ലേഖനം: തിരുവെഴുത്തുകളുടെ അതുല്ല്യത | ജോസ് പ്രകാശ്

വിശുദ്ധ വേദപുസ്തകത്തിലെ എല്ലാ തിരുവെഴുത്തുകളും അമൂല്യമാണ്. ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള എല്ലാ വചനങ്ങളും സത്യവും വിശ്വാസ യോഗ്യവുമാണ്. ജീവനും ചൈതന്യവുമുള്ള ഈ ദിവ്യ വചനങ്ങളാണ്
ദൈവമക്കളുടെ പാതയ്ക്കു പ്രകാശം നല്കി വഴികാട്ടുന്നത്. “എല്ലാ തിരുവെഴുത്തുകളും ദൈവത്താൽ നിശ്വസിക്കപ്പെട്ടതാണ്.”
വിശുദ്ധ ബൈബിളിലെ ഏറ്റവും പ്രധാനപ്പെട്ടതായ ഒരു പ്രസ്താവനയാണിത്.

ദൈവവചനത്തിന്റെ വിവരണം മൂലഭാഷയിൽ “ദൈവം നിശ്വസിച്ചത്” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. മനുഷ്യരായ എഴുത്തുകാർ അവരുടെ സ്വന്തം വീക്ഷണങ്ങളിലൂടെയും ശൈലികളിലൂടെയും വാക്കുകൾ ചുരുളുകളിലേക്ക് പകർത്തി. എന്നാൽ ഈ വിവരങ്ങളുടെ ആത്യന്തിക ഉറവിടം മാനുഷികമല്ല, ദൈവികമാണ്. വിശുദ്ധ തിരുവെഴുത്തുകൾ ദൈവത്താൽ നിശ്വസിക്കപ്പെട്ടതാണെന്ന് പറയുവാനുള്ള കാരണം, അതിന്റെ ആത്യന്തികമായ ഉത്ഭവം ദൈവത്തിൽ നിന്ന് ആയത് കൊണ്ടാണ്. അത് അവിടുത്തെ വചനമാണ്. ഈ എഴുത്തുകളുടെ ഉറവിടം ദൈവമാണ്. വിശുദ്ധ ഗ്രന്ഥ രചനയുടെ മേൽനോട്ടം അവിടുന്നാണ് നിർവഹിച്ചിരിക്കുന്നത്.

ആദിമ സഭയ്ക്ക് ഇക്കാര്യത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു. പത്രോസ് പ്രഖ്യാപിച്ചതുപോലെ, “വേദപുസ്തകത്തിലെ ഒരു പ്രവചനവും ഒരാളുടെ സ്വന്തം വ്യാഖ്യാനത്തിൽ നിന്ന് വരുന്നവയല്ല. മനുഷ്യർ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് ദൈവത്തിൽ നിന്ന് സംസാരിച്ചതത്രെ” (2 പത്രോ. 1:20,21). അതുപോലെ, ഈ ലിഖിത തിരുവെഴുത്ത് തികഞ്ഞതാണ് (സങ്കീർ 19:7). എല്ലാ തിരുവെഴുത്തുകളും പൂർണ്ണതയുള്ളതാകയാൽ, ജീവിതത്തിന്റെ പല മേഖലകൾക്കും അത് “ലാഭകരമാണ്”.

ദൈവത്തിന്റെ ലിഖിത വചനം ജീവനുള്ള ദൈവത്താൽ വീണ്ടും ജനിച്ചവർക്ക് വേണ്ടിയുള്ള നേരിട്ടുള്ള വെളിപ്പാടാണ്. തുടക്കം മുതൽ ഒടുക്കം വരെ വിശ്വസിക്കുന്നവർക്ക് അത് ലാഭകരവും പ്രയോജനപ്രദവുമാണ്. അത് സത്യം പഠിപ്പിക്കുന്നു, രക്ഷയുടെ വഴി തുറക്കുന്നു, അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു, നമ്മുടെ സങ്കടങ്ങളിൽ നമ്മെ ആശ്വസിപ്പിക്കുന്നു. നാം മാർഗ്ഗം തെറ്റുമ്പോൾ നമ്മെ തിരുത്തുന്നു, ശരിയായത് ചെയ്യാൻ നമ്മോട് നിർദ്ദേശിക്കുന്നു, നീതിയുടെ ഏറ്റവും സമഗ്രമായ പരിശീലന പുസ്തകമാണിത്.

ദൈവവചനം നമ്മുടെ വികലമായ മാനുഷിക ധാരണകളെ തിരുത്തുന്നു. അത് ധാർമ്മിക മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്നു. തെറ്റായ അനുമാനങ്ങൾ തുറന്നുകാട്ടുന്നു. പാപത്തിന്റെ കെണികളെക്കുറിച്ച് അത് നമ്മെ അറിയിക്കുകയും പാപത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ജീവിതത്തിനും ദൈവഭക്തിക്കും വേണ്ടതെല്ലാം ക്രിസ്തുവിൽ നമുക്കുണ്ടെന്ന് ഉറപ്പുനൽകുകയും ചെയ്യുന്നു. മനുഷ്യൻ്റെ ഉല്പത്തി മുതൽ ഉൽപ്രാപണം വരെ, അഥവാ അനാദി മുതൽ നിത്യത വരെയുള്ള വിവരങ്ങൾ ഇതിലുണ്ട്.

ചുരുക്കത്തിൽ, ദൈവം നിശ്വസിച്ച വചനം എല്ലാവർക്കും ഉപയോഗപ്രദമാണ്. തിരുവെഴുത്തുകളെ ചോദ്യം ചെയ്യാതെ അനുസരിക്കുകയും പ്രമാണിക്കുകയും ചെയ്യുന്നവർ നന്മ കണ്ടെത്തും. അവർ നിത്യജീവനായ് നിയമിക്കപ്പെടും, തള്ളിക്കളയുന്നവരും നാശത്തിനായി കോട്ടിക്കളയുന്നവരും നിത്യജീവന് അയോഗ്യരായിത്തീരും. നമുക്ക് ലഭ്യമായ തിരുവെഴുത്തുകൾക്കായി നന്ദി കരേറ്റാം. ജീവനുള്ളതും ശക്തവുമായ പ്രചോദിത സത്യവചനം പ്രമാണിച്ച് അവിടുന്ന് ഭരമേല്പിച്ചിട്ടുള്ള ശുശ്രൂഷ നിർവഹിക്കാം. പ്രിയരേ, ആകാശവും ഭൂമിയും മാറിയാലും മാറ്റമില്ലാത്ത ഈ സത്യവചനങ്ങൾ നമ്മെ നയിക്കട്ടെ.

ജോസ് പ്രകാശ്

-ADVERTISEMENT-

-ADVERTISEMENT-

You might also like