ഇന്നത്തെ ചിന്ത : കൃഷ്ണമണി | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ7:1,2
മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക.
നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക.

മനുഷ്യ ശരീരത്തിൽ ഏറ്റവുമധികം ശ്രദ്ധ നൽകേണ്ട ഒന്നാണ് കണ്ണിന്റെ കൃഷ്ണമണി. കാരണം അതിനു എന്തെങ്കിലും അപകടം സംഭവിച്ചാൽ ജീവിതം തന്നെ ഇരുട്ടായേക്കാം. അതുകൊണ്ടുതന്നെ ശരീരം മുഴുവനും തന്നെ കണ്ണിനു എല്ലാവിധ സംരക്ഷണവും നൽകുന്നു. അതുകൊണ്ടല്ലേ ഒരു ചെറിയ അപകട സൂചന ഉണ്ടാകുമ്പോൾ തന്നെ കണ്ണ് താനേ അടയുന്നത്. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിലും കണ്ണ് നിരന്തരം ചിമ്മിക്കൊണ്ടിരിക്കും. കരടോ പൊടിയോ അബദ്ധത്തിൽ വീണുപോയാൽ ഉടൻ കണ്ണുനീർകൊണ്ടു കണ്ണ് കഴുകി ശുദ്ധമാക്കാനും കണ്ണ് ശ്രദ്ധിക്കാറുണ്ട്. ഇങ്ങനെ കണ്ണ് തന്നെ കൃഷ്ണമണിയെ ജാഗ്രതയോടെ സൂക്ഷിക്കുന്നതുപോലെ ജ്ഞാനോപദേശങ്ങൾ കാത്തുസൂക്ഷിക്കണമെന്ന് ശലോമോൻ പറയുന്നു. ലേവ്യപുസ്തകം 18:5 പറയുന്നു, “ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു”.യെശയ്യാ 55:3 നോക്കൂ, “നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വതനിയമം ഞാൻ നിങ്ങളോടു ചെയ്യും”.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.