ചെറു ചിന്ത: രക്ഷയുടെ ഏക വാതിൽ | ഇവാ. അജി ഡേവിഡ്, വെട്ടിയാർ

ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപെടും; അവൻ അകത്തു വരികയും പുറത്തു പോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും”(യോഹന്നാൻ.10:9)
മാനവ കുലത്തിന്റെ രക്ഷകനായ ഇടയശ്രേഷ്ഠൻ യേശു കർത്താവ് പറയുന്നു:”ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപെടും; അവൻ അകത്തു വരികയും പുറത്തു പോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും”(യോഹ.10:9). ആടുകളുടെ തൊഴുത്തിന്റെ വാതിലാണ് ഞാൻ. ഈ വാതിലിൽക്കൂടി അകത്തേക്ക് പ്രവേശിക്കുന്ന എന്റെ മക്കളായ ആടുകൾക്ക് പൂർണ്ണ സുരക്ഷിതത്വം ഉണ്ട്. അവർക്ക് യാതൊന്നിനെയും ഭയക്കേണ്ടതില്ല. ഈ വാതിലിൽക്കൂടി കടക്കുന്നവർ രക്ഷയുടെ അനുഭവത്തിലായിരിക്കും. ആദിമ മനുഷ്യനായ ആദാമിന്റെ പാപത്താൽ ദൈവത്തിൽ നിന്നും അകന്നുപോയ മനുഷൃ വർഗ്ഗം യേശു ക്രിസ്തു എന്ന ഏക വാതിലിൽക്കൂടി സൃഷ്ടിതാവായ യഹോവയായ ദൈവത്തിന്റെ അടുക്കലേക്ക് എത്തപ്പെടുന്നു. രക്ഷിക്കപ്പെട്ട ദൈവമക്കൾ ക്രിസ്തുവാകുന്ന വാതിലിൽക്കൂടി സൃഷ്ടിതാവായ ദൈവത്തിന്റെ അടുക്കലേക്ക് പ്രവേശിക്കുവാൻ യോഗ്യത ലഭിച്ചപ്പോൾ ദൈവത്തിന്റെ പരിപൂർണ്ണ സംരക്ഷണം ലഭിക്കുന്നു. അങ്ങെനെയുള്ളവർ ആത്മ സംതൃപ്തിയിൽ കർത്താവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു. ഈ ആത്മ സന്തോഷം പ്രാപിച്ചവർ തങ്ങൾക്കു ലഭിച്ചിരിക്കുന്ന രക്ഷയുടെ അനുഭവവും, ആത്മീക സമൃദ്ധിയും മറ്റുള്ളവർക്കുകൂടി ലഭിക്കാനായി ഇതേ വാതിലിൽക്കൂടി പുറത്തേക്കു പോയി പാപത്തിന്റെ അന്ധകാരത്തിൽ സന്തോഷവും സമാധാനവുമില്ലാതെ കഴിയുന്ന ജനവിഭാഗങ്ങളുടെ അടുക്കലേക്ക് യേശു ക്രിസ്തുവിന്റെ സത്യ സുവിശേഷത്തിന്റെ ദിവ്യ വെളിച്ചം അവർക്കുകൂടി പകർന്നു കൊടുക്കാൻ കർത്താവ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ വാതിൽ ആകുന്നു എന്നും എന്നിലൂടെ കടക്കുന്നവർ രക്ഷപെടും എന്നു യേശു പറഞ്ഞത്. മാനവ രക്ഷയുടെ ആ വാഗ്ദത്ത സന്ദേശം യേശു പാപികളായ നമുക്കു വേണ്ടി മരിച്ച് അടക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ് 40 ദിവസത്തോളം ശിഷ്യന്മാർക്ക് പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച് പഠിപ്പിക്കുകയുണ്ടായി. തുടർന്ന് സ്വർഗ്ഗാരോഹണത്തിനു മുൻപായി ഒരു മഹത്തായ പ്രേഷിതദൗത്യം ശിഷ്യന്മാർക്ക് നല്കി:”എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരുശെലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്ന് പറഞ്ഞു”(അപ്പൊ.പ്രവൃത്തികൾ 1:8). ഈ വാഗ്ദത്തം 2000 വർഷങ്ങളായി ഭൂമിയിലെ എല്ലാ വൻകരകളിലും നിറവേറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴായി കോടിക്കണക്കിനു ആളുകളാണ് ക്രിസ്തു എന്ന വാതിലിലൂടെ ദൈവസന്നിധിയിലേക്കു കടന്നു വന്നു രക്ഷ പ്രാപിച്ചത്.
പ്രിയരേ! നമുക്കു ലഭിച്ചിരിക്കുന്ന മഹത്തായ രക്ഷയുടെ അനുഭവം മറ്റുള്ളവർക്കുകൂടി ലഭിക്കേണം. അത് ദൈവത്തിന്റെ നീതിയാണ്. അതിന് പരിശുദ്ധാത്മാവ് നമ്മെ വിശാലമായ മേച്ചിൽപ്പുറത്തുകൂടി നടത്തി ദൈവത്തിന്റെ സൃഷ്ടികളായ മനുഷ്യ വർഗ്ഗത്തെ നിത്യരക്ഷയുടെ അവകാശികളാക്കിത്തീർക്കാൻ നിയോഗം തന്നിരിക്കുന്നു. അനേകരെ നിത്യനരകത്തിലേക്ക് പോകാതെവണ്ണം യേശു ക്രിസ്തു എന്ന വാതിലിൽക്കൂടി സ്വർഗ്ഗത്തിലേക്ക് പ്രവേശനം ലഭിച്ച് നിത്യജീവിതത്തിന്റെ അവകാശികളാക്കിത്തീരുവാൻ സർവ്വശക്തനായ ദൈവം ഇടവരുത്തട്ടെ!

അജി ഡേവിഡ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.