“ക്രൈസ്തവസഭ വർത്തമാനവും ഭാവിയും” കാലോചിതമായ പരിഷ്കാരം സഭയുടെ പ്രധാന പരിഗണനാ വിഷയം : പാസ്റ്റർ ജെയ്സ് പാണ്ടനാട്

ഒമാൻ : സമൂലമാറ്റം സഭയുടെ അടിയന്തര ആവശ്യമെന്ന് വ്യക്തമാക്കി ക്രൈസ്തവ എഴുത്തുപുരയുടെ ഓൺലൈൻ ഡിബേറ്റ്. സഭാ സംഘടനകളുടെ ഐക്യപ്പെടലും, വേദ വിദ്യാഭ്യാസത്തിന്റെ പരിഷ്കാരങ്ങളും, യുവജന വനിതാ പങ്കാളിത്തവും, പാരമ്പര്യ വാദങ്ങളും ചർച്ചയായി. രാഷ്ട്ര നിർമാണരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും ക്രൈസ്തവ സമൂഹത്തിന്റെ അസാന്നിധ്യവും, ഉപദേശ പാഠ്യ വിഷയങ്ങളിലെ ഏകീകരണവും സഭാ നേതൃത്വങ്ങളുടെ സംഘടിക്കലുകളിലൂടെ ക്രമീകരിക്കണമെന്ന ആവശ്യവുമുയർന്നു.

ക്രൈസ്തവ യുവസമൂഹത്തിനിടയിലെ വിശ്വാസ നിഷേധവും, സഭാ പരിപാലനത്തിലെ മൂല്യച്യുതികളും യുവസമൂഹം ആശങ്കകളായി ഉയർത്തി. കോവിഡും കോവിഡാനന്തര കാലവും സഭാചരിത്രത്തിലെ ആപത്സൂചനകൾ ആണെന്നും, സഭാനേതൃത്വം പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ പ്രധാന സംഘാടകരായ ചർച്ചയിൽ “ക്രൈസ്തവ സഭ വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ പാസ്റ്റർ ജെയ്‌സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. ക്രൈസ്തവ സമൂഹത്തിന്റെ ചിന്താശേഷിയെ ഉണർത്തും വിധം ഗൗരവമായ ചർച്ചയ്ക്കാണ് പാസ്റ്റർ ജെയ്സിന്റെ പ്രഭാഷണം അവസരമൊരുക്കിയത്.

പ്രഭാഷകനും എഴുത്തുകാരനുമായ ഡോക്ടർ സാബു പോൾ മോഡറേറ്ററായി പ്രവർത്തിച്ചു. യുവ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഇവാ. ഫിന്നി കാഞ്ഞങ്ങാട് യോഗാധ്യക്ഷനായിരുന്നു. ശുശ്രൂഷകൻമാർ, സഭാ പ്രതിനിധികൾ, സംഘടനാ പ്രവർത്തകർ, മാധ്യമ സുഹൃത്തുക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സൂം പ്ലാറ്റ്ഫോം ആയിരുന്നു സമ്മേളനവേദി. ഫെബ്രുവരി 21 തിങ്കൾ വൈകിട്ട് 9. 30 മുതൽ ആയിരുന്നു സമ്മേളനം.

വിഷയ അവതരണവും അനുബന്ധ ചർച്ചകളും ഏറെ സമയം നീണ്ടു. സഭയുടെ ഭാവിയും ആശങ്കകളും ചർച്ചയിൽ പങ്കെടുത്തവർ പങ്കുവെച്ചു. ഗൗരവമായ തുടർചർച്ചകൾ ആവശ്യമാണെന്നും, സഭാ നേതൃത്വങ്ങൾ ചർച്ചകൾക്ക് മുന്നിട്ടിറങ്ങണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.