ചെറുചിന്ത: ബഹുജനം പലവിധം | ദീന ജെയിംസ് ആഗ്ര

തോരാത്ത മഴപോലെ കോവിഡ് 19എന്ന മഹാമാരി തിമിർത്തുപെയ്തുകൊണ്ടിരിക്കുന്നു. പലരുടെയും ജീവിതത്തിൽ വലിയൊരു കണ്ണീർക്കടലായ് പെയ്തിറങ്ങി വേദനിക്കുന്നഓർമ്മകളായിമാറുന്നു. ഈ വൈറസിന്റ രണ്ടാംതരംഗം ഭീതിയായി നിലകൊള്ളുമ്പോൾതന്നെ മൂന്നാംതരംഗം അതിവേഗത്തിൽ വ്യാപിക്കുമെന്നുള്ള സൂചനയും ഭീതിയുടെ ആഴം കൂട്ടുന്നു. നമ്മുടെ രാജ്യം ഈ പ്രതിസന്ധിയെ അതിജീവിക്കുവാനുള്ള കഠിനപരിശ്രമത്തിലാണ്.

post watermark60x60

ഭീകരതനിലകൊള്ളുന്ന ഇത്തരമൊരു സാഹചര്യത്തിലും ഇങ്ങനെയൊരു മഹാവ്യാധി ഇല്ല എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടമാളുകൾ ഇന്നുമുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിരക്ഷരരായവർ!!! കൊവിഡ് എന്ന മഹാവ്യാധിയോ അതിന്റെ തീവ്രതയോ അതേൽപ്പിക്കുന്ന പ്രത്യാഘാതങ്ങളോ അവരെ ആശങ്കയിലേക്ക് നയിക്കുന്നില്ല.ലോക്ക്ഡൗൺ അവരുടെ ജീവിതത്തെ കാര്യമായി ബാധിച്ചെങ്കിലും ഉള്ളത് കൊണ്ട് സംതൃപ്തരായി അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ആഘോഷങ്ങളാക്കി ഓരോ ദിവസവും കഴിയുന്നു. അവരുടെ അഭിപ്രായത്തിൽ ഇതൊരു രാഷ്ട്രീയ തന്ത്രം മാത്രമാണ്. ജനങ്ങളിൽ ഭീതിപെടുത്തുന്ന വാർത്തകൾ പരത്തി ഭരണാധികാരികളിലേക്ക് ശ്രദ്ധയാകർഷിക്കുവാനുള്ള ഒത്തുകളി!!!

മറ്റൊരു കൂട്ടരുടെ അഭിപ്രായത്തിൽ ഒരുകൂട്ടമാളുകളുടെ മതവികാരത്തെ മുറിവേൽപ്പിച്ചുകൊണ്ട് ദൈവത്തിനു വീട് പണിതതിനുള്ള ശിക്ഷയാണ് ഇതെന്നാണ്.
ഇവരിൽ പലരും മാസ്ക് ഉപയോഗിക്കുന്നത് പോലും പോലീസിനെ പേടിച്ചു മാത്രമാണ്. വലിയ മുൻകരുതലുകളും സാമൂഹിക അകലവും ഒക്കെ പാലിക്കുന്ന നമ്മിൽ പലരും ഈ മഹാവ്യാധിയുടെ ഇരകളായി മാറുമ്പോൾ ഇവരെങ്ങനെ സുരക്ഷിതരായിരിക്കുന്നു എന്നത് എന്നെ ആശ്ചര്യപെടുത്തി. ജ്ഞാനബാഹുല്യത്താൽ വ്യസനബാഹുല്യം ഉണ്ട്. അറിവ് വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു (സഭാ :1:18)
ഇത് ഒരുപരിധിവരെ ശരിയാണ്. സമൂഹമാധ്യമങ്ങൾ വഴി ശരിയും തെറ്റുമായി അനേകവാർത്തകൾ ദിവസവും പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെ കണ്ടും കേട്ടും നാം അനാവശ്യഅറിവ് വർധിപ്പിക്കുന്നു. അതോടൊപ്പം നമ്മുടെ ഭീതിയും വർധിക്കുന്നു. ചെറിയൊരു ബുദ്ധിമുട്ട് വന്നാൽപോലും ഈ മഹാമാരിയാണോ എന്ന് നാം ഭീതിപ്പെടുന്നു.
ബഹുജനം പലവിധം എന്നല്ലേ ചൊല്ല്…. ബഹുജനആശയങ്ങളിൽ ആകുലരാകാതെ
നാം സ്വയരക്ഷയ്ക്ക് വേണ്ടതൊക്കെ കൃത്യതയോടെ ചെയ്ത് ദൈവത്തിൽ ആശ്രയയമുറപ്പിച്ചു മുന്നേറാം….

Download Our Android App | iOS App

ദീന ജെയിംസ്

-ADVERTISEMENT-

You might also like