എഡിറ്റോറിയൽ : അധികമായാൽ മഴയും | ജെ പി വെണ്ണിക്കുളം

മഴ മനുഷ്യർക്ക്‌ ഒരു അനുഗ്രഹമാണ്. എന്നാൽ അതു അധികമായാലോ? വീണ്ടും ഒരു പ്രളയകാലത്തിന്. സാക്ഷിയാവുകയാണ് നമ്മുടെ കൊച്ചു കേരളം. 2018,19 വർഷങ്ങളിൽ ഉണ്ടായ പ്രളയം ഇനിയും മറക്കാറായിട്ടില്ല. ഇതിനിടെ കൊറോണ മഹാമാരിയുടെ സംഹാരതാണ്ഡവം നാം കണ്ടുകൊണ്ടിരിക്കുന്നു.

post watermark60x60

മുൻപത്തേക്കാൾ ഏറെ കരുതൽ ആവശ്യമുളള സമയമാണ് ഇപ്പോൾ. കാരണം, മഹാമാരിക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും നിമിത്തം ഒറ്റപ്പെട്ടു പോകുന്നവരെ പുനരധിവസിപ്പിക്കുക ദുഷ്കരമാണ്. സാമൂഹ്യ അകലം പാലിച്ചു ജനങ്ങളെ പാർപ്പിക്കുക, മഴക്കാല സാംക്രമികരോഗങ്ങളിൽ നിന്നും സുരക്ഷിതരാക്കുക, ആവശ്യമുള്ള ഭക്ഷണവും മറ്റു സാധനങ്ങളും എത്തിച്ചു കൊടുക്കുക തുടങ്ങി ചെയ്യുന്ന ഓരോ പ്രവർത്തനത്തിനും അടിയന്തര പ്രാധാന്യമുണ്ട്. സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ കർശനമായും പാലിക്കുക. സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ ഷെയർ ചെയ്യുന്നവർ ശരിയായ ഉറവിടത്തിൽ നിന്നും വേരിഫൈഡ് ആയത് മാത്രം ഷെയർ ചെയ്യുക. മറ്റുള്ളവർ പരിഭ്രാന്തരാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലും ഏർപ്പെടാതിരിക്കുക. വീടുകളിൽ ഒറ്റപ്പെട്ടവരെയും സഹായം എത്താൻ ബുദ്ധിമുട്ടുന്നവരെയും സഹായിക്കുക നമ്മുടെ കടമയാണ്. വൃദ്ധർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവരുടെ കാര്യത്തിൽ പ്രത്യേകം കരുതൽ വേണം. ഓരോ പ്രളയം വരുമ്പോഴും നാം പറയുന്ന കാര്യമാണ് ‘നമ്മൾ അതിജീവിക്കും’ എന്നത്. തീർച്ചയായും, ഇതും നമ്മൾ അതിജീവിക്കും. തുടരെത്തുടരെ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നതിന്‌ പിന്നിൽ നമ്മൾ ഓരോരുത്തരുമാണ്.

അശാസ്ത്രീയമായ നിലയിൽ വികസനങ്ങൾ കൊണ്ടുവരിക പ്രധാന കാരണമാണ്. കൈതോടുകളും പുഴകളും കാണാനില്ല. വയലുകൾ ക്രമാതീതമായി നികത്തി മണ്ണിട്ടു കെട്ടിടങ്ങൾ പണിയുന്നു, മരങ്ങൾ വെട്ടി മുറിച്ചും പാറകൾ പൊട്ടിച്ചും പ്രകൃതിയുടെമേൽ പിന്നെയും പ്രഹരം ഏൽപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഓരോരോ ദുരന്തങ്ങൾ വന്നുകയറുകയാണ്. ഓരൊ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും അതിൽ നിന്ന് മനുഷ്യൻ പാഠം പഠിക്കുന്നില്ല. പരിഹാരമായി എന്തൊക്കെയോ ചെയ്തുകൂട്ടുന്നു, പിന്നെയും അതേ അവസ്ഥ. ഇതിനൊരു മാറ്റം ആവശ്യമാണ്. ആ മാറ്റം നമ്മിൽ നിന്നും ആരംഭിക്കട്ടെ. കൂട്ടായ പരിശ്രമങ്ങൾക്ക് മാത്രമേ ഇത്തരം ദുരന്തങ്ങൾക്ക് പരിഹാരമാവുകയുള്ളൂ.

Download Our Android App | iOS App

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...