പ്രത്യാശയുടെ തീരമണഞ്ഞ് റവ.ഡോ. പി. എസ്. ഫിലിപ്പ്

ഇവാ. ലാലു ജേക്കബ്
ഡയറക്ടർ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ദോഹ, മീഡിയ ആൻഡ് മിനിസ്ട്രി ഗില്ഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട്

ആഗോള പെന്തക്കോസ്തു സമൂഹത്തിന് അഭിമാനമായിരുന്ന, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ.പി. എസ്. ഫിലിപ്പ് ഹൃദയാഘാതം മൂലം നിത്യതയിൽ പ്രവേശിച്ചു. ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന് ഏറെ ആദരണീയനായിരുന്നു ഇദ്ദേഹം 3500 -ലധികം സഭകളുള്ള സൗത്ത് ഇന്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ് നേതൃത്വം നിലയിലും ശോഭിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്റ്റിന്റെ പുരോഗതിക്കും ആത്മീയ വളർച്ചയ്ക്കും നിർണായകമായ പങ്കുവഹിക്കുകയും, വിവിധ നേതൃത്വം സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തു. ഇന്ത്യയിലെ വിവിധ വേദപാഠശാലകളിലെ പഠനാനന്തരം 1968 -ൽ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ അധ്യാപക ശുശ്രൂഷ ആരംഭിച്ചു. നീണ്ട 42 വർഷങ്ങൾ അവിടെ അദ്ധ്യാപനം ചെയ്തു. 1986 -ൽ കോളേജിന്റെ അമരക്കാരനായി മാറിയ ഫിലിപ്പ് സാർ വളർച്ചയുടെ പ്രധാന പങ്കാളികളിൽ ഒരാളായിരുന്നു. 2009 -ൽ ബെസ്റ്റ് മിനിസ്റ്റർ സെമിനാരിയിൽ നിന്നും ഡോക്ടറേറ്റും നേടി. നൂറുകണക്കിന് ശിഷ്യഗണനങ്ങളെയും, ശുശ്രൂഷ സമൂഹങ്ങളെയും വാർത്തെടുത്ത ഇദ്ദേഹം അഞ്ചര പതിറ്റാണ്ട് നീണ്ട ആത്മീയ ശുശ്രൂഷകൾ അവസാനിപ്പിച്ച് നിത്യതയുടെ തീരമണഞ്ഞു.

ദോഹയിൽ ഉള്ള ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഫിലിപ് സാർ. ഞങ്ങൾ കുടുംബമായി ആരാധനയിൽ സംബന്ധിച്ച് വന്നിരുന്ന അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ വിവിധ യോഗങ്ങളിലും മറ്റു ശുശ്രൂഷകളിലും പലപ്രാവശ്യം സംബന്ധിച്ചിട്ടുള്ള ഫിലിപ്പ് സാർ വ്യക്തിപരമായി ഞങ്ങളോട് വളരെ അടുപ്പം സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതിലുപരി എന്റെ സഹധർമ്മിണിയും ഫിലിപ്സ് സാറിന്റെ സഹധർമ്മിണിയും പുനലൂർ എ ജി സഭയുടെ അംഗങ്ങളായിരുന്നു. ആ ഒരു ബന്ധവും ഞങ്ങൾ തമ്മിൽ ഉള്ള സ്നേഹബന്ധത്തിനു ഏറെ ആഴം നൽകി . നിശബ്ദമായ സേവനങ്ങൾ കൊണ്ടും, പ്രാർത്ഥനാ ജീവിതം കൊണ്ടും, മാന്യമായ പെരുമാറ്റവും ഒപ്പം വിശ്വസിക്കുന്ന പ്രമാണത്തിന് വേണ്ടിയും ദൈവവചനത്തിനും വേണ്ടിയുള്ള കർക്കശമായ നിലപാടുകളും അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കി. പദവികൾ ദൈവം നൽകുമ്പോൾ ഏറെ വിനീതനായി കാണപ്പെട്ട അദ്ദേഹം ആഗോള പെന്തക്കോസ്തു സമൂഹത്തിന് ഇന്നും അനുകരിക്കാൻ കഴിയുന്ന മാതൃക തന്നെയായിരുന്നു. പ്രവർത്തനങ്ങളുടെ പുരോഗതിക്ക് വേണ്ടിയുള്ള നിഷ്പക്ഷമായ അഭിപ്രായങ്ങളും പ്രാർത്ഥനകളും എന്നും അദ്ദേഹം നൽകിയിരുന്നു.
റവ. ഡോ. പി. എസ്. ഫിലിപ്പ്, പെന്തക്കോസ്തു സമൂഹത്തിന് എന്നും അഭിമാനിക്കാവുന്ന ആത്മീയ നേതാവായിരുന്നു. അദ്ദേഹം അവശേഷിപ്പിച്ച നല്ല ഓർമകളും കർമ്മങ്ങളും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിൽ മാത്രമല്ല, മറ്റിതര പെന്തക്കോസ് സമൂഹത്തിന് സ്വീകരിക്കാൻ കൊള്ളാവുന്ന ആശയങ്ങളായി മാറുമെന്നതിൽ തർക്കമില്ല. മറുകരയിൽ വീണ്ടും നാം കാണും എന്നുള്ള വലിയ പ്രത്യാശ നമ്മെ ഭരിക്കുന്നു.

ദുഃഖത്തിലും പ്രത്യാശയിലായിരിക്കുന്ന അദ്ദേഹത്തിന്റെ സഹധർമ്മിണി ലീലാമ്മ, മക്കൾ: റെയ്ച്ചൽ, സൂസൻ, സാമുവൽ, ബ്ലെസ്സി അവരുടെ കുടുംബാംഗങ്ങൾ, അസംബ്ലീസ് ഓഫ് ഗോഡ് സമൂഹം എല്ലാവരെയും പ്രത്യാശയിൽ ദൈവം നിറക്കട്ടെ.ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ദോഹ,ഗിൽഗാൽ മീഡിയ ആൻഡ് മിനിസ്ട്രി, ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ പ്രവർത്തനങ്ങളുടെ പേരിലുള്ള ദുഃഖവും ദൈവിക പ്രത്യാശയും രേഖപ്പെടുത്തുന്നു. സർവ്വ ആശ്വാസങ്ങളുടെയും ഉറവിടമായി കർത്താവ് എല്ലാവരെയും ആശ്വസിപ്പിക്കും മാറാകട്ടെ.

-Advertisement-

You might also like
Comments
Loading...