ഭാവന: ന്യായപ്രമാണത്തിന്റെ ശിക്ഷ നമുക്കുവേണ്ടി അനുഭവിച്ച ക്രിസ്തു | ജീവന്‍ സെബാസ്റ്റ്യന്‍, സലാല

യേശുവിനെ മഹാപുരോഹിതന്മാരും,റോമൻ പടയാളികളും മരത്തിൽ തറച്ച് കൊന്നിട്ട് ഇന്ന് മൂന്നു നാൾ കഴിഞ്ഞിരിക്കുന്നു. മൂന്നു ദിവസം മുൻപ് വരെ ന്യായപ്രമാണത്തിന്റ കീഴിൽ എന്നോടൊപ്പം ന്യായപ്രമാണത്തിന്റ സകല കല്പനകളും, വ്യവസ്ഥകളും അനുസരിക്കുവാൻ ബാധ്യസ്ഥനായിക്കൊണ്ട് എന്നെപ്പോലെ ജഡശരീരത്തിൽ ജീവിച്ചിരുന്ന പൂർണ മനുഷ്യനായിരുന്നു ദൈവപുത്രനായ യേശു ക്രിസ്തു.(ഗലാ 4:4)പക്ഷേ യേശു എന്നെപ്പോലെ ആയിരുന്നില്ല. ന്യായപ്രമാണത്തിന്റ കീഴിൽ ജീവിച്ചിരുന്ന യേശു ന്യായപ്രമാണത്തെ പൂർണമായും അനുസരിച്ച് ജീവിച്ചപ്പോൾ, എനിക്ക് അതിന് കഴിഞ്ഞിരുന്നില്ല എന്നതാണ് പരമ സത്യം. ഒരു വിഗ്രഹം ഉണ്ടാക്കരുതെന്ന് ന്യാപ്രമാണം എന്റെ പൂർവ്വികാരോട് പറഞ്ഞ ദിവസം തന്നെ അവർ ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി ന്യായപ്രമാണത്തിന്റെ കല്പനകളെ തെറ്റിച്ച് കൊണ്ട് പിശാചിനെ പൂർണമായും അനുസരിച്ചപ്പോൾ, തന്നെ നമസ്കരിക്കണം എന്ന പിശാചിന്റെ ആവശ്യത്തെ തള്ളി കളഞ്ഞു കൊണ്ട് യേശു ന്യായപ്രമാണത്തെ ആണ് പൂർണമായും അനുസരിച്ചത്. മാത്രവുമല്ല കൂട്ടുകാരനെ സ്നേഹിക്കാൻ ന്യായപ്രമാണം ആവശ്യപ്പെട്ടിടത്ത് യേശു ഒരു പടി കൂടി കടന്നുകൊണ്ട് തന്നെപ്പോലെ തന്നെയും, തന്നെക്കാൾ അധികമായും, മറ്റുള്ളവരെ സ്നേഹിക്കുകയും കരുതുകയും ആണ് ചെയ്തത്.

പലപ്പോഴും താൻ വിശന്നിരിക്കുമ്പോഴും മറ്റുള്ളവർക്ക് ഭക്ഷണം നൽകികൊടുത്ത സംഭവങ്ങൾ എനിക്ക് അറിയാം.vമാത്രവുമല്ല താൻ രോഗം ശീലിച്ചവൻ ആയിരിക്കുമ്പോഴും (യെശ 53:3, മത്താ 8:17) അനേക രോഗികളെ യേശു സൗഖ്യമാക്കിയതിന് ഞാൻ ദൃക്സാക്ഷിയുമാണ്. ശത്രുവിനെ വെറുക്കുവാനാണ് ന്യായപ്രമാണം കല്പിച്ചിരിക്കുന്നത് പക്ഷേ തന്നെ ഒറ്റിക്കൊടുത്ത യൂദയെ യേശു മാറോടു ചേർത്ത് ചുംബിക്കുന്നതും,തന്നെ പിടിക്കുവാൻ വന്ന പടയാളിയുടെ അറുക്കപ്പെട്ട കാതിനെ യേശു സൗഖ്യമാക്കുന്നതും ഞാൻ കണ്ണു കൊണ്ട് കണ്ട കാര്യങ്ങളാണ്.
പക്ഷേ എനിക്ക് ഇപ്പോഴും മനസിലാകാത്ത കാര്യം., ന്യാപ്രമാണത്തിന്റ വ്യവസ്ഥകളെ യേശു പൂർണമായി അനുസരിച്ചിട്ടും ന്യാപ്രമാണത്തെ അനുസരിക്കാത്ത എനിക്കും, എന്നെപ്പോലെ ഉള്ളവർക്കും വേണ്ടി കരുതി വച്ച മരണശിക്ഷ എന്തിനാണ് യേശുവിനു കൊടുത്തത് ? യേശു ന്യായപ്രമാണത്തിന്റെ മുഴുവൻ വ്യവസ്ഥകളും അനുസരിക്കുന്നത് കണ്ടപ്പോൾ, ഞാൻ ഒത്തിരി സന്തോഷിച്ചിരുന്നു. ഒരു വ്യക്തിയെങ്കിലും ശാപഗ്രസ്ഥൻ ആയിട്ട് മരത്തിൽ തൂങ്ങി മരിക്കാതെ ന്യായപ്രമാണത്തിന്റ കൈയിൽ നിന്നും രക്ഷ പെടുന്നത് കാണാമല്ലോ എന്നോർത്ത്. പക്ഷേ ഇപ്പോൾ ആ സന്തോഷവും ഏറെക്കുറെ അവസാനിച്ചിരിക്കുന്നു.

