കഥ: കൊറോണാക്കാലത്തെ ആത്മനൊമ്പരങ്ങൾ | ബിന്ദു ബാബു ജോസ്

വളരെ നാളുകളായി അതിഥികളാരും കടന്നു വരാത്ത തൻ്റെ വീടിൻ്റെ ഉമ്മറത്ത് അലസതയോടെ; അതിലേറെ അസ്വസ്ഥതയോടെ അവളിരുന്നു.പുറത്ത് ആകാശത്തിൻ്റെ നിറം മാറുന്നത് അവൾ കണ്ടു. പകൽ യാതൊരു പരിഭവവും ഇല്ലാതെ സന്ധ്യക്കു വഴിമാറിക്കൊടുക്കുന്നു. പകലത്തെ അധ്വാനം കഴിഞ്ഞ് പക്ഷികൾ കൂടുകളിലേക്ക് ചേക്കേറാൻ വെമ്പൽ കൊള്ളുന്നു.ഹൃദയത്തിലെങ്ങോ; പേരറിയാത്തൊരു നൊമ്പരം കത്തിപ്പടരുന്നത് അവളറിഞ്ഞു.
നിനയ്ക്കാത്ത നേരത്തൊരു മഹാമാരി കടന്നു വന്ന് തൻ്റെ സ്വപ്നങ്ങളുടെ സ്വർണ്ണച്ചിറകുകളെ കരിച്ചു കളയുമെന്നും, തൻ്റെ പ്രതീക്ഷകളെ പാടേ തകർത്തു കളയുമെന്നും അവൾ ഒരിക്കൽ പോലും കരുതിയില്ല.തൻ്റേതു മാത്രമല്ലല്ലോ, പ്രതീക്ഷകളും, സ്വപ്നങ്ങളും നഷ്ടപ്പെട്ട എത്ര പേരെയാണ് ദിവസവും കാണുന്നത്. അകലങ്ങളിലെങ്ങോ ഇരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്ത് രാപ്പകലുകൾ കരഞ്ഞു തീർക്കുന്നവർ. ദിനരാത്രങ്ങൾ ആശങ്കകളോടെ തള്ളിനീക്കുന്ന അവരുടെ മുഖങ്ങളിലെ ദൈന്യതയും; നിസ്സഹായതയും കാണുമ്പോഴൊക്കെയും, ഹൃദയത്തിലലയടിക്കുന്ന ഒരു നേർത്ത തേങ്ങൽ തൻ്റെ തൊണ്ടയിൽ വന്നു പിടഞ്ഞു തീരുന്നത് അവളറിയുന്നുണ്ടായിരുന്നു. തന്നെ തഴുകി കടന്നു പോയ ഇളം കാറ്റിനു പോലും ഏകാന്തതയുടെ വേദനയും മരണത്തിൻ്റെ തണുപ്പും ഉണ്ടെന്ന് അവൾക്കു തോന്നി.

സായാഹ്നങ്ങളിൽ കൂട്ടുകാരൊത്ത് കളി ചിരികൂടിയിരുന്ന തൻ്റെ മാവിൻ ചുവടുകളിലെ ശൂന്യത അവളെ തെല്ലൊന്നു മല്ലവേദനിപ്പിച്ചത്.കുട്ടികളുടെ കളിചിരികൾ കൊണ്ട് നിറയപ്പെടേണ്ട പള്ളിക്കൂടമുറ്റങ്ങളുടെ നിർജ്ജീവത്വം കാണുമ്പോഴൊക്കെയും, ഇനിയും ഇതിനൊരു അവസാനമുണ്ടാകുമോ എന്ന് അവൾ ഒരുമാത്ര സംശയിച്ചു.മനം മടുപ്പിക്കുന്ന രാപ്പകലുകളുടെ ഏകാന്തതകൾക്ക് ദൈർഘ്യം കൂടുതലാണെന്ന് അവൾ തന്നോട് തന്നെ പരിഭവം പറഞ്ഞു തുടങ്ങി.
പാതിമറച്ച മുഖങ്ങളുമായി പ്രിയപ്പെട്ടവർ തൻ്റെ അരികിൽ വന്നു നിന്ന് ചിരിച്ചാലും അവരെ തിരിച്ചറിയാൻ കഴിയാത്തതിൽ, ആ മുഖങ്ങളിലെ ഭാവങ്ങൾ വായിച്ചെടുക്കാൻ കഴിയാത്തതിൽ അവൾക്കു വല്ലാത്ത സങ്കടം തോന്നി. പിന്നീടു കേൾക്കേണ്ടിവരുന്ന പരിഭവം പറച്ചിലിനു വേദനകൾ ഒളിപ്പിച്ചു വച്ച ഒരു പുഞ്ചിരി സമ്മാനിക്കാൻ അവളിപ്പോൾ പഠിച്ചു കഴിഞ്ഞു.

