെട്ട ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാത്രമാണ് അർഹതയുണ്ടായിരുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.