പെട്ടന്നാണ് പിശാച് പതിവ് പോലെ പാപത്തിന്റ പ്രവൃത്തികൾ ചെയ്യുവാനും, അങ്ങനെ ന്യാപ്രമാണത്തിന്റെ വ്യവസ്ഥകളെ തെറ്റിക്കുവാനും ആവശ്യപ്പെട്ടുകൊണ്ട്, അലറുന്ന സിംഹം കണക്കെ എന്റെ മുൻപിലേക്ക് കടന്നു വന്നത്. അതുവരെ ഉണ്ടായിരുന്ന എന്റെ സകല ചിന്തകളും പെട്ടന്ന് അവസാനിച്ചു .ഞാൻ പതിവുപോലെ എന്റെ പരിശ്രമത്തിലേക്ക് കടന്നു. എനിക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. പിശാചിനെ അനുസരിക്കാതെ ന്യായപ്രമാണത്തെ അനുസരിക്കണം. പക്ഷേ എനിക്ക് അറിയാവുന്ന രീതിയിൽ എല്ലാം ശ്രമിച്ചിട്ടും പാപത്തെയോ, അതുവഴി പിശാചിനെയോ ജയിക്കുവാൻ എനിക്ക് കഴിഞ്ഞില്ല. എന്നത്തെപ്പോലെയും പരാജയപ്പെട്ട എന്നെ നോക്കി ന്യായപ്രമാണം ആക്രോശിച്ചു.”നിന്നെ ഞാൻ കൊല്ലും”അതു കേട്ട ഞാൻ ഉറക്കെ നിലവിളിച്ചു കൊണ്ട് പറഞ്ഞു. (റോമ 7:24) അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും ?

എനിക്ക് ഒരു സത്യം മനസിലായി. പിശാചിന്റെ അടിമത്വത്തിൽ നിന്നും മോചനം പ്രാപിക്കാതെ ഒരിക്കലും ന്യായപ്രമാണത്തെ അനുസരിക്കുന്നതിനോ,അതുവഴി മരണശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിനോ, എനിക്ക് കഴിയില്ല എന്ന പരമ യാഥാർത്ഥ്യം. ക്രൂരമായ മുഖഭാവത്തോടെ എന്നെ കൊല്ലുവാൻ തയ്യാറായി നിൽക്കുന്ന ന്യായപ്രമാണത്തോട് ഇരു കൈകളും കൂപ്പിക്കൊണ്ട് ഞാൻ അപേക്ഷിച്ചു. പിശാചിന്റെ അടിമത്വത്തിൽ നിന്നും എന്നെ ഒന്നു രക്ഷിക്കുമോ,അങ്ങ് എന്നെ രക്ഷിച്ചാൽ ഞാൻ പൂർണമായും അങ്ങയെ അനുസരിച്ചുകൊള്ളാം.

