ഭാവന :ദൈവം നമ്മോടു കൂടെ | ദീന ജെയിംസ് ആഗ്ര

എല്ലാം നഷ്ടപെട്ടവനായി നിരാശയുടെ ഭാണ്ഡവും പേറി പഴയ ചാരുകസേരയിൽ ദൂരേക്ക് കണ്ണും നട്ടിരിക്കുമ്പോൾ ആ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങുന്നതുപോലെ തോന്നി “ദൈവം നമ്മോടുകൂടെ “. തന്നെയേറെ സ്നേഹിച്ചിരുന്ന അപ്പന്റെ സൗമ്യമേറിയ ശബ്ദം തന്നോട് സംസാരിക്കുന്നത് പോലെ തോന്നി അവന്. ഓർമ്മകൾ അവനെ പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ടുപോയി. തന്റെ അപ്പനൊരു ഭക്തനായിരുന്നു. ലോകസുഖസൗകര്യങ്ങൾകുറവായിരുന്നെങ്കിലും ആത്മീകതയിൽ സമ്പന്നനായിരുന്നു അപ്പൻ!!!ഏത് പ്രതിസന്ധികളെയും പ്രാർത്ഥന കൊണ്ടും വചനം കൊണ്ടും അതിജീവിച്ച ധീരപോരാളിയായിരുന്നു. സന്തോഷമായാലും ദുഖമായാലും അപ്പന്റെ വായിൽ ഒരേയൊരു ശബ്‍ദമേ ഉണ്ടായിരുന്നുള്ളു “ദൈവം നമ്മോട് കൂടെ ”
അന്നൊക്കെ അപ്പന്റെ ഈ വാക്കും ആത്മീയതയുമൊക്കെ തന്റെ അഭിമാനത്തിനു ക്ഷതമേൽപ്പിക്കുന്നു എന്നായിരുന്നു കരുതിയിരുന്നത്. കൂട്ടുകാരുടെ മുന്നിൽ പ്രാർത്ഥനക്കാരന്റെ മകൻ എന്നായിരുന്നു തന്റെ വിളിപ്പേര്. അതിരാവിലെ ഉണർന്നുള്ള അപ്പന്റെ ഉച്ചത്തിലുള്ള പ്രാർത്ഥന, ദേശത്തിനും സഭയ്ക്കും ഒക്കെ വേണ്ടി… ഇന്നാണ് അതിന്റെ മൂല്യം താൻ തിരിച്ചറിയുന്നത്. അതല്ലേലും അങ്ങനെയല്ലേ… കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലല്ലോ…. അവനോർത്തു.
കോളേജ് വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു ഉന്നത ജോലി യൊക്കെ ലഭിച്ചു വിദേശത്തേക്ക് കുടിയേറിയപ്പോഴും അപ്പൻ പറഞ്ഞു :ദൈവം നമ്മോട് കൂടെ “. എല്ലാഅനുഗ്രഹത്തിന്റെയും ഉറവിടം ദൈവം ആണെന്നാണ് അപ്പൻ പഠിപ്പിച്ചിരുന്നേ.. ഇപ്പോഴാ ആ സത്യം യഥാർത്ഥമായി തിരിച്ചറിയുന്നത്. തന്റെ കഴിവ് കൊണ്ട് നേടിയെന്ന് കരുതിയിരുന്നതെല്ലാം ഇന്ന് നഷ്ടമായി. കോവിഡ് എന്ന മഹാമാരി ഭാര്യയേയും ഇളയമകളെയും തന്നിൽനിന്നടർത്തി. നീണ്ടമാസങ്ങൾ കോവിഡിന്റെ കരവലയത്തിലായിരുന്ന താനും ഇന്ന് ശരീരം കൊണ്ട് ബലഹീനനാണ്. ഉണ്ടായിരുന്ന ഉന്നതജോലിയും നഷ്ടമായി മൂത്തമകനുമായി സ്വന്തം നാട്ടിലേക്ക് മടങ്ങി വന്നപ്പോൾ സ്വന്തമെന്ന് പറയാൻ നിരാശ മാത്രം…. ഇനി മുന്നോട്ട് എങ്ങനെഎന്നറിയുന്നില്ല.

ഓർമ്മകൾ അവന്റെ ഹൃദയത്തെ വല്ലാതെ ഉലച്ചു. ഇന്ന് തന്റെ അപ്പന്നുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു… സാധ്യമല്ല എന്നറിഞ്ഞിട്ടും…..
അപ്പൻ നശ്വരലോകം വിട്ട് പ്രത്യാശ തീരമണഞ്ഞിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടു.ഓർമ്മകൾ തനിക്കൊരു ബലം തന്നപോലെ അനുഭവപെട്ടു അവന്.
ചാരുകസേരയിൽ നിന്നും എഴുന്നേറ്റ് അപ്പന്റെ മുറിയിലേക്ക് നടന്നു. അപ്പൻ നിധിപോലെ കാത്തുസൂക്ഷിചിരുന്ന വിശുദ്ധവേദപുസ്തകം കൈകളിലെടുത്തു. ജീവിതതിരക്കുകളിൽ വേദപുസ്തകം വായിക്കാനോ പ്രാർത്ഥിക്കാനോ സമയം കണ്ടെത്താൻ ശ്രമിച്ചിരുന്നില്ല താനെന്ന കുറ്റബോധം മനസ്സിനെയലട്ടി. അപ്പന്റെയാ വേദപുസ്തം നെഞ്ചോട് ചേർത്ത് പിടിച്ചു അവൻ തീരുമാനിച്ചു :എന്റെ അപ്പനെപ്പോലെ ഒരുവനാകണം എനിക്കും. ആത്മീക തയിൽ സമ്പന്നനായി…. പ്രാർത്ഥിക്കുന്നവനായി എനിക്കും മാറണം. ജീവിതത്തിൽ സംഭവിച്ചതിനെയൊക്കെ അതിജീവിക്കാനും മുന്നോട്ടുള്ള ജീവിത ത്തിൽ വിജയാളിയാകാനും ഇതുകൊണ്ട് മാത്രമേ സാധ്യമാകയുള്ളു.

ഹൃദയത്തിലെ നിരാശയും ഭാരവും മാറിയപോലെ ഒരു തോന്നൽ….വീണ്ടും അപ്പന്റെ സ്വരം മുഴങ്ങുന്നപോലെ തോന്നി “ദൈവം നമ്മോട് കൂടെ “. അതെ അവനുറച്ചു… കരങ്ങളുയർത്തി അവനും പറഞ്ഞു :ദൈവം നമ്മോടു കൂടെ…..

ജീവിതത്തിൽ നിരാശയും വേദനയും പേറി കഴിയുന്നവരോട് ഒരു വാക്ക് :നിരാശ വേണ്ട….. ദൈവം നമ്മോട്കൂടെ!!!!!!

ദീന ജെയിംസ്

-Advertisement-

You might also like
Comments
Loading...