എഡിറ്റോറിയൽ: കൺവൻഷൻ വേദികളിൽ ഉയരുന്ന സ്ത്രീവിരുദ്ധതയും ‘കൾട്ടി’ൻ്റെ ഉദയവും | ആഷേർ മാത്യു

പെന്തക്കോസ്ത് കൺവൻഷനുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലുകളിലും ഏറ്റവും കൂടുതൽ കാഴ്ചക്കാരും ശ്രോതാക്കളും ഉള്ള പ്രസംഗകർ ആരെന്ന് ചോദിച്ചാൽ ഭൂരിപക്ഷത്തിൻ്റെയും മനസ്സിൽ ഉയർന്നുവരുന്ന പേരുകൾ സമാനമാകും.
എന്തുകൊണ്ടാണ് ഇവർ ജനപ്രിയരായിരിക്കുന്നത്?
കറയില്ലാത്ത വചനഘോഷണം കൊണ്ടാണോ? അല്ല.
കർണ്ണരസമുള്ള, തമാശരൂപത്തിലുള്ള അധിക്ഷേപങ്ങളും, ന്യായീകരിക്കാൻ കഴിയാത്ത അനാരോഗ്യകരമായ വിമർശനങ്ങളും.

post watermark60x60

പരസ്യമായി കഥാപ്രസംഗത്തിനും കോമഡി ഷോയ്ക്കും പോകുവാൻ കഴിയാത്തത് കൊണ്ട് ‘കൊമേഡിയനെ ‘ വിളിച്ച് പ്രസംഗിപ്പിക്കുന്നു. മുഴുവൻ സമയം വിനോദം. കൈകൊട്ടി ആർത്ത് ചിരിക്കാനുള്ള വകയുണ്ട്.

പക്ഷെ, ഇതിലെ അപകടമെന്താണ്?
ചിരിച്ച് തള്ളാവുന്ന കാര്യമാണോ? അല്ല.
ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത കടുത്ത സ്ത്രീവിരുദ്ധത.’ കൊച്ചമ്മ’ ‘അമ്മാമ്മ ‘ ‘ തള്ള’ തുടങ്ങി ശരീരവർണ്ണന, അശ്ലീലകരമായ ചേഷ്ടകൾ, വസ്ത്രധാരണത്തെ ഇകഴ്ത്തൽ, ‘ബോഡി ഷെയ്മിംഗ്’… അങ്ങനെ പോകുന്നു കാര്യങ്ങൾ.

Download Our Android App | iOS App

‘കഴുത ‘, ‘ഊള ‘ ‘പോങ്ങൻ’ ‘അടി മേടിക്കും’, ‘അണ്ടം കീറും’ തുടങ്ങിയ പ്രയോഗങ്ങളെ എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുക ?

പുരുഷന് അടിമപ്പെട്ട് സ്ത്രീ കഴിയണം എന്ന ആശയം ശ്രോതാക്കളിലേക്ക് കുത്തിവെക്കുകയാണ്. ജോലിക്ക് പോകുന്ന, പണം സമ്പാദിക്കുന്ന, നല്ല വസ്ത്രം ധരിക്കുന്ന, സ്ത്രീകളെ ആക്ഷേപിക്കാനുള്ള വേദിയായി കൺവൻഷൻ വേദികൾ മാറുന്നത് ഇനിയും അനുവദിച്ചുകൂടാ. അപകടം നാം തിരിച്ചറിയുക.

ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. കൊച്ചുകുഞ്ഞുങ്ങളെയും വെറുതേ വിടില്ല. പ്രസംഗ സമയത്ത് കൊച്ചു കുഞ്ഞുങ്ങൾ ഒന്ന് നടന്നാലോ, അനങ്ങിയാലോ, ഫലം വാത്സല്യത്തിൻ്റെ കണിക ലവലേശമില്ലാത്ത ഉഗ്രശാസനയാണ്. ‘പ്രാകുന്നത്’ പോലെ തന്നെ. മാതാപിതാക്കളുടെ ചങ്ക് തകർക്കുന്ന വാക്കുകൾ. ‘ആരുടേതാണീ സാധനം?’ ‘ എടുത്തോണ്ട് പൊക്കോണം’, ‘ഇല്ലേൽ മേടിക്കും’, ‘വളർത്ത് ദോഷം’ അങ്ങനെ പോകുന്നു പ്രയോഗങ്ങൾ. കൊച്ചുകുട്ടികളെയും ആ കാര്യത്തിൽ വെറുതെ വിടില്ല.

വേദിയിലിരിക്കുന്ന സഹ ശുശ്രൂഷകന്മാരെ അപമാനിക്കുന്നതിലും ഹരം കണ്ടെത്തുന്നുണ്ട്. സുവിശേഷവിരോധികൾ പോലും ഉപയോഗിക്കാത്ത പ്രയോഗങ്ങൾ യാതൊരു മടിയുമില്ലാതെ ഉപയോഗിക്കും. വലിയ സദസ്സിന് മുന്നിൽ ഇളിഭ്യരായി അവർ നിസ്സഹായരായി ഇങ്ങനെ ഇരിക്കും.

പിന്നെ പ്രിയപ്പെട്ട മേഖല ജാതിചിന്ത കുത്തിവെക്കലാണ്. കറുപ്പും വെളുപ്പും എന്ന വ്യത്യാസമില്ലാതെ ഒരേ മനസ്സോടെ ഇരിക്കുന്നവരിൽ ആ ചിന്ത കുത്തിവെക്കും. സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സുവിശേഷം പങ്കു വെക്കേണ്ട വേദിയിലാണ് ഈ പ്രയോഗങ്ങൾ. ഇതിൻ്റെ പിന്നിലെ അപകടമറിയാതെ ജയ് വിളിക്കുന്ന ‘ഫാൻസ് അസ്സോസിയേഷൻസ്’ ഉള്ളത് കൊണ്ട് ഈ കൂട്ടർക്ക് പിന്തുണയുമുണ്ട്.

എൻ്റെ ഡയറി ഫുൾ ആണ് , വേണമെങ്കിൽ വിളിച്ചാൽ മതി എന്നാണ് പൊതുവേ വിമർശനങ്ങളോടുള്ള പ്രതികരണം.

ധരിക്കുന്ന മാസ്ക് പോലും വെള്ളയായിരിക്കണം എന്ന പഠിപ്പിക്കലുകൾ ‘കൾട്ട്’ ഉപദേശത്തിലേക്ക് സഞ്ചരിക്കുന്ന കാഴ്ചകളും ഈ ദിവസങ്ങളിൽ പരിഭ്രാന്തി പരത്തുന്നതാണ്.

നമ്മുടെ പൊതുവേദികളിൽ വചനം പ്രസംഗിക്കപ്പെടട്ടെ. സുവിശേഷം ഉയരട്ടെ. വിമർശനങ്ങൾ ആരോഗ്യകരമാകട്ടെ. ആകാത്ത പ്രവണതകളെ നമുക്ക് അകറ്റി നിർത്താം.

ആഷേർ മാത്യു

-ADVERTISEMENT-

-ADVERTISEMENT-

You might also like