നീലാകാശചുവരുകളിൽ എഴുതി മായ്ക്കപ്പെട്ട ആത്മനൊമ്പരങ്ങളുടെ ആർദ്രമായ വരികൾക്കിടയിൽ താനൊളിപ്പിച്ചു വച്ച കുഞ്ഞു സ്വപ്നങ്ങളൊക്കെയും ഇന്നിൻ്റെ ഏകാന്തതകളിൽ വീണ് ഇല്ലാതെയായിത്തീരുമോ എന്ന് അവൾ വല്ലാതെ ഭയപ്പെട്ടു. ഏകാന്തതകളിൽ തൻ്റെ ചിന്തകൾ കാടുകയറുമ്പോൾ തനിക്ക് തന്നെത്തന്നെ നഷ്ടപ്പെടുമോ എന്ന് അവൾക്ക് ആശങ്കയുണ്ടായി. ഏതു നിമിഷവും മരണത്തിൻ്റെ തണുത്ത കരം തന്നെയും തേടിയെത്തും എന്ന് തോന്നിയപ്പോഴൊക്കെ കഴിഞ്ഞ കാലങ്ങളിലെ നിറമുള്ള ഓർമകളെ അവൾ തന്നിലേക്ക് ഒന്നുകൂടി ചേർത്തു പിടിച്ചു.

ചിലപ്പോഴൊക്കെ അവൾക്കീ മഹാമാരിയോട് നന്ദി തോന്നാറുണ്ട്. സ്നേഹവും, സൗഹൃദവും, പ്രണയവുമെല്ലാം മനോഹരമായവാക്കുകളുടെ വിരുതുകളാൽ തീർക്കപ്പെട്ട ചില്ലുപാത്രങ്ങളാണ് എന്ന് തനിക്ക് ‘മനസ്സിലാക്കി തന്നതിന്. കരങ്ങളിൽ നിന്നും താഴെ വീണുടഞ്ഞപ്പോഴാണ് അവൾക്ക് ബോധ്യമായത് നഷ്ടങ്ങളറിയാതെ, താൻ നഷ്ടപ്പെടുത്തിയ ഓരോ നിമിഷവും എത്ര വിലപ്പെട്ടതായിരുന്നൂ എന്ന്. മാത്രമല്ല താൻ ഒരിക്കലും ആരുടെയും ആരുമായിരുന്നില്ല എന്ന തിരിച്ചറിവ് അവൾക്ക് പകർന്നു കൊടുത്തത് ഈ കാലമാണ്. അതിനെക്കാളുപരി “നമ്മൾ ” എന്ന മിഥ്യകൾക്കപ്പുറം “ഞാൻ” എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് ജീവിക്കാൻ അവളെ പഠിപ്പിച്ചതും ഈ കാലമാണ്.
പോയ വസന്തങ്ങൾ ഇനി ഒരിക്കലും മടങ്ങി വരില്ലന്നവൾക്കറിയാം.എന്നിരുന്നാലും ഒരു പാട് നിറങ്ങളും സ്വപ്നങ്ങളുമുള്ള മറ്റൊരു വസന്തം തന്നെത്തേടി വരും എന്ന പ്രതീക്ഷയിൽ ആ സന്ധ്യയിലും അവളുടെ മിഴികൾ തിളങ്ങി.

ബിന്ദു ബാബു ജോസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.