സമാനതകളില്ലാത്ത യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം: ഡോ. വിനിൽ പോൾ ( സാമൂഹിക ചരിത്രകാരൻ)

പുസ്തക പരിചയം l ‘പി വൈ പി എ ചരിത്രപഥങ്ങളിലൂടെ’ - ഇവാ. ഷിബിൻ ജി ശാമുവേൽ

കേരളത്തിൽ ക്രിസ്ത്യൻ മിഷനറിമാർ ചെയ്‌ത പ്രവർത്തനങ്ങളെ വിമർശന- സാമൂഹികശാസ്ത്ര സിദ്ധാന്തങ്ങളുടെ പിൻബലത്താൽ വിശദമാക്കാൻ ശ്രമിച്ച നിരവധി പണ്ഡിതർ നമുക്ക് മുൻപിലുണ്ട്. എന്നാൽ കേരളത്തിൽ ഏകദേശം ഒരു ഡസന് മുകളിൽ മിഷനറി പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിലും ലണ്ടൻ മിഷനറി, ചർച് മിഷനറി, ബാസൽ മിഷനറി എന്നീ പ്രസ്ഥാനങ്ങളുടെ സാമൂഹിക പ്രവർത്തനങ്ങളുടെ ചരിത്രം പറച്ചിലുകളാണ് മലയാളികളുടെ ബോധമണ്ഡലത്തിൽ തങ്ങിനിന്നത്. അതേകാലത്ത് കേരളത്തിലെ നിരവധി ഗ്രാമങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇതര ക്രിസ്ത്യൻ മിഷനറി പ്രസ്ഥാനങ്ങളുടെയും അവയിൽ പ്രവർത്തിച്ചിരുന്ന തദ്ദേശീയ ക്രൈസ്തവ പ്രവർത്തകരുടെയും ചരിത്രം വേണ്ടത്ര വികസിക്കപ്പെട്ടിരുന്നില്ല എന്നതാണ് നിലവിലെ ക്രിസ്ത്യൻ ചരിത്ര രചനകളിൽ കാണുന്ന ഒരു പോരായിമ. പൊതുമണ്ഢലത്തിൽ ബോധപൂർവ്വമോ അബോധപൂർവ്വമോ നടക്കപ്പെട്ട ഈ തിരസ്ക്കരണം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് പെന്തകോസ്ത് പ്രസ്ഥാനങ്ങളുടെ ചരിത്രങ്ങളിലായിരുന്നു. ഗവേഷണ ആവശ്യങ്ങൾക്കായി ചുരുക്കം ചിലർ പെന്തകോസ്ത് പ്രസ്ഥാനങ്ങളുടെ സാമൂഹിക പങ്കാളിത്തം പഠിക്കാൻ ശ്രമിച്ചതൊഴിവാക്കിയാൽ ജനപ്രിയ ചരിത്രമേഖലയിൽ വിരലിൽ എണ്ണാവുന്ന പെന്തകോസ്ത് ചരിത്ര പുസ്തകങ്ങൾ മാത്രമാണ് അച്ചടിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പംതന്നെ പെന്തകോസ്ത് വിശ്വാസികളുടെ ചരിത്ര രചനയുടെ ഇല്ലായിമയ്ക്ക് പിന്നിൽ അവരുടെ തീവ്രമായ വിശ്വാസത്തിന്റെ ഒരു തലം കൂടിയുണ്ടാകാം. എന്ത് തന്നെയായാലും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ദൃഢമായി നിൽക്കുന്ന നിശബ്ദതയെ ഭേദിക്കാൻ ശേഷിയുള്ള ഒരു ചരിത്ര പുസ്തകമാണ് പി വൈ പി എ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബിൻ ജി ശാമുവേൽ എഴുതിയ പി.വൈ. പി. എ ചരിത്രപഥങ്ങളിലൂടെ എന്ന പുസ്തകം. മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന പെന്തകോസ്ത് യുവജന സംഘടനയുടെ ചരിത്രം പറയുന്ന ആദ്യഗ്രന്ഥംകൂടിയാണ് പാസ്റ്റർ ഷിബിൻ ജി. സാമുവേൽ തയ്യാറാക്കിയിരിക്കുന്നത്. പി.വൈ. പി. എ. കേരളാ സ്റ്റേറ്റ് പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച ഈ ചരിത്ര പുസ്തകം 2022- മാർച്ച് മാസത്തിലാണ് പ്രകാശനം ചെയ്തത്. 270- പേജുകൾ ഉള്ള ഈ പുസ്തകത്തിന്റെ വില 250 രൂപയാണ്.

