പ്രതിഷേധ പരിപാടികൾ അതിരുവിട്ടു; കനേഡിയൻ തലസ്ഥാനത്ത് അടിയന്തരാവസ്ഥ

KE News Desk l Ottawa, Canada

മോൺ‌ട്രിയൽ: കോവിഡ് നിയന്ത്രണങ്ങൾക്കെതിരേ കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികൾ അതിരുവിട്ടു. ഇതോടെ തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ട്രക്ക് ഡ്രൈവർമാരുടെ നേതൃത്വത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾക്കെതിരേയുള്ള പ്രതിഷേധം ആരംഭിച്ചത്.

സമരക്കാർ സിറ്റി സെന്‍റർ തടഞ്ഞതോടെയാണ് ഒട്ടാവ മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനുവരി 29ന് ആണ് പ്രതിഷേധക്കാർ ആദ്യമായി തലസ്ഥാനത്തേക്ക് എത്തിയത്. നഗരത്തിന്‍റെ തെരുവുകളിൽ വലിയ ട്രക്കുകളും മറ്റു വാഹനങ്ങളും നിരത്തിയിട്ടുകൊണ്ടായിരുന്നു പ്രതിഷേധത്തിന്‍റെ തുടക്കം.

സമരക്കാർ താത്കാലിക കുടിലുകളും ടെന്‍റുകളും നഗരത്തിൽ സ്ഥാപിച്ചു സമരം ശക്തമാക്കുകയായിരുന്നു. നഗരത്തെ സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരക്കാരുടെ അപ്രതീക്ഷിത നീക്കം അധികൃതരെ ഞെട്ടിച്ചു.

മേയർ ജിം വാട്‌സനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിലവിലെ പ്രകടനങ്ങൾ നിവാസികളുടെ സുരക്ഷയ്ക്കു ഗുരുതരമായ ഭീഷണിയാണ്. അതുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നു പ്രസ്താവന പറ‍യുന്നു. പോലീസ് ഒാഫീസർമാരേക്കാൾ കൂടുതൽ സമരക്കാർ തന്പടിച്ചിരിക്കുന്നതിനാൽ അവരെ നിയന്ത്രിക്കാനും കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുഎസ്-കനേഡിയൻ അതിർത്തി കടക്കണമെങ്കിൽ വാക്‌സിൻ എടുത്തിരിക്കണമെന്ന നിബന്ധന നിലവിൽ വന്നതോടെയാണ് ട്രക്കർമാരുടെ പ്രതിഷേധം ആരംഭിച്ചത്. വൈകാതെ കോവിഡ് -19 ആരോഗ്യ നിയന്ത്രണങ്ങൾക്കും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിനുമെതിരായ വിശാലമായ പ്രതിഷേധമായി ഇതു രൂപപ്പെട്ടു.

എയർ ഹോണുകൾ നിർത്താതെ മുഴക്കിയുള്ള ട്രക്ക് ഡ്രൈവർമാരുടെ സമരം തദ്ദേശ വാസികൾക്ക് കടുത്ത ദുരിതമാണ് സമ്മാനിച്ചിരിക്കുന്നതെന്നു പ്രദേശ വാസികൾ പറയുന്നു.
കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നാണ് ട്രക്കർമാരും അവരെ പിന്തുണയ്ക്കുന്നവരും പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ബല പ്രയോഗത്തിലൂടെയാണെങ്കിലും സമരക്കാരെ നീക്കാൻ ഒരുങ്ങുകയാണ് പോലീസ്.

-Advertisement-

You might also like
Comments
Loading...