അതുവരെ ഗൗരവ്വത്തിൽ ആയിരുന്ന ന്യായപ്രമാണം ഒരു ചെറു പുഞ്ചിരിയോടെ എന്റെ ആവശ്യത്തെ പൂർണമായും തിരസ്കരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. അത് സാധ്യമല്ല. കാരണം നിന്നെ വീണ്ടെടുക്കണമെങ്കിൽ നിന്റ മേൽ ഇരിക്കുന്ന പാപത്തെ ഞാൻ ഏറ്റെടുക്കുകയും ഏറ്റെടുക്കപ്പെട്ട പാപത്തിന്റെ ശിക്ഷ ഞാൻ അനുഭവിക്കുകയും വേണം. ഇത് രണ്ടും പൂർത്തീകരിക്കുന്നതിന് എനിക്ക് ഒരു ജഡശരീരം ഇല്ല. (റോമ 8:3 ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന് ജഡത്തിൽ ശിക്ഷ വിധിച്ചു). ന്യായപ്രമാണം എന്നോട് പറഞ്ഞു. എന്റെ ജോലി നിനക്ക് പാപത്തെക്കുറിച്ചു ബോധ്യം നൽകി തരുകയും, പാപത്തിന്റ ശിക്ഷ നിന്നിൽ നടപ്പാക്കുകയുമെന്നതാണ്.(റോമ 3:20) പാപത്തെ ജയിക്കുവാൻ എന്നെ സഹായിക്കാതെ, നിവർത്തികേടുകൊണ്ട് പാപം ചെയ്യുന്ന എന്നെ ശിക്ഷിക്കുവാൻ മാത്രം തക്കം നോക്കിയിരിക്കുന്ന ന്യായപ്രമാണത്തെ നോക്കികൊണ്ടിരുന്നപ്പോൾ കർക്കശക്കാരനായ ഭർത്താവിന്റെ കൂടെ ജീവിക്കേണ്ടി വന്ന ഒരു ഭാര്യയാണ് ഞാനെന്ന് എനിക്ക് തോന്നിപ്പോയി. (റോമ 7:1-2) നിസാര തെറ്റിനുപോലും ന്യാപ്രമാണം എന്ന എന്റെ ഭർത്താവ് കുറ്റം വിധിച്ച് എന്നെ ശിക്ഷിക്കുമായിരുന്നു. ഒന്നു പിറുപിറുത്താൽ നെറ്റിയിൽ കുഷ്ഠം വരുത്തും. അരുതാത്തത് ചെയ്താൽ കൈ വെട്ടും. അരുതാത്തത് നോക്കിയാൽ കണ്ണ് ചൂഴ്ന്നെടുക്കും. ഇതൊക്ക ആയിരുന്നു അദ്ദേഹത്തിന്റെ ശിക്ഷാ നടപടികൾ.
ഞാൻ ഒരു കാര്യം തീരുമാനിച്ചു ഉറപ്പിച്ചു. എന്നെ ഒരു കാര്യത്തിലും സഹായിക്കാതെ എന്നെ ശിക്ഷിക്കുവാൻ മാത്രം തയ്യാറാകുന്ന ന്യായപ്രമാണം എന്ന ഭർത്താവിന്റെ കൂടെ ഇനി ഞാൻ ജീവിക്കില്ല. അദ്ദേഹത്തെ ഒഴിവാക്കി രക്ഷപ്പെടുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോൾ ആണ് എനിക്ക് ആ സത്യം മനസ്സിലായത്. ന്യായപ്രമാണം എന്ന ഭർത്താവ് ജീവിച്ചിരിക്കുന്നിടത്തോളം അദ്ദേഹവുമായി വേർപിരിയുവാൻ എനിക്ക് കഴിയില്ല എന്നും, (റോമ7 : 2, 3) അതിന് വേണ്ടി ശ്രമിക്കുന്നത് കൂടുതൽ അപകടകാരമാണെന്നുമുള്ള യാഥാർത്ഥ്യം.

ഇനി എന്റെ മുൻപിൽ രണ്ടു മാർഗ്ഗങ്ങളെ ഉള്ളു. ഒന്നെങ്കിൽ ന്യായപ്രമാണം എന്ന് എന്റെ ഭർത്താവിന്റെ മരണം. അല്ലെങ്കിൽ ന്യാപ്രമാണത്തിന്റെ കൈകൊണ്ടുള്ള എന്റെ മരണം. ന്യായപ്രമാണം ഒരിക്കലും മരിക്കുകയില്ലന്നും അതുകൊണ്ടു തന്നെ ന്യായപ്രമാണത്തിന്റെ കൈകൊണ്ട് എന്റെ മരണം ഉറപ്പാണെന്നും ഉള്ള ബോധ്യം എനിക്ക് ഒരു തിരിച്ചറിവായി അപ്പോഴേക്കും മാറി. തകർന്ന മനസ്സോടും, തളർന്ന ശരീരത്തോടും കൂടി ഞാൻ അവിടെ കിടന്നു.
പെട്ടന്ന് ഒരു വന്ദന ശബ്ദം കേട്ടുകൊണ്ടാണ് ഞാൻ ചാടി എഴുന്നേറ്റത്. വാതിലുകൾ അടച്ചിരുന്നിട്ടും ആരോ ഒരാൾ എന്റെ മുറിക്കകത്ത് പ്രവേശിച്ചിരിക്കുന്നു. ആദ്യം അല്പം ഭയം തോന്നിയെങ്കിലും ഭയപ്പെടേണ്ട എന്നു പറഞ്ഞു കൊണ്ട് ഞാൻ ധൈര്യം സംഭരിച്ച് എഴു ന്നേറ്റ് നിന്നു ചോദിച്ചു.

അങ്ങ് ആരാണ് ???

