ശുഭദിന സന്ദേശം : തുരക്കുകയും അരിക്കുകയും | ഡോ. സാബു പോൾ

അവർ പാതാളത്തിൽ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവർ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാൻ അവരെ ഇറക്കും”(ആമോ.9:2,9).

ആമോസ് പ്രവാചകൻ്റെ അഞ്ചാമത്തേതും അവസാനത്തേതുമായ ദർശനമാണ് ഒടുവിലത്തെ അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നത്.

ന്യായവിധിയുടെ ദൂതുമായി യാഗപീഠത്തിനു മീതെ നിൽക്കുന്ന യഹോവയെ ആമോസ് കാണുന്നു. കാളക്കുട്ടിയെ ആരാധിക്കുന്ന വടക്കേ രാജ്യത്തിൻ്റെ യാഗപീഠമാണ് ഇവിടെ വിവക്ഷിക്കുന്നത്. ഒരു സൈന്യത്തിൻ്റെ കമാൻഡർ, കീഴടക്കിയ സൈന്യത്തിലെ അവസാന എതിരാളിക്കും ന്യായമായ ശിക്ഷ ഉറപ്പാക്കുന്നതു പോലെ ദൈവം ന്യായവിധിക്ക് മേൽനോട്ടം വഹിക്കുകയാണ്.

മനുഷ്യർക്ക് കടക്കാൻ കഴിയാത്ത വിധം അപ്രാപ്യമായ ഇടത്തേക്ക് രക്ഷപ്പെട്ടോടിയാലും അവരെ തിരഞ്ഞു പിടിക്കും എന്ന മുന്നറിയിപ്പാണ് രണ്ടാം വാക്യത്തിൽ പറയുന്നത്. എത്ര ഓടിയാലും, പാതാളത്തിൽ തുരന്നു കടന്നാലും ദൈവിക ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാവില്ല. മറുതലിക്കുന്ന യിസ്രായേലേ, കഴിയുന്നിടത്തോളം വേഗത്തിൽ ഓടിക്കൊള്ളൂ…
കഴിയുന്നത്ര ദൂരേക്ക് ഓടിക്കൊള്ളൂ…
പക്ഷേ, നിനക്ക് മറഞ്ഞിരിക്കാനാവില്ല എന്നാണ് ദൈവമിവിടെ വെല്ലുവിളിക്കുന്നത്.

എന്നാൽ പ്രത്യാശയുടെ ദൂതാണ് 9-ാം വാക്യം കൈമാറുന്നത്. ”അരിപ്പകൊണ്ടു അരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ സകലജാതികളുടെയും ഇടയിൽ അരിപ്പാൻ കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല.”

അരിക്കുന്നു എന്നാണ് വിവർത്തനം ‘ചെയ്തിരിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ പതിർ പാറ്റുന്നതിനെക്കുറിച്ചാണ് മൂലഭാഷ പറയുന്നത്. മുറം കൊണ്ട് തുടർമാനമായി ചേറിത്തിരിക്കുമ്പോൾ പതിരുകളെല്ലാം മാറിപ്പോകുമ്പോൾ തന്നെ ധാന്യമണി നിലത്തു വീഴാതെ പ്രവൃത്തി ചെയ്യുന്നയാൾ സൂക്ഷിക്കുന്നു.

പാറ്റുമ്പോൾ തുടർമാനമായി തെറിച്ചു കൊണ്ടിരിക്കുമെങ്കിലും ധാന്യമണി നഷ്ടമാകാതിരിക്കുന്നതു പോലെ, യഥാർത്ഥ വിശ്വാസി ഉടമസ്ഥൻ്റെ കയ്യിൽ സൂക്ഷിക്കപ്പെടുകയാണ്. ലോകത്തെവിടെയെല്ലാം ചിതറിക്കപ്പെട്ടാലും തൻ്റെ ഭക്തനെ ദൈവം സൂക്ഷിക്കും എന്ന സന്ദേശം എത്ര ആത്മധൈര്യം പകരുന്നതാണ്…!
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ചിതറിക്കപ്പെട്ട യഹൂദൻ തിരികെ വന്ന് രാഷ്ട്രം സ്ഥാപിച്ചപ്പോൾ ഈ ദൂത് നിറവേറുകയും ദൈവീക വിശ്വസ്തത തെളിയിക്കപ്പെടുകയും ചെയ്തു.

പ്രിയമുള്ളവരേ,

പാറ്റുമ്പോൾ കതിരും പതിരും ഒരുപോലെ മുകളിലേക്ക് എറിയപ്പെട്ടുകൊണ്ടിരിക്കയാണ്….
ജീവിതത്തിലെ തുടർമാനമായ ഇളക്കങ്ങളിൽ നമ്മൾ അസ്വസ്ഥമാകാൻ സാദ്ധ്യതയേറെയാണ്. പക്ഷേ, ധാന്യമണി വേർതിരിക്കാൻ ഈ പ്രക്രിയ അനിവാര്യമാണുതാനും….

എന്നാൽ ഉടയവൻ്റെ ശ്രദ്ധയും കരുതലും പിന്നിലുണ്ടെന്നറിയുക.
പാറ്റുന്ന പ്രക്രിയ അവസാനിച്ചപ്പോൾ നല്ല ധാന്യമണിയായ ഇയ്യോബ് നഷ്ടമാകാതിരുന്നതു പോലെ വിശ്വാസത്തോട് വിശ്വസ്തത പുലർത്തിയാൽ സംരക്ഷണം ഉറപ്പ്….!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.