ലേഖനം: ഒറ്റയ്ക്കാകുമ്പോൾ | സുരേഷ് ജോൺ, ചണ്ണപ്പേട്ട

രുപാട് പേർ ഉണ്ടായിട്ടും ഏകാന്തത അനുഭവിക്കുന്നവരാണോ നിങ്ങൾ ? ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്നും തനിക്ക് താങ്ങും തണലുമാകുമെന്നും വിശ്വസിച്ചവർ പെട്ടെന്ന് നിങ്ങളെ വിട്ടുപോയിട്ടുണ്ടോ? മറ്റാരെയും കാണുവാൻ കഴിയാതെ ഒരാളോടും സംസാരിക്കുവാൻ കഴിയാതെ ഏതെങ്കിലും ആശുപത്രിക്കുള്ളിലോ,മുറികളിലോ ആണോ നിങ്ങൾ? നഷ്ടബോധങ്ങളുടെ തീച്ചൂളയിൽ നാളെ എന്താകുമെന്ന് ചിന്തിച്ചു നീറിനീറിയാണോ ഓരോ നിമിഷവും നിങ്ങളുടെ ജീവിതം മുന്നോട്ടുപോകുന്നത് ?
ഒറ്റയ്ക്കാകുമ്പോൾ കൂട്ടിനുവിളിക്കേണ്ടത് ഒരിക്കൽ ഒറ്റപ്പെട്ടവരെയാണ്.. ഒറ്റപ്പെട്ടതിന്റെ  വേദന അറിഞ്ഞവരെയാണ്..ഒറ്റപ്പെട്ടിട്ടും തിരിച്ചുവന്നവരെയാണ്..
നസറായൻ വ്യത്യസ്തനാകുന്നത്   ഇവിടെയാണ്..എന്തിനെയും എപ്പോഴും നിയന്ത്രിക്കാൻ കഴിവുണ്ടായിട്ടും, ഒറ്റപ്പെടുത്തിയവരെയും ഒറ്റുകാരെയും കുറിച്ച് നേരത്തെ അറിവുണ്ടായിട്ടും ഒരു വാക്ക് കൊണ്ട് സകലത്തെയും സൃഷ്ടിച്ചവൻ എല്ലാ വേദനയും  സഹിച്ചു..പിതാവുമായുള്ള ബന്ധം കുറച്ചുനേരത്തേക്കുപോലും നഷ്ടപ്പെടുന്നത് അവിടുത്തേക്ക് സഹിക്കുവാൻ കഴിയുമായിരുന്നില്ല എന്നത് “എന്റെ പിതാവേ,നീ എന്നെ കൈവിട്ടതെന്ത്” എന്ന നിലവിളിയിൽ നമുക്ക് കാണാം.
എന്തിനായിരുന്നു ഇതൊക്കെയും? നാം ഒറ്റപ്പെട്ടുപോകുന്നത് അവിടുത്തേക്ക് ഇഷ്ടമായിരുന്നില്ല.നാം മുറിപ്പെടുന്നത് അവന് സഹിക്കുമായിരുന്നില്ല.നമ്മുടെ ഉഴൽച്ചകൾ നമ്മെ കീഴ്പ്പെടുത്തുന്നത് അവന് താല്പര്യമായിരുന്നില്ല. ദൈവികസമത്വത്തിൽ അനാദികാലം ഇരിക്കാമായിരുന്നിട്ടും നമ്മെ ഓർത്ത് അവിടുന്നത് ഉപേക്ഷിച്ചു..വിശപ്പുള്ള,ദാഹമുള്ള,കഷ്ടതയുള്ള, മരണമുള്ള മനുഷ്യജീവിതം തിരഞ്ഞെടുത്തു..പാപം ഒഴികെ എല്ലാകാര്യത്തിലും നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടു..അതുകൊണ്ടുതന്നെ നമ്മുടെ ഹൃദയത്തിലെ ചിന്തകളുടെ  ഏറ്റവും ചെറിയ അറകൾ പോലും അവന് നന്നായി കാണാം,അറിയാം.. ധൈര്യമായി നമുക്കവനെ വിളിക്കാം.ഒരു കർമ്മവും ചെയ്യാതെ, ഒരിടത്തേക്കും പോകാതെ അവൻ നമ്മുടെ അരികിൽ വരും..”സർവ്വശക്തനോട് ചോദ്യങ്ങൾ ചോദിക്കാമോ “എന്ന് നിങ്ങൾ ചിന്തിക്കരുത്..വേറെയാരും നിങ്ങളെ കാണുന്നില്ലെങ്കിൽ,കേൾക്കുന്നില്ലെങ്കിൽ,നിങ്ങളുടെ അവസ്‌ഥ അറിയുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവല്ലാതെ നിങ്ങൾക്ക് ആരുണ്ട്?എല്ലാ ചോദ്യങ്ങളും നിങ്ങൾക്ക് അവന്റെ മുൻപിൽ ഇറക്കി വയ്ക്കാം.. ഒരു സഹോദരനെപ്പോലെ,കൂട്ടുകാരനെപ്പോലെ അവൻ നിങ്ങൾക്കായി ചെവിയോർക്കും.നിങ്ങൾ പോകേണ്ടുന്ന വഴി നിങ്ങൾക്ക് കാണിച്ചു തരും..തനിയെ നടക്കുവാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ തോളിലെടുക്കും..ലോകത്തിലെ വിലപിടിപ്പുള്ള ഒന്നിനെക്കൊണ്ടും കഴിയാത്ത ദിവ്യസമാധാനം കൊണ്ട് നിറയ്ക്കും.മുന്നിലുള്ള കാറ്റും കോളും ചിലപ്പോൾ  അടങ്ങിയില്ലെങ്കിലും അതിനു മുകളിലൂടെ നിങ്ങൾ നടക്കും.. ഒടുവിൽ..വ്യത്യസ്തനായ നിങ്ങളിൽനിന്ന് അനേകർ സ്നേഹത്തിന്റെ,കരുണയുടെ, ദയയുടെ ഫലങ്ങൾ ഭക്ഷിക്കും.

post watermark60x60

(സുരേഷ് ജോൺ,ചണ്ണപ്പേട്ട )

-ADVERTISEMENT-

-ADVERTISEMENT-

You might also like