ലേഖനം: അവരെ തടയരുത് | സുരേഷ് ജോൺ, ചണ്ണപ്പേട്ട

മക്കളെക്കുറിച്ചു ബൈബിളിൽ മനോഹരമായ ഒരു വാക്യമുണ്ട് .”മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.” ഒരു വിശ്വാസിക്ക് അവരിൽനിന്ന് പഠിക്കാനേറെയാണ്.നാം അവരെ ശിശുക്കളെന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കുമ്പോൾ ദൈവവചനം അവർക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.
യേശു തൊടേണ്ടതിന് ഒരിക്കൽ ശിശുക്കളുമായി ചിലർ അവിടുത്തെ അടുക്കൽ വന്നു.ശിഷ്യന്മാർ അവരെ ശാസിച്ചു. അക്കാലത്ത് യെഹൂദാപാരമ്പര്യമനുസരിച്ചു മാതാപിതാക്കളൊഴികെ വേറെയാരും കുട്ടികളെ പ്രിയങ്കരരായി കണ്ടിരുന്നില്ല. ഇത് കണ്ടപ്പോൾ യേശു മുഷിഞ്ഞു എന്ന് കാണുന്നു.അർഥാൽ ക്രിസ്തുവിന്റെ അടുക്കലേക്കു വരുന്ന ഒരു കുട്ടിയുടെ പാതയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നവർ കർത്താവിനെ കോപിപ്പിക്കുകയാണ്.മാത്രമല്ല ദൈവരാജ്യത്തെ ഒരു ശിശു എന്നപോലെ കൈക്കൊള്ളുവാനും അല്ലാത്തവർ അതിൽ കടക്കയില്ല എന്ന് മുന്നറിയിപ്പും നൽകുന്നു.നാം വലിയവരെന്നും വലിയതെന്നും കല്പിച്ചിട്ടുള്ള ശുശ്രൂഷകരും ശുശ്രൂഷകളും സ്വർഗ്ഗരാജ്യത്തിൽ വിലമതിക്കപ്പെടുന്നത് വ്യത്യസ്തരീതികളിൽ ആയിരിക്കും. എന്നാൽ അവിടെ വലിയവനാകാൻ ഒരു മാർഗമുണ്ട്.ഒരു ശിശുവിനെപ്പോലെ തന്നത്താൻ താഴ്ത്തുക.തിരിഞ്ഞു ഒരു ശിശുവിനെപ്പോലെ ആയിത്തീരുക. ഈ ചെറിയവരിൽ ഒരാൾക്കുപോലും ഇടർച്ച വരുത്താതിരിക്കുക.

post watermark60x60

നമ്മുടെ ആരാധനകളിൽ പലതിലും അവർക്ക് അർഹമായ പ്രാധാന്യം നൽകുന്നുണ്ടോ എന്ന് സംശയമാണ്.മുതിർന്നവരെപ്പോലെ തന്നെ അവർക്ക് ആരാധിക്കാൻ കഴിയും. ചെറിയവരെന്ന് മാറ്റി നിർത്തുന്ന അവരിൽനിന്ന് അനുകരിക്കേണ്ട കാര്യങ്ങൾ വെളിപ്പെടും. ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെ കണ്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും നീരസപ്പെട്ടു.അതിനു യേശു നൽകുന്ന മറുപടി ശ്രദ്ദിക്കുക “ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടല്ലയോ..”
പഴയനിയമത്തിൽ ദൈവം മോശെയിലൂടെ യിസ്രായേൽ മക്കൾക്ക് കൽപ്പന കൊടുക്കുന്നുണ്ട്.”ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”ഇത് ഇപ്പോഴും പ്രാവർത്തികമാക്കേണ്ട ഒന്നാണ് .കുട്ടികൾക്ക് മാതൃകയാവുകയും അവരെ പത്ഥ്യോപദേശത്തിൽ വളർത്തുകയും ചെയ്യാത്ത മാതാപിതാക്കൾ വളരെ വലിയ തിന്മയാണ് ദൈവത്തിനും സമൂഹത്തിനുമെതിരെ ചെയ്യുന്നത്. ഏലിമഹാപുരോഹിതന്റെ ജീവിതം നമുക്കൊരു പാഠമാണ്. അതുകൊണ്ട് സുവിശേഷം തലമുറകളിലൂടെ പകരപ്പെടുന്നത് നമ്മുടെ ദൗത്യമാകട്ടെ.
പിതാക്കന്മാരോടുള്ള ബന്ധത്തിൽ എഫെസ്യർ ആറാം അധ്യായത്തിൽ പൗലോസ് ഇങ്ങനെ ഉപദേശിക്കുന്നുണ്ട് “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.”അവരെ മറ്റുള്ളവരുടെ മുന്നിൽ പരിഹസിക്കുകയും കളിയാക്കുകയും അവർക്ക് അപ്രാപ്യമായ ലക്ഷ്യങ്ങൾ വച്ചുകൊടുക്കുകയും ചെയ്യുമ്പോൾ അത് ദൈവവചനത്തിനെതിരാണെന്ന് പലരും മനസ്സിലാക്കുന്നില്ല.

കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള ഒരു ദൈവത്തിന്റെ കീഴിലായതുകൊണ്ടാണ് നാം ഓരോരുത്തരും നിലനിൽക്കുന്നത്.ഒരു അപ്പനെപ്പോലെ അവിടുന്ന് നമ്മെ പരിശീലിപ്പിക്കുന്നുണ്ട്.നമ്മുടെ മക്കളെയും അങ്ങനെ നമുക്ക് കരുതാം.അവരെപ്പോലെ നമുക്ക് ദൈവസന്നിധിയിൽ നിഷ്കളങ്കരാകാം.നാം ക്രിസ്തുവിന്റെ മാതൃകയാകുന്നതുപോലെ അനേകർക്ക് അവരും മാതൃകകളാകട്ടെ..

Download Our Android App | iOS App

സുരേഷ് ജോൺ

-ADVERTISEMENT-

You might also like