കവിത : കല്ലറകളുടെ മരണം ! | സജോ കൊച്ചുപറമ്പില്‍
ആരെയോ അടക്കിയ കല്ലറയിലേക്ക് ഒരുപിടി മണ്ണുവാരി ഇട്ട ശേഷം വന്നു കൂടിയ ജനമെല്ലാം പലവഴിക്ക് പിരിഞ്ഞു .
ആറടി മണ്ണില്‍ വെട്ടി എടുത്ത കുഴിക്കുള്ളില്‍ വിലയേറിയ പെട്ടിക്കുള്ളില്‍ ആ ശരീരം മാത്രം ഉറങ്ങിക്കിടന്നു ,
ശരീരത്തെ കല്ലറയ്ക്കുള്ളില്‍ അടക്കിയ ശേഷം തിരികെ മടങ്ങുമ്പോള്‍ ആരുടെ ഒക്കെയോ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍തുള്ളികള്‍ മുത്തുകള്‍ കണക്കെ പോഴിഞ്ഞു
വീണിരുന്നു .

കാലത്തിന്റെ പോക്കില്‍ പല തവണ ആ കല്ലറ തുറക്കപ്പെട്ടു പല തരം ശവപ്പെട്ടികള്‍ രൂപംമാറി ഭാവം മാറി കല്ലറയ്ക്കുള്ളിലേക്ക് വിശ്രമത്തിനായി എത്തി .
മരണഗന്ധത്തെ കല്ലറ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു .
എന്തി നേറെ കല്ലറയ്ക്കടുത്തു വളരുന്ന ചെറു പുല്‍നാമ്പു മുതല്‍ തല ഉയര്‍ത്തിനിന്ന ഏഴിലംപാലയ്ക്കു വരെ മരണത്തിന്റെ ഗന്ധമായിമാറി .
ഇത്തരത്തില്‍ ചത്ത മനുഷ്യരെ കണ്ട് ചത്തതിന് ഒപ്പം ജീവിക്കുന്ന കല്ലറകളെത്ര നമുക്കു ചുറ്റും കാണും .
ഭൂമിയിലെ ആറടിമണ്ണിനെ ദീര്‍ഘചതുരത്തില്‍ അളന്നു തിരിച്ച് വെട്ടിമാറ്റി ആഴത്തില്‍ കുഴിച്ച കല്ലറകള്‍
അവയിന്നും ആര്‍ത്തിയോടെ മണ്ണായ ശരീരത്തെ കാത്തുകിടക്കുന്നു .
അതിനുള്ളിലേക്ക് നമ്മെ എത്തിക്കുന്ന വഴിയാകുന്ന “മരണം” ഒരു മനുഷ്യനില്‍ ഏറ്റവും വേദന ഉളവാക്കുന്നതും ഒരിക്കലും ഒഴിഞ്ഞു മാറാന്‍ കഴിയാത്തതുമായ യാഥാര്‍ത്യം .
Download Our Android App | iOS App
ഇത്തരത്തില്‍ കല്ലറകള്‍ കുഴിച്ചിട്ടിരിക്കുന്ന ശവക്കോട്ടകളുടെ വാതില്ക്കല്‍ നിന്ന് ഒരിക്കല്‍ പറയണം ,
“അല്ലയോ മരണത്തിന്റെ ഗന്ധമുള്ള..
വെള്ളതേച്ച കുഴിമാടങ്ങളെ …
നിന്റെ ഇരുളിനുള്ളില്‍ എത്രകാലം എന്റെ ശരീരത്തെ മറച്ചുവെച്ചാലും….
ഒരിക്കല്‍ നിന്റെ വിരിമാറുതകര്‍ത്ത് വിശുദ്ധന്‍മാര്‍ പുറത്തുവരും…..
അന്നു നിന്റെ ചുറ്റും വളരുന്ന പുല്‍നാമ്പു മുതല്‍ വടവൃക്ഷത്തിനു വരെ വന്‍ തിളക്കമായിരിക്കും…..
തന്റെ വിശുദ്ധന്‍മാരുടെ രൂപാന്തരപ്പെട്ട ശരീരത്തില്‍ നിന്നും പ്രവഹിച്ച തേജസ്സിന്റെ തിളക്കം ….”
ലോകമേ നീ അളന്നെടുത്ത് മാറ്റിയിട്ടിരിക്കുന്ന ആറടിമണ്ണിന്റെ മരണകണക്കുകള്‍ അവസാനിക്കാന്‍ കാലമേറെയില്ല…
ജീവന്റെ നാഥന്റെ കാലോച്ച ദൂരെ
വാനില്‍ ഞാന്‍ കേള്‍ക്കുന്നു ..
അവന്റെ ശബ്ദത്തിനു മുന്‍പില്‍ കല്ലറകളില്‍ മണ്ണുപറ്റിപോയ മര്‍ത്യമായ ശരീരങ്ങള്‍ അമര്‍ത്യമായി രൂപാന്തരപ്പെടുന്നതു നീ കാണും ,
നീ അളന്ന മരണത്തിന്റെ കണക്കു പുസ്തകം അന്ന് കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടും !
സജോ കൊച്ചുപറമ്പില്‍