എഡിറ്റോറിയൽ: മൃഗ ചികിത്സാ മേഖലക്ക് കരുത്തുപകരുക | അലക്സ്‌ പൊൻവേലിൽ

(ലോക വെറ്റിനറി ദിനം)

 

post watermark60x60

ന്ന് (May 04) ലോക വെറ്റിനറി (മൃഗ ചികിത്സാ) ദിനം. ഏപ്രിൽ മാസം അവസാനം വരുന്ന ശനിയാഴ്ചയാണ് ഈ ദിനം ആയി വേർതിരിച്ചിരിക്കുന്നത്. മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം, മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുക എന്നീ സന്ദേശം ലോക ജനതയുടെ മുമ്പിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2000 ആണ്ടുമുതൽ ഈ ദിനം ആചരിച്ചു തുടങ്ങി.
നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു ; സദൃശ്യവാക്യങ്ങൾ 12:10.
മനുഷ്യന്റെ ഉത്പത്തി മുതൽ തന്നെ ആരംഭിക്കുന്നു മൃഗങ്ങളുമായുള്ള അവന്റെ ബന്ധം. സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടത് അവയ്ക്കു പേരായി. മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവൾക്കും എല്ലാ കാട്ടുമൃഗങ്ങക്കും പേരിട്ടു. (ഉത്പത്തി 2:19,20) ഇവിടെ ആരംഭിക്കുന്നു മനുഷ്യന് മൃഗങ്ങളുമായുള്ള ബന്ധം, സകല ജീവജന്തുക്കളേയും നശിപ്പിക്കുവാൻ ദൈവം തിരുമാനിക്കുമ്പോഴും ശുദ്ധിയില്ലാത്തതിനെ ഈരണ്ടു വീതം ശേഷിപ്പിക്കുന്നതായിരുന്നു ദൈവീക പദ്ധതി (ഉത്പത്തി 7:2). യിസ്രായേൽ ചരിത്രത്തിൽ എക്കാലത്തെയും അനിഷേധ്യ നേതാവായിരുന്ന മോശ, ദാവീദ് എന്നിവരെപ്പൊലും ദൈവം തയ്യാറാക്കി ഒരുക്കിയെടുക്കുന്നത് മികച്ച ഒരു ആട്ടിടയന്മാരായതിനുശേഷം അത്രെ.
വേൾഡ് വേറ്റെറിനറി അസോസിയേഷൻ (WVA) ഈ വർഷം അഭിമാന പുരസരം മുമ്പോട്ട് വെച്ചിരിക്കുന്ന ആപ്തവാക്യം വളർത്തു മൃഗ ചികിത്സാ മേഖലക്ക് കരുത്തുപകരുക എന്നതാണ്.
ഈ മേഖല വളരെ പ്രാധാന്യമുള്ള പ്രയോജനകരമായ, മൂല്യാധിഷ്ഠിത പ്രയത്നം ആണ്, വളർത്തു മൃഗ രോഗ പരിചരണം എന്നത്, വേദനിക്കുന്ന, അതേസമയം സംസാരത്തിലൂടെ അത് പ്രകടിപ്പിക്കുവാൻ കഴിയാത്തവയേ സഹാനുഭൂതിയോടെ തിരിച്ചറിഞ്ഞ് സൗഖ്യം പകരുന്ന പുണ്യപ്രവൃത്തി കൂടിയാണ്. വെറ്റിനറി പൊതു ആരോഗ്യ മേഖലയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ഡോ: ജെയിംസ് ഹാർലാൻ സ്റ്റീൽ ആണ്.
