ലേഖനം: ശിശുക്കളെ സംരക്ഷിക്കുക | ജോസ് പ്രകാശ്

ന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുക. നമ്മൾ അവരെ എങ്ങനെ വളർത്തിക്കൊണ്ട് വരുമോ അതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി.” കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ പ്രസ്‌താവനയാണിത്. കുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം സ്നേഹവും, കരുതലും, സംരക്ഷണവും നൽകണമെന്ന ഓർമ്മപ്പെടുത്തലേകി ഒരു ശിശുദിനം കൂടെ വിടവാങ്ങി.

വിശുദ്ധ ബൈബിളിൽ ശിശുക്കൾക്ക് യേശു വളരെ പ്രാധാന്യം നൽകിയിരിക്കുന്നു. അവിടുന്ന് ശിശുക്കളുടെമേൽ കൈകൾ വെച്ച് അനുഗ്രഹിച്ചു. അവരെ തടയരുതെന്ന് ശിഷ്യന്മാരോട് പറയുകയും ചെയ്തു. ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ യൗവനക്കാർ. അവരാണ് കുടുംബങ്ങളുടെ അനുഗ്രഹവും, സമൂഹത്തിൻ്റെ കരുത്തും, സഭയുടെ നട്ടെല്ലും. അവരെ ദൈവകല്പനകൾ പഠിപ്പിച്ച് കണ്മണിപോലെ സംരക്ഷിക്കുവാൻ നാം നിയോഗിക്കപ്പെട്ടിരിക്കുന്നു.

തങ്ങളുടെ ജീവനൊപ്പം കുഞ്ഞുങ്ങളുടെ ജീവനേയും സംരക്ഷിച്ചവരുടെ ചരിത്രവും തിരുവെഴുത്തിലുണ്ട്. ദൈവത്തെ ബഹുമാനിച്ച് എബ്രായ കുഞ്ഞുങ്ങളെ സൂതികർമ്മിണികൾ സംരക്ഷിച്ചു. മരണത്തിന് ഏൽപ്പിക്കാതെ മോശയെ മാതാപിതാക്കൾ മറച്ചുവെച്ചു. ശിശുവായ യേശുവിനെക്കുറിച്ചുള്ള രഹസ്യം വിദ്വാന്മാർ പരസ്യമാക്കിയില്ല. യേശുവിനെ രക്ഷിക്കുന്നതിൽ മാതാപിതാക്കൾ വഹിച്ച പങ്കും സഹിച്ച ത്യാഗവും വളരെ വലുതാണ്. ഇവരെല്ലാം തങ്ങളുടെ പ്രാണനേക്കാൾ കുഞ്ഞുങ്ങളുടെ ജീവന് പ്രാധാന്യം നൽകിയവരാണ്.

മോശയുടെയും യേശുവിന്റെയും ജനനത്തിങ്കൽ ആൺകുഞ്ഞുങ്ങളെ കൊല്ലുവാൻ കൽപ്പിച്ച രാജാക്കന്മാരാണ് ഫറവോനും, ഹെരോദാവും. എക്കാലത്തെയും വാഗ്ദത്ത തലമുറകളെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഇരുളിന്റെ അധിപതികളുടെ പ്രതീകമാണിവർ. ഈ ദുഷ്ടലോകത്തിലെ ദുർശക്തികളിൽ നിന്നും തലമുറകളെ രക്ഷിക്കുവാൻ പ്രാർത്ഥനയോട് കൂടിയ സംരക്ഷണം അത്യാവശ്യമാണ്. നമ്മുടെ അസ്ത്രങ്ങൾ ശത്രുവിന്റെ കൈകളിൽ അകപ്പെടാതെ നാം സൂക്ഷിക്കണം.

തലമുറകളുടെ ശാരീരിക, മാനസിക, ആത്മീക വളർച്ചക്കായി ഏറ്റവും മെച്ചമായത് നൽകുക. നാം കുട്ടികളുടെ ഉറ്റ ചങ്ങാതിമാരായി മാറണം. വളർന്ന് വരുന്തോറും അവരിൽ എപ്പോഴും നമ്മുടെ ശ്രദ്ധ ഉണ്ടായിരിക്കേണം. ദൈവഭയമില്ലാത്ത ഈ വല്ലാത്ത കാലത്ത് അവരെ ദൈവകരങ്ങളിൽ സമർപ്പിക്കുക. കുഞ്ഞിന്റെ മരണം കാണുവാൻ വിസമ്മതിച്ച ഹാഗാറും, മകനെ ശുശ്രൂഷക്കായി സമർപ്പിച്ച ഹന്നായും നമുക്ക് മാതൃകയാകട്ടെ.

കുഞ്ഞുങ്ങൾ കളിമണ്ണ് പോലെയാണ്. ദൈവത്താൽ അവർ മെനയപ്പെടണം. അതിനായി വലിയ കുശവന്റെ ബലമുള്ള കരങ്ങളിൽ അവരെ ഏൽപ്പിക്കുക. ശാരീരിക സംരക്ഷണം, ആത്മീക പരിപോഷണം, നിരന്തരമായ പ്രാർത്ഥന ഇവ നൽകി ദൈവദാനമായ ഉദരഫലത്തെ ഉത്തരവാദിത്വത്തോടെ സംരക്ഷിക്കാം. “കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക, വൃദ്ധരായാലും അവർ അതിൽ നിന്നു വ്യതിചലിക്കുകയില്ല” (സദൃ.വാ 22:6).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.