‘നീറുന്ന നോവായി ഒരു കാഴ്ച’

റെജി തോമസ് മാവേലിക്കര


മനുഷ്യ ജീവിതത്തിൻ്റെ വില അറിയണമെങ്കിൽ ഇടക്കൊക്കെ ഇവിടെയൊന്ന് വരണം. അതിന് കഴിയുന്നില്ലെങ്കിൽ തൊട്ടടുത്തുള്ള ക്യാൻസർ ആശുപത്രിയിലൊന്ന് പോയാലും മതിയാകും. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പ്രായാധിക്യം പേറുന്നവർ വരയുണ്ടുവിടെ. ശരീരത്തെ കാർന്നുതിന്നുന്ന അർബുദരോഗത്തിൻ്റെ പിടിയിലമർന്ന് മരണം കാത്തുകഴിയുന്നവർ. ക്രൈസ്‌തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ‘ഫീഡ് ദ ഹംഗറി’ യുടെ ഭാഗമായി ഇന്നലെയും ഞങ്ങൾ പോയിരുന്നു മുംബൈയിലെ പരേൽ എന്ന സ്ഥലത്തുള്ള ടാറ്റാ കാൻസർ സെൻ്ററിൽ. ആലംബഹീനരായും അശരണരായും കഴിയുന്ന രോഗികൾക്ക് കരുണയുടെ കൈത്താങ്ങുമായി………

ടാറ്റാ ക്യാൻസർ സെന്ററിൽ ഭക്ഷണവിതരണം നടത്താൻ ഇന്നലെയും അവസരം ഉണ്ടായി. എന്നും കാണുന്നത് പോലെ വ്യത്യസ്ത സാഹചര്യങ്ങളിലൂടെയും രോഗാവസ്ഥയിലൂടെയും കടന്നുപോകുന്ന നിരവധി മനുഷ്യരെ കണ്ടു. രോഗം തളർത്തിയ ശരീരവുമായി ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കരങ്ങൾ നീട്ടുന്നവർ, ആഹാരം കിട്ടാതെ വരുമ്പോൾ അവരുടെ മുഖത്തെ പ്രകടമാകുന്ന നിരാശ, അതൊക്കെ കാണുമ്പോൾ വലിയ ദുഃഖമാണ് മനസ്സിൽ ഉണ്ടാകുന്നത്. എന്നാൽ സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ഇന്നലെ ഞാൻ കണ്ട ഒരു കാഴ്ച എനിക്ക് മറക്കാൻ കഴിയുന്നില്ല. ഉള്ളിന്റെ ഉള്ളിൽ നീറുന്ന നോവായി അതെന്റെ കണ്ണുകളെ ബാഷ്പങ്ങളാക്കുന്നു.

ഏകദേശം 60/65 വയസ് തോന്നിപ്പിക്കുന്ന ക്യാൻസർ രോഗിയായ ഒരു പിതാവ് ആഹാരത്തിനായി വരിയിൽ നിൽക്കുന്നു. അദ്ദേഹത്തെ സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. അത് ഒരു മനുഷ്യന്റെ മുഖമാണെന്ന് ഗണിച്ചെടുക്കാൻ ഏതാനും സെക്കന്റുകൾ എനിക്ക് അധികം വേണ്ടി വന്നു. താടിയെല്ല് നീക്കം ചെയ്തത് കൊണ്ട് അദ്ദേഹത്തിന്റെ മുഖത്തിന്റെ വലതുഭാഗത്തിന്റെ രൂപം നഷ്ടപ്പെട്ട് ത്വക്ക് തൂങ്ങിക്കിടക്കുന്നു. ആഹാരം കഴിക്കുവാൻ വായുടെ പകുതി ഭാഗം ഇല്ല. അദ്ദേഹം എങ്ങനെ ആഹാരം കഴിക്കും എന്ന് എനിക്ക് മനസ്സിലായില്ല. എന്തു മാത്രം വേദനയിലൂടെയായിരിക്കും ആ പിതാവ് കടന്നുപോകുന്നത്. അദ്ദേഹത്തിനൊപ്പം ആരും ഉള്ളതായി കണ്ടില്ല. മനുഷ്യന്റെ അവസ്ഥ എത്ര പരിതാപകരമാണ്.

നമുക്ക് കഴിക്കാൻ ആഹാരവും ധരിക്കാൻ വസ്ത്രവും, വസിക്കാൻ നല്ല ഭവനവും സഞ്ചരിക്കാൻ നല്ല വാഹനവും ഒക്കെ ഉണ്ടായിരിക്കാം. എന്നാൽ ഇതൊന്നും ഇല്ലാതെ ഒരു നേരത്തെ ആഹാരത്തിനായി കേഴുന്ന ആയിരകണക്കിന് ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. അവരെയൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ച് നാം മുന്നോട്ട് പോകുതേ. അങ്ങനെ ഉള്ളവരെ കാണുമ്പോൾ അവഗണിക്കാതെ ഒരു ചെറിയ സഹായ ഹസ്തം നീട്ടുവാൻ നമുക്ക് കഴിയണം. നാളെ നമ്മുടെ അവസ്ഥ എന്താകുമെന്ന് നമുക്ക് അറിയില്ല. നമ്മോട് കണക്കു ചോദിക്കുന്ന ഒരു ദൈവം ഉണ്ടെന്ന് നാം മറന്നു പോകരുത്.

ഇത് നിങ്ങൾക്കെല്ലാവർക്കും ഒരു പ്രചോദനമാകട്ടെ!

റെജി തോമസ് മാവേലിക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.