ശുഭദിന സന്ദേശം: അനുകൂലമോ ? പ്രതികൂലമോ ? | ഡോ. സാബു പോൾ

ആകയാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും”(യിരെ.26:13).

Download Our Android App | iOS App

”മമ്മീ…..”
അൽപം അസ്വസ്ഥതയോടെയാണ് ആ കുഞ്ഞ് അമ്മയുടെ അടുക്കലെത്തിയത്…
”എൻ്റെ ടീച്ചറെന്നെ വഴക്കു പറഞ്ഞു….”
അവൾ ചിണുങ്ങാൻ തുടങ്ങി…

post watermark60x60

അമ്മയാണെങ്കിൽ പാത്രങ്ങൾ കഴുകുന്ന തിരക്കിലായിരുന്നു…
കുഞ്ഞിനെ നോക്കിയിട്ട് അമ്മ പറഞ്ഞു:
”നോക്കൂ! മമ്മിയെന്താണ് ചെയ്യുന്നതെന്ന്…”

പാത്രങ്ങൾ കഴുകുന്ന അമ്മയുടെ മുഖത്തേക്ക് അവൾ നോക്കി.
തലേ രാത്രിയിൽ കഴുകാതെ ഇട്ടിരിക്കുന്ന പാത്രത്തിലേക്ക് ചൂണ്ടി അമ്മ പറഞ്ഞു:

”ഈ പാത്രങ്ങളിലേക്ക് നോക്കിയേ….അഴുക്ക് ഒത്തിരി സമയമായി കട്ടപിടിച്ചതിനാൽ ഉരച്ചാലും ശരിയാകത്തില്ല….
അതുകൊണ്ട് ചൂടുവെള്ളത്തിൽ ഇട്ടിരിക്കുകയാ… കുതിർന്നു കഴിയുമ്പോൾ അഴുക്ക് എളുപ്പം ഇളകും…”

കുഞ്ഞിനെ എടുത്ത് ചേർത്ത് നിർത്തിയിട്ട് അമ്മ തുടർന്നു:
”അങ്ങനെ തന്നെയാണ് ജീവിതത്തിലും….
തെറ്റുകളിൽ തുടർന്നാൽ….നന്നായി ഉരച്ചു കഴുകിയാലേ ശുദ്ധമാകൂ…!”

”നമ്മുടെ തെറ്റുകൾ തിരുത്തുന്നത് അത്ര ഇഷ്ടമായി തോന്നില്ലെങ്കിലും അങ്ങനെയേ നമുക്ക് നന്നാകാനാവൂ…!”

അമിതമായ ശിക്ഷ കുഞ്ഞുങ്ങളിൽ വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ശിക്ഷണമേ വേണ്ട എന്ന് പഠിപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം…

…വീട്ടിൽ ശിക്ഷണമില്ലാതായി.
…വിദ്യാലയങ്ങളിൽ അച്ചടക്കരാഹിത്യം അനിയന്ത്രിതമായി.
…സഭകളിലും തെറ്റുതിരുത്തലുകളെക്കാൾ സോപ്പിടീലായി.

ഫലമോ…?

തെറ്റുകളിൽ തുടരുന്നതിൽ അപാകത കാണാത്ത തലമുറ തിരുത്തലുകളോട് മുഖം തിരിക്കുന്നു…

യിരെമ്യാവ് 26-ാം അദ്ധ്യായത്തിലെ പ്രശ്നവും ഇതുതന്നെയാണ്.
ന്യായപ്രമാണവും പ്രവാചക വാക്യങ്ങളും അവഗണിച്ചാൽ ആലയം ശീലോവിനു തുല്യമാക്കും എന്ന യിരെമ്യാവിൻ്റെ വാക്കുകളെ അസഹിഷ്ണുതയോടെ കണ്ട പുരോഹിതന്മാരും പ്രവാചകന്മാരും അവനെ കൊല്ലാനാഗ്രഹിക്കുന്നു.

യെഹോയാക്കീമിൻ്റെ ഭരണത്തുടക്കത്തിലാണ്(B.C.609) ദൈവത്തിൻ്റെ അരുളപ്പാട് യിരെമ്യാവിന് ലഭിക്കുന്നത്. 606-ലാണ് ബാബിലോണിൻ്റെ പ്രഥമ പടയേറ്റം എന്നതുകൂടി ഓർക്കുക.

യിരെമ്യാവ് ദൂത് പറയുന്നത് ആരോടാണ്…?

…യഹോവയെ ആരാധിക്കാൻ വരുന്നവരോട്.

എന്തിനാണ് ദൂത്…?

…അനർത്ഥം അകന്നു പോകത്തക്കവിധം ജനം അനുതപിക്കാൻ.

പക്ഷേ, സംഭവിച്ചതോ…?

…ദൂത് പറഞ്ഞവന് അനർത്ഥം വരുത്താൻ പ്രവാചകന്മാരും പുരോഹിതന്മാരും (ജനത്തെ വചനപ്രകാരം നടത്തേണ്ടവർ) ഒരുമിക്കുന്നു.
എന്നാൽ യിരെമ്യാവ് സ്വയരക്ഷയ്ക്ക് ദൂതുമാറ്റാൻ തയ്യാറല്ല.

യഹോവ തന്ന ആലോചനയാണ് ഞാൻ നിങ്ങളെ അറിയിച്ചതെന്ന് യിരെമ്യാവ് ആണയിട്ടപ്പോൾ(വാ.15) മൂപ്പന്മാരിൽ ചിലർ ചരിത്രം ചികഞ്ഞു…

മറ്റുള്ളവരിൽ നിന്ന് മാറി നിന്ന് മായമില്ലാത്ത ദൂതറിയിച്ച മീഖായാവിൻ്റെയും ഊരിയാവിൻ്റെയും ചരിത്രം….

ദൈവീകാലോചനകൾ അംഗീകരിക്കാതെ ഭൂമി കുലുങ്ങുമാറ് ആർപ്പിട്ടാലും അപ്രയോജനമെന്ന് ശീലോവിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്നു.

B.C. 1050 -ൽ ഫെലിസ്ത്യർ ആക്രമിച്ച് യഹോവയുടെ പെട്ടകം കവർന്നുകൊണ്ടു പോയ സ്ഥലം…
മഹത്വം യിസ്രായേലിനെ വിട്ടു പോയി എന്ന് വിലപിച്ച സ്ഥലം…
യെരുശലേമിന് അധികം വിദൂരത്തല്ലാത്ത ശീലോവിൽ ഫെലിസ്ത്യ അധിനിവേശത്തിൻ്റെ അടയാളങ്ങൾ അവശേഷിച്ചിട്ടുണ്ട്….

പക്ഷേ, തെറ്റുതിരുത്തലിൻ്റെ ദൂതുകളെ പ്രതികൂല ദൂതായി കാണാനാണ് യിസ്രായേലിന് താൽപ്പര്യം….
ഇന്ന് ദൈവമക്കളുടെ വിലയിരുത്തലുകളും വിഭിന്നമല്ല.
എന്നാൽ തെറ്റുതിരുത്തിയാൽ അർത്ഥത്തിൽ നിന്നു കരകയറ്റാനാണ് ദൈവീക പദ്ധതി…
യഥാർത്ഥത്തിൽ ദൈവജനത്തിൻ്റെ അനുഗ്രഹത്തിന് അനുകൂലമാണ് ഇത്തരം ദൂതുകൾ….
അവയെ അവഗണിക്കാതിരിക്കാം….!
അനുഗ്രഹിക്കപ്പെടാം…!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like
Comments
Loading...