ഭാവന: ഒരമ്മയുടെ രോദനം | ദീന ജെയിംസ് ആഗ്ര

ജീവന്റെ തുടിപ്പ് തന്റെ ഉദരത്തിൽ ഉല്പാദിതമായെന്ന അറിഞ്ഞ ആ അമ്മ മനസ്സുതുറന്ന് സന്തോഷിക്കേണ്ടതിനു പകരം മനസ്സുരുകി കരയുകയാണ് ചെയ്തത്. വീണ്ടുമൊരമ്മയാകുന്നു!!!അതവൾക്ക് വേദന നൽകുന്നതായിരുന്നു.
ആ ജീവനെ എന്നെന്നേക്കുമായി അവസാനിപ്പിക്കുവാൻ മനസ്സോടെയല്ലെങ്കിലും ആഗ്രഹിച്ചുപോയി. ഉടയതമ്പുരാൻ പൊറുക്കാത്ത പാപമാണെന്നറിഞ്ഞിട്ടും. ജനിക്കാൻ പോകുന്നത് ഒരു പെൺകുഞ്ഞു തന്നെയായിരിക്കേണമെന്ന് ദൈവത്തോട് കേണപേക്ഷിച്ചു അവൾ… എങ്കിലും വല്ലാത്തൊരു ആശങ്ക അവൾക്കുണ്ടായിരുന്നു ആൺകുഞ്ഞായിരിക്കുമോയെന്ന്. അങ്ങനെ സംഭവിച്ചാൽ? അതവൾക്ക് ഓർക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. അവളുടെയുള്ളിലെ മാതൃഹൃദയം വല്ലാതെ വിതുമ്പി. അങ്ങനെയൊന്നും സംഭവിക്കില്ല. ദൈവം നമ്മെ കൈവിടില്ല പെൺകുഞ്ഞു തന്നെയായിരിക്കും… ഭർത്താവിന്റെ ആശ്വാസവാക്കുകൾ!!!

മാസങ്ങൾ അതിവേഗം പാഞ്ഞുപോയി. ഭയപ്പെട്ടിരുന്ന ആ ദിവസം വന്നെത്തി. പ്രതീക്ഷയുടെ മേൽ കരിനിഴൽ വീഴ്ത്തികൊണ്ട് അവളൊരു ആൺകുഞ്ഞിന് ജന്മം നൽകി. അതിസുന്ദരനായൊരു ആൺകുഞ്ഞ്!!!ഏറെ സന്തോഷിക്കേണ്ട നിമിഷത്തിൽ കുഞ്ഞിനെ മാറോടണച്ചു ഏങ്ങിയേങ്ങി കരഞ്ഞു അവൾ… ഇല്ല എനിക്കവനെ നദിയിൽ എറിഞ്ഞു കളയാൻ സാധ്യമല്ല… ഭർത്താവിനോടവൾ പറഞ്ഞു. എന്തുചെയ്യാൻ രാജകല്പന അനുസരിച്ചല്ലേ പറ്റൂ. ദുഃഖം ഉള്ളിലൊതുക്കി ആ പിതാവ്. ഏതായാലും ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്‌വാൻ എനിക്കാവില്ല. എന്റെ അരുമയെ ഞാൻ ജീവനോടെ സൂക്ഷിക്കും. ആ അമ്മ ദൃഡനിശ്‌ചയമെടുത്തു.
തുടർന്നുള്ള ദിനങ്ങൾ ഭീതിയുടെയും അതിലുപരി സന്തോഷത്തിന്റെയും ആയിരുന്നു. ജീവന്മരണപോരാട്ട ദിനങ്ങൾ…. കുഞ്ഞിന്റെ ശബ്‍ദം പുറത്തു പോകാതിരിക്കാനുള്ള അശ്രാന്തപരിശ്രമം… മൂന്നുമാസങ്ങൾ അതിശീഘ്രം പിന്നിട്ടു. ഇനി വയ്യ…. അവനെ ഒളിപ്പിച്ചു വയ്ക്കാൻ കഴിയില്ല. എങ്കിലും തോറ്റു കൊടുക്കാൻ, മരണത്തിനു വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല ആ അമ്മ!!!

ഒടുവിൽ ആ തീരുമാനത്തിലെത്തി. ഒരു ഞാങ്ങണപെട്ടകം വാങ്ങി പശയും കീലും തേച്ചു ഭദ്രമാക്കി, വിങ്ങുന്ന ഹൃദയത്തോടെ വിറകൈകളോടെ കുഞ്ഞിനെ അതിൽ കിടത്തി. പതിവിലും സുന്ദരനായിരിക്കുന്നു അവനെന്നു ആ മാതൃഹൃദയത്തിനു തോന്നി. നദീതീരത്തെ ലക്ഷ്യമാക്കി അവൾ നടന്നു. ഞാങ്ങണയുടെ ഇടയിൽ ആ പെട്ടകം സുരക്ഷിതമായി വച്ചു. പെറ്റമ്മയുടെ ഹൃദയം തേങ്ങി. ഉപേക്ഷിച്ചു പോകുവാൻ മനസ്സുവന്നില്ല അവൾക്ക്… നിൽക്കാനും സാഹചര്യം അനുവദിക്കുന്നില്ല. കുഞ്ഞനിയനു എന്ത് സംഭവിക്കുന്നു എന്ന് കണ്ടറിയാൻ മകളെ നദീതീരത്താക്കി വീട്ടിലേക്കു നടന്നു. പോന്നോമനയുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല. ആ അമ്മയുടെ കണ്ണീർത്തടങ്ങൾ വറ്റാത്ത നീരുറവ സമമായി. ഇപ്പോഴത്തെ അമ്മയായിരുന്നേൽ കുറെ സെൽഫിയും കുഞ്ഞിന്റെ ഫോട്ടോയും കൂട്ടിനുണ്ടായിരുന്നേനെ
അതിനും ഭാഗ്യം ചെയ്യാത്തൊരമ്മ.
പെട്ടന്നാണ് അമ്മേ… എന്ന മകളുടെ വിളി പുറത്ത് കേട്ടത്. പൊന്നോമനയ്ക് അരുതാത്തതെന്തോ സംഭവിച്ചോ എന്നവൾ ഒരുനിമിഷം ഭയന്നു. അവിടെനിന്നും ആ അമ്മയുടെ ജീവിതം മാറി സ്വന്തം മകനെ ശമ്പളത്തിന് മുലയൂട്ടിയ അമ്മ!!!തന്റെ ശരീരത്തിന്റെ ഭാഗമാണിവനെന്നു പുറം ലോകത്തോട് വെളിപ്പെടുത്തുവാൻ കഴിയാതെ അന്യയെപ്പോലെ മകനെ വളർത്തേണ്ടി വന്നൊരാമ്മ!!!
അവിടെയും തളർന്നില്ല അവൾ. മകനെ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞതിൽ ആർത്തുസന്തോഷിച്ചു ആ അമ്മ!!!

കണ്ണുനീർ തുരുത്തിയിലാക്കി അനുഗ്രഹം നൽകുന്ന ദൈവം ആ അമ്മയുടെ കണ്ണുനീരിനെയും മാനിച്ചു. യിസ്രായേൽ ജനതയുടെ രക്ഷനായി ദൈവം അവനെ തിരഞ്ഞെടുത്തു!!!!

ദീന ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.