2020 ഡിസംബർ 31 വൈകിട്ട് 8 മണി.
ആണ്ടറുതി മീറ്റിംഗ് നടക്കുന്നു. ഞാനും മുൻ പന്തിയിലുണ്ട്. പതിവുപോലെ സാക്ഷ്യത്തിനുള്ള സമയം പാസ്റ്റർ അനുവദിച്ചു.
Download Our Android App | iOS App
സാധാരണയുള്ള സൺഡേ സ്കൂൾ സാക്ഷ്യങ്ങളിൽ നിന്നു വിപരീതമായി കുറച്ചുകൂടി വലിയ വാക്യങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ മുതൽ സാക്ഷ്യങ്ങൾ പറഞ്ഞു തുടങ്ങി..

പിന്നീട് യൗവനക്കാർ എഴുന്നേറ്റു തുടങ്ങി. 2020-ൽ ജീവിതത്തിൽ ഒരു പല ബുദ്ധിമുട്ടുകളും പ്രതികൂലങ്ങളും നേരിടേണ്ടി വന്നു എങ്കിലും കർത്താവ് ഇത്രത്തോളും സൂക്ഷിച്ചു എന്ന വാചകങ്ങൾ എല്ലാവരിലും ഉണ്ടായിരുന്നു. കൊറോണ മൂലം ജോലി ഇല്ലാതായ സുഹൃത്തുക്കൾ, പഠനവും പരീക്ഷകളും വിചാരിച്ചപോലെ നടക്കാത്ത സുഹൃത്തുക്കൾ, മാതാപിതാക്കളിൽ ഉണ്ടായ തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം ജീവിതത്തിൽ നേരിടേണ്ടി വന്നപ്പോഴും ദൈവം നടത്തിയ വഴികൾ വർണ്ണിച്ചുകൊണ്ട് യൗവനക്കാരുടെ സാക്ഷ്യങ്ങൾ അവസാനിച്ചു.
പക്ഷെ എനിക്ക് ഒരൽപ്പം മാറ്റം ഉണ്ടായിരുന്നു. ജോലിയിലും മറ്റു മേഖലകളിലും കോവിഡ് കാലം ഒരൽപ്പം ആശ്വാസമായിരുന്നു, മറ്റു സാക്ഷ്യങ്ങളിൽ നിന്നും ഒരൽപ്പം മാറ്റത്തോട് കൂടി നന്ദി പറഞ്ഞു ഞാനും അവസാനിപ്പിച്ചു.
മുതിർന്നവരിലും സാക്ഷ്യത്തിൽ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. മക്കളുടെ പഠനത്തിനും വീട്ടിലെ ആവശ്യങ്ങൾക്കും വേണ്ടി ഉണ്ടായ ബുദ്ധിമുട്ടുകളിൽ എലിയാവിനെ കാക്കയെ അയച്ചു പോഷിപ്പിച്ച ദൈവം അത്ഭുതകരമായി നടത്തിയ കൃപകളെ സ്തുതിക്കുന്ന സാക്ഷ്യങ്ങൾ ഒത്തിരി സന്തോഷം തോന്നി.
ലഭ്യമായ വരുമാനത്തിൽ നിന്നു കൃത്യമായ ദശാംശവും തരുന്ന കൂട്ടു വിശ്വാസികളുടെ സാക്ഷ്യം എനിക്കും ഒരുപാട് പ്രചോദനമേകി.
ദൈവത്തോട് കൂടുതൽ അടുക്കുവാനും പ്രാർത്ഥനയിൽ കൂടുതൽ സമയം ചിലവഴിക്കാനും ക്രമപ്പെടുവാനും സാധിച്ചു എന്നുള്ള വാചകങ്ങൾ കൂടി പലരിൽ നിന്നും കേൾക്കുകയുണ്ടായി.
പതിവ് സാക്ഷ്യ വാചകങ്ങൾ ആണെങ്കിൽ കൂടി ഓരോരുത്തരുടെയും ആവശ്യങ്ങൾ അറിഞ്ഞു കരുതുന്ന ദൈവത്തെ സ്തുതിച്ചു സാക്ഷ്യങ്ങൾ ശ്രവിച്ചുകൊണ്ടിരുന്നു.
അവസാന സാക്ഷ്യത്തിനായി ഒരാൾ കൂടി എഴുന്നേറ്റു. കോവിഡ് കാലം എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹം ആയിരുന്നു,ഒരുപാട് സന്തോഷം ആയിരുന്നു എന്ന വാചകങ്ങളിൽ സാക്ഷ്യം തുടങ്ങിയപ്പോൾ, ജോലിയിലോ സാമ്പത്തികത്തിലോ എന്തെങ്കിലും നന്മ ലഭിച്ചു കാണുമെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി.
“കോവിഡ് കാലയളവിൽ ഒരു കുടുംബത്തെ നേടാൻ എനിക്ക് സാധിച്ചു.”
ഞാൻ ഒന്ന് ഞെട്ടി. ഇങ്ങനൊരു സാക്ഷ്യം ഞാൻ അടുത്തെങ്ങും കേട്ടിട്ടുമില്ല,ഈ നേരത്തു പ്രതീക്ഷിച്ചിതമില്ല.
“ആഴ്ചകളോളം വചനം പറഞ്ഞു, ആ കുടുംബത്തിനു അവരുടെ വീടിനു അടുത്തുള്ള സഭയോട് ചേരുവാനും സ്നാനപ്പെടുവാനും ആത്മാഭിഷേകം പ്രാപിക്കുവാനും സാധിച്ചു. അത്കൊണ്ട് കോവിഡ് കാലം എനിക്ക് സന്തോഷമുള്ള ഒരു കാലയളവ് ആയിരുന്നു” എന്ന് പറഞ്ഞു അദ്ദേഹം സാക്ഷ്യത്തിൽ നിന്ന് ഇരുന്നപ്പോൾ ഇറങ്ങി ഓടിയാലോ എന്നു എനിക്ക് മാത്രമല്ല തോന്നിയത് എന്നു ഉറപ്പ്.
നിനക്കായി ദൈവം കരുതുന്ന വഴികൾ ഒരുപാട് ആണ്. പക്ഷെ നീ ദൈവത്തിനായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന ചോദ്യം മനസിനെ അലട്ടിക്കൊണ്ടു കുറ്റബോധത്തോടുകൂടി പുതുവത്സരത്തിലേക്ക് നടന്നു നീങ്ങി.
ബിനീഷ് ഏറ്റുമാനൂർ