മത പരിവർത്തന നിരോധന നിയമത്തിനെതിരെ പ്രതിഷേധവുമായി കർണാടകയിലെ ക്രിസ്ത്യൻ സമൂഹം

ബം​ഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന ഓർഡിൻസിന് ​ഗവർണർ അനുമതി നൽകിയതിന് പിന്നാലെ പ്രതിഷേധമറിയിച്ച് സംസ്ഥാനത്തെ ക്രിസ്ത്യൻ സമൂഹം.

ക്രിസ്ത്യൻ ന്യൂനപക്ഷത്തെ സർക്കാർ അവ​ഗണിക്കുകയാണെന്നും ചതിക്കപ്പെട്ടതു പോലെ തോന്നുന്നെന്നും ബം​ഗ്ളൂരു ആർച്ച് ബിഷപ്പ് പീറ്റർ മസാദൊ പറഞ്ഞു.’വിദ്യാഭ്യാസം, ആരോ​ഗ്യ മേഖല, തുടങ്ങി സാമൂഹിക മേഖലകളിൽ എല്ലാ സമുദായത്തിനായി നിസ്വാർത്ഥ സേവനങ്ങൾ നടത്തുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരങ്ങൾ പരി​ഗണിക്കാത്തത് ചതിക്കപ്പെട്ടത് പോലെ തോന്നിക്കുന്നു,’ ആർച്ച് ബിഷപ്പ് പറഞ്ഞു.

ബിൽ അപ്രസ്കതവും ദുരുദ്ദേശ്യപരവുമാണെന്നും ക്രിസ്ത്യാനികളെ മറ്റ് മത ന്യൂനപക്ഷങ്ങളിൽ നിന്ന് വേർപെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാന സർക്കാരിനോട് ആവർത്തിച്ച് പറഞ്ഞതാണ്. ബിൽ ​ഗവർണറുടെ അനുമതിക്കായി അയച്ചുവെന്നറിഞ്ഞപ്പോള്‌ ഞങ്ങളുടെ പ്രതിനിധി സംഘം അദ്ദേഹത്തെ കാണുകയും സമ്മതം നൽകരുതെന്ന് അദ്ദേഹത്തോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയും ചെയ്തതാണ്. നിർഭാ​ഗ്യവശാൽ തങ്ങളുടെ അഭ്യർത്ഥന മാനിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം പ്രാബല്യത്തിൽ വരാതിരിക്കാൻ ജനാധിപത്യപരമായ വഴികൾ തേടുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മതസ്വാതന്ത്ര്യ ഓർഡിനൻസിന് കർണാടക ​ഗവർണറുടെ അനുമതി ലഭിച്ചത്. മതപരിവർത്തനം തടയലാണ് ഓർഡിനൻസിലൂടെ ലക്ഷ്യം വെക്കുന്നത്. തെറ്റിദ്ധരിപ്പിക്കൽ, ബല പ്രയോ​ഗം, വഞ്ചനാപരമായ മാർ​ഗങ്ങൾ, വിവാഹം വാ​ഗ്ദാനം, മറ്റ് സ്വാധീനങ്ങൾ തുടങ്ങിയവയിലൂടെ മതപരിവർത്തനം ചെയ്യുന്നത് ബിൽ തടയുന്നു. ജനറൽ വിഭാ​ഗത്തിലുൾപ്പെട്ട സമുദായക്കാരെ മതം മാറ്റിയാൽ 3 മുതൽ 5 വർഷം വരെ തടവും 25,000 രൂപ പിഴയും എസ് സി, എസ് ടി വിഭാ​ഗത്തിൽ നിന്നുള്ളവരെ മതം മാറ്റിയാൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ഇതിനു പിന്നാലെ കർണാടകയിൽ മലയാളി ദമ്പതികൾ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. വയനാട് മാനന്തവാടി സ്വദേശികളായ കുര്യച്ചൻ (62) എന്ന പാസ്റ്ററും അദ്ദേഹത്തിന്റെ ഭാര്യ സലേനമ്മ (57) യുമാണ് അറസ്റ്റിലായത്. നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് കേസ്. കൊടക് ജില്ലയിൽ കാപ്പിത്തോട്ട തൊഴിലാളികളെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകൾ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.നിലവിൽ മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തി ആരോപിച്ച് ഐപിസി സെക്ഷൻ 295 (A) പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. സർക്കാർ ​ഗസറ്റ് വിജ്ഞാപനം പുറപ്പെടുക്കുകയാണെങ്കിൽ ഇരുവർക്കുമെതിരെ സംസ്ഥാനത്തെ പുതിയ മതപരിവർത്ത വിരുദ്ധ നിയമ പ്രകാരം കേസെടുക്കുമെന്ന് കുട്ട പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.