പ്രാരംഭത്തിൽ ഓർമ്മിപ്പിച്ചതു പോലെ നീതിമാനെയും ദുഷ്ടനെയും വേർതിരിച്ച് അറിയുന്നതിൽ മൃഗങ്ങളോടുള്ള അവന്റെ പരിഗണന ഒരു അടയാളമായിരിക്കുന്നു. നീതിമാൻ തന്റെ മൃഗത്തിന്റെ അവസ്ഥയിൽ കരുതൽ ഉള്ളവനായിരിക്കും എന്നാൽ ദുഷ്ട ഹൃദയം ഉള്ളവർക്കേ മൃഗങ്ങളുടെ പ്രാണാനുഭവങ്ങളിൽ അഞ്ജനായിരിക്കുവാൻ കഴിയൂ. ബാല സിംഹങ്ങൾക്കും, സിംഹിക്കും കരയുന്ന കാക്ക കുഞ്ഞുങ്ങൾക്കും തീൻ എത്തിച്ച് കൊടുക്കുന്നത് ആര്? എന്ന് ദൈവം ഇയ്യോബിനോടു ചോദിക്കുന്നു. ക്രിസ്തു യേശു പറയുന്നത് 2 കാശിന് 5 കുരുവി വരെ സുലഭമെങ്കിലും, അതിനെയും മറക്കുന്നവനല്ല ദൈവം. ദൈവം കരുതുന്നു എന്ന് പറഞ്ഞ് നാം നിഷ്ക്രിയമായി ഇരിക്കണം എന്നല്ല ബൈബിളിന്റെ ഭാഷ്യം, മറിച്ച് നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക, നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടി വെക്കുക. കുഞ്ഞാടുകൾ ഉടുപ്പിനും, കോലാടുകൾ നിലത്തിന്റെ വിലക്കും, കോലാടുകളുടെ പാൽ ആഹാരത്തിനും, ഭവനക്കാരുടെ അഹോവൃത്തിക്കും ,ദാസിമാരുടെ ഉപജീവനത്തിനും വേണ്ടുന്നത് തരുവാൻ ഈ വളർത്തു മൃഗങ്ങൾ തന്നെ ധാരാളം. മനുഷ്യന്റെ നിലനിൽപ്പിന് മൃഗസംരക്ഷണം നമ്മുടെ ദൗത്യം ആണ്.
മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അക്കൂട്ടത്തിൽ ദൈവം മൃഗങ്ങളെയും പറവ ജാതികളെയും സൃഷ്ടിച്ചു;
അവക്ക് പേരിടുക മാത്രമല്ല സംരക്ഷിക്ക കൂടി ചെയ്യുവാനുള്ള ഉത്തരവാദിത്വം ദൈവം നമുക്ക് നൽകിയിരിക്കുന്നു.
പ്രപഞ്ചം മനുഷ്യനു മാത്രമല്ല മൃഗങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്;
മൃഗങ്ങൾക്കുമുണ്ട് ജീവിക്കുവാൻ അവകാശം; മനുഷ്യൻ മാത്രം അധിവസിക്കുന്ന ഗോളം അല്ല ഭൂമി; അവിടെ പക്ഷി മൃഗാദികളുണ്ട്, വൃക്ഷലതാദികളും, സൂക്ഷ്മജീവികളുമുണ്ട്. വസുധൈവകുടുംബകം എന്ന ഭാരതീയ സങ്കല്പം തന്നെ പ്രപഞ്ച സൃഷ്ടികളുടെ മുഴുവൻ ക്ഷേമവും നിലനിൽപ്പും കാംക്ഷിക്കുന്നതും ഉറപ്പാക്കുന്നതും ആണ്.
ആ ഒരു ബോധ്യം ഓരോ മനുഷ്യനും ഉണ്ടായിരിക്കട്ടെ.
മൃഗങ്ങള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചും അവയുടെ സംരക്ഷണത്തെക്കുറിച്ചും കൂടുതല്‍ ബോധവല്‍ക്കരണവും പഠനവും ആവശ്യമായിരിക്കുന്നു.
വേനല്‍ ചൂടില്‍ നാട് കത്തി എരിയുമ്പോള്‍ പക്ഷി മൃഗാദികള്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ അല്പം തണ്ണിർ നമ്മുടെ വീട്ടുമുറ്റങ്ങളിൽ കരുതി വെക്കുന്നതും മൃഗസംരക്ഷണത്തിന്റെ ഒരു ഭാഗമാണ്; ഇതൊക്കെ കണ്ടും കേട്ടും നമ്മുടെ വരും തലമുറകൾ പ്രകൃതിസ്നേഹികൾ ആയി മാറട്ടെ, നമുക്ക് ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറാം.

അലക്സ്‌ പൊൻവേലിൽ

-ADVERTISEMENT-

-ADVERTISEMENT-

You might also like