രാജ്യസമാചാരത്തിന്റെ 175-മത് വാർഷികാഘോഷം ഇന്ന്

മിഷണറി ഡോ. ഹെർമ്മൻ ഗുണ്ടർട്ട് 1847 ജൂണിൽ ആദ്യലക്കം രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്

മലയാളത്തിലെ പ്രഥമ വാർത്താപത്രമായ ‘രാജ്യസമാചാരം’ പ്രസിദ്ധീകരിച്ചതിന്റെ 175ആം വാർഷികാചരണം ഇന്ന് നവംബർ 26നു രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ ജൂബിലി കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടക്കും. മലയാള മാധ്യമരംഗത്ത് രാജ്യസമാചാരത്തിന്റെ സംഭാവനകൾ വിലയിരുത്തുന്നതിന് നടത്തുന്ന ഏകദിന സെമിനാർ 26ന് രാവിലെ 10 മണിക്ക് അയ്യൻകാളി ഹാളിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ ഷെവലിയാർ ഡോ.കോശി എം ജോർജ്ജ് അധ്യക്ഷത വഹിക്കും.

പ്രൊഫ. ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, അബ്‌ദുൾ ഗഫൂർ, പ്രൊഫ. വി കാർത്തികേയൻ നായർ, ഡോ. ബാബു, കെ വർഗ്ഗീസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകുന്നേരം 4ന് മുൻ എംപി പന്ന്യൻ രവീന്ദ്രന്റെ അധ്യക്ഷതയിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ബാസൽ മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജർമ്മൻ പൗരനായ ഡോ. ഹെർമ്മൻ ഗുണ്ടർട്ട് തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ 1847 ജൂൺ മാസത്തിലാണ് ആദ്യലക്കം രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്.
മലയാളത്തിൽ ഇന്ന് കാണുന്ന പല പത്രങ്ങൾക്കും വെളിച്ചം വീശിയ രാജ്യസമാചാരത്തിൽ മിഷണറിമാരുമായി ബന്ധപ്പെട്ട ലോകകാര്യങ്ങൾ, വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ, മതവുമായി ബന്ധപ്പെട്ട വാർത്തകൾ, മിഷണറി കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ, അത്ഭുതം കൂറുന്ന അനുഭവ കഥകൾ എന്നിങ്ങനെ മതസംബന്ധിയെങ്കിലും ലോക രാജ്യങ്ങളെ ആകെ പരിചയപ്പെടുത്തുന്ന വിഭവങ്ങളുമായാണ് മലയാള ഭാഷയിലെ പ്രഥമ പത്രം പുറത്തുവന്നിരുന്നത്.

post watermark60x60

ആദ്യമായി ഒരു ഭൂപടം മലയാളി പരിചയപ്പെടുന്നത് രാജ്യസമാചാരത്തിലൂടെയാണ് എന്ന പ്രത്യേകതയുമുണ്ട്. ആദ്യത്തെ ചെറുകഥ, ഫ്രഞ്ചു വിപ്ലവത്തെപ്പറ്റിയുള്ള പ്രഥമറിപ്പോർട്ട്, ജർമ്മൻ പ്രജാസംഘ പ്രവർത്തനത്തെപ്പറ്റിയുള്ള റിപ്പോർട്ട് എന്നിങ്ങനെ നിരവധി വിവരങ്ങൾ ഇതിൽ പ്രസിദ്ധീകരിച്ചിരുന്നു.

മൂന്ന് മാസങ്ങൾക്ക് ശേഷം അവിടെ നിന്ന് തന്നെ പുറത്തിറക്കിയ രണ്ടാമത്തെ പത്രമായ പശ്ചിമോദയം ഉന്നതമായ ലോകവീക്ഷണവും ശാസ്ത്രബോധവും ചരിത്രബോധവും വച്ചു പുലർത്തുകയായി ഭൂമിശാസ്ത്രം പഠിപ്പിക്കുകയും, ലോക ഭൂപടവും രാജ്യങ്ങളുമെല്ലാം പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like