സൺഡേ സ്കൂൾ: തലമുറയെ രൂപപ്പെടുത്തുന്ന ഇടം | സുനിൽ സഖറിയാസ്, കോട്ടയം

കുട്ടികളുടെ ബൗദ്ധിക വിജയം മാത്രം ലക്ഷ്യമിടുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതിക്ക് കൃത്യമായ ഒരു ബദലാണ് സൺഡേ സ്കൂൾ. കിരാതന്മാരായ ബുദ്ധിമാന്മാരെ സൃഷ്ടിക്കുന്ന ഇടമാണ് സർവ്വകലാശാലകൾ (universities are turning out highly skilled barbarians) എന്ന് ശിവഖേര പറഞ്ഞത് വളരെ ശരിയാണ് എന്ന് ഇന്നത്തെ വിദ്യാഭ്യാസ രീതിയെ വീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും. എന്നാൽ ആത്മീക, സാമൂഹിക, ധാർമിക, വൈകാരിക തലങ്ങളിലും ഒരു കുട്ടി നേടുന്ന അറിവാണ് അവനെ/അവളെ സമഗ്ര വളർച്ചയുള്ള ഉത്തമ വ്യക്തിയായി രൂപാന്തരപ്പെടുത്തുന്നത്.ഇങ്ങനെയുള്ള സമഗ്ര വളർച്ച (wholesome growth) കൈവരിക്കുന്നതിന് ഒരു കുട്ടിയെ വളരെ സഹായിക്കുന്ന ഒന്നാണ് സൺഡേ സ്കൂൾ. എന്നാൽ ഇന്ന് സൺഡേ സ്കൂൾ വിദ്യാഭ്യാസത്തിനു അർഹിക്കുന്ന പ്രാധാന്യവും പരിഗണനയും ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. താലന്തു പരിശോധന മത്സരാർത്ഥികളെ സൃഷ്ടിക്കുന്നതിനു പകരം ആത്മീയ കാഴ്ചപ്പാടുള്ള ഒരു തലമുറയെ ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വാർത്തെടുക്കുക എന്നതായിരിക്കണം സൺഡേ സ്കൂളിന്റെ ലക്ഷ്യം. ആത്മഭാരത്തോടും മികച്ച ഒരുക്കത്തോടും വളരെ പ്രാർത്ഥനയോടും വേണം ഈ വലിയ ശുശ്രൂഷ നിർവഹിക്കേണ്ടത്.

പരിശീലനം:

സൺഡേ സ്കൂളിലെ ഭൂരിപക്ഷം അധ്യാപകരും ആവേശത്തിന്റെയും ആത്മഭാരത്തിന്റെയും അടിസ്ഥാനത്തിലാണ് പഠിപ്പിക്കുന്നത്. നല്ല ശതമാനം അധ്യാപകർക്കും അധ്യാപനത്തിൽ വേണ്ടത്ര പരിശീലനമോ ആഴമേറിയ ദൈവശാസ്ത്ര അറിവോ ഇല്ല. അധ്യാപന ശൈലിയും വളരെ പോരായ്മകൾ ഉള്ളതാണ്. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ സൺഡേ സ്കൂൾ അധ്യാപകർക്ക് തീവ്ര പരിശീലനം നൽകേണ്ടതുണ്ട്. കാലാനുസൃതമായ സിലബസ് നവീകരണവും ആവശ്യമാണ്.

സൺഡേ സ്കൂൾ അധ്യാപകർ ശ്രദ്ധിക്കുക:

ഉത്തരവാദിത്വം:

ദൈവം നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന വലിയ ചുമതലയാണിത് എന്ന ബോധ്യം വേണം. ഉത്തരാധുനികതയുടെ കുത്തൊഴുക്കിൽപ്പെട്ട് നമ്മുടെ തലമുറ വഷളായി പോകാതിരിക്കണമെങ്കിൽ സൺഡേ സ്കൂൾ അധ്യാപകർ അരയും തലയും മുറുക്കി സജീവമായി രംഗത്തിറങ്ങണം. നവതലമുറ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്നും അവ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും സൺഡേ സ്കൂൾ അധ്യാപകർ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. എങ്കിൽ മാത്രമേ ആത്മഭാരത്തോടെ ഈ ശുശ്രൂഷ ചെയ്യുവാൻ കഴിയൂ.

