ഇനി കുതിപ്പ് ഇരട്ട കുതിരകള്‍ വലിക്കുന്ന രഥത്തില്‍; എല്‍വിഎം 3 വാണിജ്യ ദൗത്യം വിജയം

KE NEWS DESK | TRIVANDUM

ശ്രീഹരിക്കോട്ട: ബഹിരാകാശ വിക്ഷേപണ വിപണിയില്‍ പുത്തന്‍ ചരിത്രമെഴുതി ഐഎസ്‌ആര്‍ഒ. എല്‍വിഎം-3 ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യം സമ്പൂർണ വിജയം. വണ്‍ വെബ്ബിന്റെ 36 ഉപഗ്രങ്ങളും കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു.

കൃത്യം 12.07ന് എല്‍വിഎം 3 അഞ്ചാം ദൗത്യത്തിന്റെ ഉത്തരവാദിത്വവുമായി കുതിപ്പ് തുടങ്ങി. ക്രയോജനിക് ഘട്ടം അടക്കം എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചു. വിക്ഷേപണം കഴിഞ്ഞ് പത്തൊന്പതര മിനുട്ട് കഴിഞ്ഞപ്പോള്‍ ആദ്യ നാല് ഉപഗ്രഹങ്ങള്‍ പേടകത്തില്‍ നിന്ന് വേര്‍പ്പെട്ടു. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നാല് ഉപഗ്രങ്ങള്‍ കൂടി ഭ്രമണപഥത്തില്‍.

34ആം മിനുട്ടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. 16 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ച ആത്മവിശ്വാസത്തില്‍ ഐഎസ്‌ആര്‍ഒ അപ്പോള്‍ തന്നെ വിജയം പ്രഖ്യാപിച്ചു. അടുത്ത 20 ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരം കിട്ടും മുൻപേ വാര്‍ത്താ സമ്മേളനം തുടങ്ങി.
വാര്‍ത്താ സമ്മേളനം തീരും മുൻപ് എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ സ്ഥാപിച്ചുവെന്ന സ്ഥിരീകരണം എത്തി. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങള്‍ക്ക് ശ്രീഹരിക്കോട്ടയില്‍ തുടക്കം കുറിച്ചുവെന്നായിരുന്നു ISRO ചെയര്‍മാന്റെ പ്രതികരണം.

ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായെന്ന് വണ്‍ വെബ്ബിന്‍റെ സ്ഥിരീകരണം പുലര്‍ച്ചെ 3.11ന് എത്തി. അങ്ങനെ അന്താരാഷ്ട്ര ബഹിരാകാശ വിപണയില്‍ ഇന്ത്യയുടെ ബാഹുബലിയുടെ രാജകീയ പ്രവേശം. ഒരിക്കലും പിഴയ്ക്കാത്ത റോക്കറ്റെന്ന ഖ്യാതിയും എല്‍വിഎം 3 നിലനിര്‍ത്തി.

പിഎസ്‌എല്‍വിക്ക് പുറമേ എല്‍വിഎം ത്രീ കൂടി സജീവമായി വിക്ഷേപണ വിപണയില്‍ കെല്‍പ്പ് തെളിയിച്ചതോടെ ഇരട്ടക്കുതിര ശക്തിയിലായിരിക്കും മുന്നോട്ടുള്ള കുതിപ്പെന്ന് ISRO ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.
വണ്‍ വെബ്ബിന്റെ അടുത്ത വാണിജ്യ വിക്ഷേപണം 2023 ജനുവരിയില്‍ നടക്കും , ഡിസംബറില്‍ എസ്‌എസ്‌എല്‍വി രണ്ടാം പരീക്ഷണത്തിനായി വിക്ഷേപണത്തറയിലെത്തും. രാജ്യം കാത്തിരിക്കുന്ന ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം 2023 ജൂലൈക്ക് മുമ്ബായി നടക്കുമെന്നും സോമനാഥ് വിക്ഷേപണ ശേഷം സ്ഥിരീകരിച്ചു. ഐഎസ്‌ആ‌‌ര്‍ഒയ്ക്ക് ഇനി തിരക്കേറിയ ദിനങ്ങളായിരിക്കുമെന്ന് വ്യക്തം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.