 

ഏതൊരു സാമൂഹിക- മത പ്രസ്ഥാനത്തിന്റെയും വാർഷിക ആഘോഷത്തിൽ ബഹുഭൂരിപക്ഷവും അവരുടെ പ്രസ്ഥാനത്തിന്റെ ഒരു സ്മരണിക തയ്യാറാക്കുകയാണ് പതിവ്. ശ്രദ്ധേയമായ ലേഖനങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ പരസ്യങ്ങളാൽ നിറഞ്ഞ സ്മരണികകൾ ഒരുപരിധിയോളം വായന സുഖം നൽകുന്നതല്ല എന്ന് പറയാതെ വയ്യ. കേരളത്തിൽ പൊതുവെ കണ്ടുവരുന്ന സ്മരണിക പ്രസിദ്ധീകരിക്കൽ പ്രവണതയെ മറികടന്നുകൊണ്ട് പെന്തകോസ്ത് യുവത്വത്തിന്റെ ചരിത്രം പുസ്തക രൂപത്തിലാണ് പാസ്റ്റർ ഷിബിൻ ജി. സാമുവേൽ തയ്യാറാക്കിയിരിക്കുന്നത്. നാൽപ്പത്തിയഞ്ച് അധ്യായങ്ങളും ഉപസംഹാരവും ഗ്രന്ഥസൂചികയും ഉൾപ്പെടുത്തിയിക്കുന്ന ഈ ചരിത്ര പുസ്തകം ഏതൊരു മലയാളിക്കും വായനാ സുഖം നൽകുന്ന ഒരു സെക്കുലർ സ്വഭാവം കൂടി ഉൾക്കൊണ്ടിട്ടുണ്ട്. ഇതിലെ ഓരോ അധ്യായങ്ങളിലൂടെ കടന്നുപോകുമ്പോൾ പെന്തകോസ്ത് യുവാക്കൾ എത്രമാത്രം തീക്ഷ്ണമായ ജീവിതമാണ് നയിച്ചിരുന്നത് എന്ന് മനസിലാക്കുവാൻ സാധിക്കും. ആഗോള പെന്തകോസ്ത് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നിന്നും തുടങ്ങി വളരെ കൃത്യതയോടെ കേരളത്തിലെ പെന്തകോസ്ത് അനുഭവങ്ങളിലേക്ക് എത്തിച്ചേരുന്നതിന് എഴുത്തുകാരന് സാധിച്ചിട്ടുണ്ട് എന്നത് പ്രശംസനീയീമാണ്. നിരവധി ചിത്രങ്ങളും അതോടൊപ്പം വിവരക്കപ്പെടുന്ന സംഭവങ്ങളുടെ ചിത്രങ്ങളും പുസ്തകത്തിൽ ഉടനീളം കാണാൻ സാധിക്കും. 1947- ൽ ആലുവാ യു.സി കോളേജിലെ ഏഴാം നമ്പർ ഹോസ്റ്റൽ മുറിക്കുള്ളിലെ നാല് ഭിത്തികൾക്കുള്ളിൽ തുടങ്ങിയ പി.വൈ.പി.എ എന്ന പ്രസ്ഥാനത്തിന്റെ ചരിത്രത്തിനെ കേരളാപൊതുസമൂഹത്തിന് മുൻപിൽ വെയ്ക്കുന്നതിന് ഷിബിൻ സാമുവേലിന് സാധിച്ചിട്ടുണ്ട്.

 

ഏറ്റവും വിദ്യാസമ്പന്നരായ യുവാക്കൾ തുടങ്ങിയ പ്രസ്ഥാനമെന്നതാണ് പി.വൈ.പി.എയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രത്യേകിച്ച് കലാലയ ജീവിതത്തിൽ തങ്ങളുടെ വിശ്വാസങ്ങളിൽ നിന്നും അകന്നുപോകുന്ന തലമുറകളെയാണ് നാം കൂടുതൽ കാണുന്നത്. എന്നാൽ ഇവിടെ ഏറ്റവും വിദ്യാസമ്പന്നരായവരുടെ കൂട്ടായിമാണ് പി.വൈ.പി.എ എന്ന പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. ഇന്ന് കേരളത്തിൽ കലാലയങ്ങളിൽ സജീവമായി നിൽക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് മുൻപേ കലാലയങ്ങളിൽ പ്രവർത്തനം നടത്തിയ പ്രസ്ഥാനമാണ് പി.വൈ.പി.എ. പെന്തകൊസ്തു സമൂഹത്തിൽ ഉന്നത വിദ്യാഭ്യാസം അവകാശപ്പെടാൻ വിരലിൽ എണ്ണാവുന്നവർ മാത്രമുള്ള ഒരു സമയംകൂടിയാണിത് എന്നത് കൂടി നാം തിരിച്ചറിയേണ്ടതാണ്. സംഘടനാ പ്രവർത്തനങ്ങളെ കുറിച്ച് യുവാക്കൾ നിർദ്ദേശങ്ങൾ നല്കാൻ ആളുകൾ ഇല്ലാതിരുന്ന ഒരു സാഹചര്യം കൂടിയായിരുന്നു അത്. പി.വൈ.പി.എ യുടെ ആദ്യകാല പ്രവർത്തകരെയെല്ലാം വിശദമായി അവതരിപ്പിക്കുകയും ആദ്യകാല യോഗങ്ങൾ കുറിച്ചുള്ള അവരുടെ ഓർമ്മകളെ വീണ്ടെടുത്ത് അവതരിപ്പിക്കാനും ഈ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം ഐ.പി.സി സഭാ സ്ഥാപകനായ കെ.ഇ. എബ്രഹാം പി.വൈ.പി.എ അംഗങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങളും ചില പ്രസംഗ കുറിപ്പുകളുമെല്ലാം ഈ പുസ്തകത്തിൽ കാണാൻ സാധിക്കുന്നു.

