കേരളത്തിലെ ആദ്യ അച്ചടിശാല ദ്വിശതാബ്ദിയിലേക്ക്

കേരളത്തിലെ ആദ്യത്തെ അച്ചടിശാല കോട്ടയം സിഎംഎസ് പ്രസ് ദ്വിശതാബ്ദിയിലേക്ക്. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി.

1821 ഒക്ടോബർ 18 ന് കോട്ടയത്ത് ആദ്യമായി അച്ചടിയന്ത്രം എത്തുന്നത്. ഇംഗ്ലണ്ടിൽ നിന്നും അച്ചടിയന്ത്രം മലയാളക്കരയിലേക്ക് എത്തിച്ചത് മലയാളം അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്ലിയുടെയും തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെയും ശ്രമഫലമായാണ്. അച്ചടിയുടെ പിതാവ് ബെഞ്ചമിൻ ബെയ്ലി ഇംഗ്ലണ്ടിൽ നിന്നു കൊണ്ടുവന്നതാണ് സിഎംഎസിലെ അച്ചടിയന്ത്രം.

ബൈബിൾ പരിഭാഷപ്പെടുത്തുന്നതിന്റെ ഭാഗമായി എത്തിച്ചതായിരുന്നു. പിന്നീട് മദ്രാസ് ഫോർട്ട് സെന്റ് ജോർജ്ജ് കോളജിൽ നിന്നും അച്ചുകൾ എത്തിച്ച് ഇതിൽ അച്ചടി ആരംഭിച്ചു. ആ അച്ചുകളുടെ പോരായ്മകൾ പരിഹരിച്ച് ബെഞ്ചമിൻ ബെയ്ലി രൂപകല്പന ചെയ്ത അച്ചുകളും പിന്നീട് ഉപയോഗിച്ചിരുന്നു. അതു വരെയുണ്ടായിരുന്ന ചതുരവടിവ് ഉപേക്ഷിച്ച് വട്ടത്തിൽ മലയാള ലിപികൾക്ക് അച്ചു തയ്യാറാക്കാൻ തുടങ്ങിയതും ഇവിടെയാണ്. ഈ പ്രസ്സിന്റെ പ്രാരംഭകാലപ്രവർത്തനങ്ങളുടെ സകല ചുമതലകളും വഹിച്ചിരുന്നത് ബെയ്ലി തന്നെ. ബൈബിൾ തുടങ്ങിയ ക്രൈസ്തവഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തും ശബ്ദകോശങ്ങൾ നിർമ്മിച്ചും പിന്നീട് ഇതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു.

1827 ഇതേ മാതൃകയിൽ തടിയിൽ മറ്റൊരു അച്ചടിയന്ത്രം ബെഞ്ചമിൻ ബെയ്ലി നിർമ്മിച്ചു. തുടർന്ന് സിഎംഎസ് പ്രസിൽ ഉപയോഗത്തിലുണ്ടായിരുന്ന പല തരത്തിലുള്ള അച്ചടിയന്ത്രങ്ങളും അനുബന്ധ യന്ത്രങ്ങളും ആദ്യത്തെ ക്യാമറയും ഇപ്പോഴും ഇവിടുണ്ട്. അച്ചടിയുടെ ചരിത്രത്തെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവ് പകരാൻ ഇവ സഹായകരമാകുന്നുണ്ട്. കേരളത്തിൽ ആദ്യമായി ഉരുണ്ട മലയാളം അക്ഷരങ്ങൾ അച്ചടി നടത്തിയ പ്രസ്, ആദ്യമായി സമ്പൂർണ മലയാളം വേദപുസ്തകം ഭാഷാന്തരം ചെയ്ത് അച്ചടിച്ചത് (1841), 1846ൽ ആദ്യത്തെ മലയാളം ഇംഗ്ലീഷ് നിഘണ്ടു മുദ്രണം ചെയ്തത്, 1948ൽ ആദ്യത്തെ മാസികയും പത്രവും അച്ചടിച്ചത് എന്നിങ്ങനെ സിഎംഎസ് പ്രസ് കൈവരിച്ച നേട്ടങ്ങൾ ചരിത്രമാണ്. ഈ ചരിത്ര വസ്തുതകൾ ഉൾപ്പെടുത്തി സഭ ഒരു മ്യൂസിയം സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.