മൃദുവായ ശബ്ദത്തിൽ അദ്ദേഹം എന്നോട് പറഞ്ഞു.
ഞാൻ യേശുവാണ്

എന്റെ ജിജ്ഞാസ അടക്കുവാൻ പാടുപെട്ടു കൊണ്ട് ഓടി ഞാൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു ചോദിച്ചു. മൂന്നു ദിവസങ്ങൾക്കു മുന്നമേ ന്യായപ്രമാണം മരത്തിൽ തറച്ചു കൊന്ന യേശുവാണോ അങ്ങ്??ആണി പാടുകളുള്ള കൈകളും, പടയാളികൾ കുത്തി തുളച്ച വിലാപ്പുറവും കാണിച്ചുകൊണ്ട് യേശു പറഞ്ഞു. അതെ ഞാൻ തന്നെയാണ് ഞാൻ മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റി രിക്കുന്നു. ന്യായപ്രമാണത്തെ പൂർണ്ണമായി അനുസരിച്ചിട്ടും. യേശുവിനെ മരത്തിൽ തറച്ചു കൊന്ന ന്യായപ്രമാണത്തോടുള്ള ദേഷ്യം മുഴുവൻ ഉള്ളിൽ ഒതുക്കി കൊണ്ട്, ഞാൻ യേശുവിനോട് ചേർന്നുനിന്നു ചോദിച്ചു. എന്തിനാണ് ന്യായപ്രമാണത്തെ പൂർണ്ണമായും അനുസരിച്ചിട്ടും ന്യായപ്രമാണം അങ്ങയേ കൊന്നത്??
ഒരു ദീർഘനിശ്വാസത്തോടെ യേശു എന്നോട് പറഞ്ഞു. നിന്നെ ന്യായപ്രമാണം കൊല്ലാതിരിക്കാൻ നിന്റെ മരണശിക്ഷ ന്യായപ്രമാണത്തിന്റെ കയ്യിൽനിന്നും ഞാൻ ചോദിച്ചു വാങ്ങി അനുഭവിച്ചതാണ്. എനിക്ക് സങ്കടം അടക്കുവാൻ കഴിഞ്ഞില്ല.ഞാൻ യേശുവിന്റെ മാറോട് ചാരിക്കൊണ്ട് നിലവിളിക്കുവാൻ തുടങ്ങി. അപ്പോഴും എനിക്കുവേണ്ടി തുളക്കപ്പെട്ട കരങ്ങൾ ഉപയോഗിച്ച് യേശു എന്നെ തലോടികൊണ്ടിരുന്നു.

എന്റെ സങ്കടം ഒന്ന് ശമിച്ചപ്പോൾ ഞാൻ തല ഉയർത്തി യേശുവിനെ നോക്കി. ഒരു ചെറു പുഞ്ചിരിയോടെ എന്നെ ചേർത്ത് നിർത്തി. വാതിൽക്കലേക്ക് കൈ ചൂണ്ടി ആ കാഴ്ച യേശു എന്നെ കാണിച്ചു. ഞാൻ നോക്കുമ്പോൾ വാതിൽ തുറന്ന് പുറത്തേക്ക് പോകുവാൻ വ്യഗ്രത കാട്ടുന്ന രണ്ടു പേർ. ഞാൻ സൂക്ഷിച്ചു നോക്കി. അത് മാറ്റാരുമല്ല, ഇതുവരെ നിർബന്ധപൂർവ്വം എന്നെക്കൊണ്ട് പാപം ചെയ്യിച്ചിരുന്ന പിശാചും, അതിന്റെ ഫലമായി എന്നെ ശിക്ഷിക്കുവാൻ ഒരുങ്ങി നിന്നിരുന്ന ന്യായപ്രമാണവും ആയിരുന്നു ആ രണ്ടു വ്യക്തിത്വങ്ങൾ. (റോമർ
8:1 അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.
8:2 ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.) അങ്ങനെ ഇന്നലെ വരെയും എന്നെ ബന്ധിച്ചിരുന്ന പാപത്തിന്റെയും, മരണത്തിന്റെയും പ്രമാണങ്ങൾ യേശുവിന്റെ വരവോടുകൂടി എന്നെ വിട്ടുപോവുകയും, യേശുവും ഞാനും ഒന്നായി ചേർന്നതുമായ ആ സുന്ദര നിമിഷത്തിൽ ഞാൻ യേശുവിന്റെ മാറിൽ ചാരി കൊണ്ട് ചോദിച്ചു. യേശുവേ എന്നാലും ഇത് എങ്ങനെ സംഭവിച്ചു???? അതിന് മറുപടിയായി യേശു പറഞ്ഞു റോമർ 7:4 നിങ്ങൾ ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു വെന്ന്.

ജീവൻ സെബാസ്റ്റ്യൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.