കാലഗണനാ ക്രമത്തിൽ ഓരോ നേതാക്കളെയും അടുക്കും ചിട്ടയോടും കൂടിയാണ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തിരുവിതാംകൂർ രാജാവിൽ നിന്നും അവാർഡ് നേടിയ പെന്തകോസ്ത് യുവാവിനെയും വിശ്വാസത്തിന്റെ പേരിൽ ഉറച്ച നിലപാടുകൾ എടുക്കുന്ന കോളേജ് അധ്യാപകരെയും തുടങ്ങി പെന്തകോസ്ത് സാക്ഷികളായ യുവാക്കളുടെ നീണ്ട ഒരു നിരതന്നെ പി.വൈ.പി.എയുടെ ചരിത്രത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. യുവജനങ്ങൾ ആരംഭിക്കുന്ന പ്രസിദ്ധീകരണങ്ങൾ, പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ തുടങ്ങി അച്ചടിമേഖലയുമായി ബന്ധപ്പെട്ട അനുഭവങ്ങളെയും അതോടൊപ്പം യുവജന ക്യാമ്പുകളുടെ ചരിത്രത്തെയും പാസ്റ്റർ ഷിബിൻ സാമുവേൽ വ്യക്തതയോടെ അവതരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് 1951-ൽ പ്രസിദ്ധീകരിച്ച പെന്തകോസ്ത് യുവജന സംഘത്തിന്റെ ആദ്യവാർഷിക പതിപ്പായ യുവജന ദീപത്തിന്റെ കവർ പേജും ഇതിൽ ഉൾെപ്പടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. യുവജന ക്യാമ്പുകളും, താലന്ത് പരിശോധനയുടെ ചരിത്രവും തുടങ്ങി യുവജനങ്ങൾക്കായി നടത്തുന്ന എല്ലാവിധ പ്രോഗ്രാമുകളുടെയും വിവരണവും ഇതിൽ നൽകിയിട്ടുണ്ട്. മലബാർ, ഇടുക്കി, ആലപ്പുഴ മേഖലയിലെ പ്രവർത്തനങ്ങളും പി.വൈ.പി.എ യുടെ ഭരണഘടനയുടെ ചരിത്രവും തുടങ്ങി 2018-ലെ പ്രളയ സമയത്തെ പ്രവർത്തനത്തെ വരെ വരച്ചു കാണിക്കുന്ന ഒരു സമഗ്ര ചരിത്ര ഗ്രന്ഥമാണ് ഷിബിൻ സാമുവേൽ ചെയ്തിരിക്കുന്നത്. കേരളത്തിനെ ആകെ ദുരിതത്തിലാക്കിയ പ്രളയങ്ങളുടെയും കൊവിടിന്റെയും ദുരിത കാലത്ത് ജനങ്ങളുടെ ഇടയിലേക്ക് മാതൃകാ പരമായി ഇറങ്ങിച്ചെല്ലുവാനും കൃത്യതയാർന്ന നിരവധി പ്രവർത്തനങ്ങൾ സമൂഹത്തിനായി ചെയ്യുവാനും സാധിച്ച പി.വൈ.പി.എ ഇതര പ്രസ്ഥാനങ്ങൾക്ക് മാതൃകയായി തീർന്നിരിക്കുകയാണ്. “ആരും നിന്റെ യൗവനം തുച്ഛീകരിക്കരുത്, വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും ആത്മാവിലും വിശ്വാസികൾക്ക് മാതൃകയായിരിക്ക” എന്ന തിരുവചനത്തോട് ചേർന്ന് നിൽക്കുന്ന കുറെയധികം വ്യകതികളെയും അനുഭവങ്ങളെയും ഈ പുസ്തകത്തിൽ വ്യാപകമായി നാം കണ്ടുമുട്ടുന്നുണ്ട്. ഈ കാരണത്താൽ പാസ്റ്റർ ഷിബിൻ സാമുവേൽ തയ്യാറാക്കിയ പി.വൈ. പി. എ ചരിത്രപഥങ്ങളിലൂടെ എന്ന ഈ ചരിത്ര പുസ്തകം തികച്ചും വേറിട്ട ഒരു അനുഭവമാണ് വായനക്കാർക്ക് നൽകുന്നത് എന്ന് നിസംശയം പറയാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.