ഊഷ്മള ബന്ധം:

അധ്യാപകരും കുട്ടികളും തമ്മിൽ ഇഴയടുപ്പമുള്ള ബന്ധം ഉണ്ടായിരിക്കണം. അവരുടെ വീടുകൾ സന്ദർശിക്കുകയും ഹൃദ്യമായി ഇടപെടുകയും വേണം. കുട്ടികളെയും അവരുടെ ശൈലികളെയും അടുത്തറിയണം. അവരുടെ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലണം.

ഉൾക്കാഴ്ച:

ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പഠിപ്പിക്കലുകളെക്കുറിച്ചും കൃത്യവും വ്യക്തവുമായ അറിവ് അധ്യാപകർക്കുണ്ടായിരിക്കണം. കുട്ടികളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും സുതാര്യവും ഉറപ്പുള്ളതുമായ ഉത്തരം നൽകാൻ അധ്യാപകർക്ക് കഴിയണം.

ഊർജ്ജസ്വലത:

കുട്ടികളെ പഠിപ്പിക്കുന്നത് അതീവ താല്പര്യത്തോടെ ആയിരിക്കണം.നിസംഗതയോടെയുള്ള ഇടപെടൽ അവരെ അകറ്റും. പാഠഭാഗം മുൻകൂട്ടി തയ്യാറാക്കി, അനുബന്ധ സജ്ജീകരണങ്ങളോടെ ആവേശത്തോടെ ഹൃദയത്തിൽ നിന്നും വേണം പഠിപ്പിക്കുവാൻ.
ഉത്സാഹത്തിൽ മടുപ്പില്ലാതെയും ആത്മാവിൽ എരിവുള്ളവരുമായിരിപ്പീൻ.

ഉദ്ദേശം.:

കുട്ടികളുടെ സമഗ്ര വളർച്ചയായിരിക്കണം അധ്യാപകരുടെ ലക്ഷ്യം. അവരെ ക്രിസ്തു സഹിതരും ക്രിസ്താനുകാരികളും ആക്കുക എന്ന ഉദ്ദേശ്യത്തോടെ വേണം അധ്യാപന ശുശ്രൂഷ നിർവഹിക്കുവാൻ.

മാതാപിതാക്കളോട് ഒരു ചോദ്യം:

നിങ്ങളുടെ മക്കളുടെ സ്കൂൾ/ കോളേജ് വിദ്യാഭ്യാസത്തിനു കൊടുക്കുന്ന താൽപ്പര്യവും ശ്രദ്ധയും സൺഡേ സ്കൂൾ പഠനത്തിനു നൽകുന്നുണ്ടോ?
ഇല്ലെങ്കിൽ മക്കളെ ഓർത്തു വളരെ ദുഃഖിക്കേണ്ടിവരും. അവരുടെ വേരുകൾ ക്രിസ്തുവിൽ ആഴ്ന്നിറങ്ങിയാൽ മാത്രമേ ഒരു ആത്മീയ തലമുറ ശേഷിക്കുകയുള്ളൂ എന്ന കാര്യം മറക്കരുത്. If children are not properly fed they will astray. അതുകൊണ്ട്
സഭ ഒന്നടങ്കം പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തുയെങ്കിൽ മാത്രമേ നമ്മുടെ കുട്ടികളെ പത്ഥ്യോപദേശത്തിലും ജീവിത വിശുദ്ധിയിലും വളർത്താൻ കഴിയൂ.

*കൈകോർക്കാം അണിചേരാം,
*തലമുറയുടെ സംരക്ഷകരാകാം.

*സൺഡേ സ്കൂൾ മരിച്ചാൽ
*നമ്മുടെ കുട്ടികൾ മരിക്കും
*അതുകൊണ്ട് സൺഡേ സ്കൂൾ മരിക്കാതിരിക്കട്ടെ.

സൺഡേ സ്കൂൾ വിജയിക്കട്ടെ.
ജയ് ജയ് സൺഡേ സ്കൂൾ.

സുനിൽ സഖറിയാസ്
കോട്ടയം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.