കഥ: കരുണ | കുഞ്ഞുമോൻ ആൻ്റണി

സമയം ഒരുപാട് വൈകിയിരിക്കുന്നു. ഇരുട്ട് വീണ നടവഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ മനസ് എന്തെന്നില്ലാതെ വിങ്ങിക്കൊണ്ടിരുന്നു..വിവരിക്കാൻ കഴിയാത്ത ഒരു അനുഭവം ഹൃദയത്തിൽ നിറയുന്നു…അത്രയേറെ അപ്രതീക്ഷിതം ആയിരുന്നു കഴിഞ്ഞ ചില മണിക്കൂറുകൾ.
ഓരോന്ന് ആലോചിച്ചു വീട് എത്തിയത് അറിഞ്ഞില്ല. കുളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും എല്ലാം നിശബ്ദനായിരുന്നു ഞാൻ. ഭക്ഷണം കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റു .ശേഷം നിലാവുള്ള മുറ്റത്തുകൂടി ഉലാത്തികൊണ്ടിരുന്നു. ഈ രാത്രിക്ക് ഇതുവരെ ഇല്ലാത്ത ഒരു നിശബ്ദത ഉണ്ടെന്ന് എനിക്ക് തോന്നി. ആ ശാന്തതയിൽ എവിടെ നിന്നോ ഒരു നിലവിളി കേൾക്കുന്നപോലെ…..ഹൃദയം പിടച്ചു
അപ്പാ….., മക്കളുടെ വിളി എന്നെ ചിന്തയിൽ നിന്ന് ഉണർത്തി. അപ്പാ….. അപ്പന് ഇത് എന്ത് പറ്റി വന്നപ്പോൾ മുതൽ വലിയ ചിന്തയിൽ ആണല്ലോ.ഞാൻ അവരെ ഒന്ന് നോക്കി ശേഷം രണ്ടു പേരെയും ചേർത്തു പിടിച്ചു കൊണ്ട് തിണ്ണയിൽ ഇരുന്നു. എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയാതെ ഒരു നിമിഷം മൗനമായി ഇരുന്നു. എന്താ അപ്പാ എന്താണ് അപ്പന്റെ വിഷമം..,. മക്കൾ ഒരുമിച്ചു ചോദിച്ചു.

ഞാൻ ഇന്ന് അദ്ദേഹത്തെ കണ്ടു…… ആരെ കണ്ടു എന്നാണ് പറയുന്നത് ജിജ്ഞാസയോടെ ചോദിച്ചുകൊണ്ട് ഭാര്യയും വന്നിരുന്നു.
ഒന്ന് ദീർഘാനിശ്വസം വിട്ട് ഞാൻ പറഞ്ഞു തുടങ്ങി. പകലത്തെ കഠിനധ്വാനം കഴിഞ്ഞു ക്ഷീണത്തോടെ ആണ് ഞാൻ വയലിൽ നിന്ന് കയറിയത്. എത്രയും വേഗം വീടെത്തണം എന്ന ചിന്തയോടെ ഞാൻ വേഗത്തിൽ നടന്നു പ്രധാന വീഥിയിൽ എത്തിയപ്പോൾ വലിയ ജനക്കൂട്ടം ആർക്കുകയും കൂകി വിളിക്കുകയും ചെയ്യുന്നത് കണ്ടു. എന്താണ് കാര്യം എന്നറിയാൻ വഴിയുടെ അങ്ങേ തലക്കലേക്ക് നോക്കി പടയാളികളുടെയും യെഹൂദന്മാരുടെയും ഒരു കൂട്ടം വരുന്നത് കണ്ടു. എനിക്ക് ഒന്നും മനസിലായില്ല.ആരോ വിളിച്ചു പറയുന്നു കള്ളനാണവൻ ദൈവനിഷേധി. ആരെക്കുറിച്ചു ആണ് പറയുന്നത് അറിയില്ല, ഏതെങ്കിലും ദുഷ്ടനെ കല്ലെറിഞ്ഞു കൊല്ലാൻ കൊണ്ടുപോകുകയായിരിക്കും എന്ന് ചിന്തിച്ചു ഞാൻ മുൻപോട്ടു നടന്നു. വഴിയുടെ ഇരുവശവും ആളുകൾ കാഴ്ചക്കരയി നിൽക്കുന്നുണ്ട് അല്പനിമിഷങ്ങൾക്കകം ആ കാഴ്ച ഞാൻ കണ്ടു. ഹൃദയം പിളർക്കുന്ന കാഴ്ച. ഒരു മനുഷ്യനെ കൊല്ലുവാൻ കൊണ്ടുപോകുകയാണ്. അയാളെ തൂക്കാൻ ഉള്ള ക്രൂശു അയാളെക്കൊണ്ട് തന്നെ ചുമപ്പിക്കുന്നു. ആ മനുഷ്യന് സ്വയം നിവർന്നു നിൽക്കാൻ കൂടി വയ്യയിരുന്നു ഇടയ്ക്കിടെ ഉരുളൻ കല്ലുകളിൽ തട്ടി മുഖമടച്ചു വീഴും അപ്പൊ ആ മരത്തടി അദ്ദേഹത്തിന്റെ പുറത്തേക്ക് ശക്തമായി പതിക്കും ഒന്ന് നിലവിളിക്കാൻ പോലും ശേഷിയില്ലാതെ ഞരങ്ങുന്ന ആ മനുഷ്യൻ ആരാണെന്ന് ആദ്യം എനിക്ക് മനസിലായില്ല കുറച്ചു കൂടി അടുത്തെത്തിയപ്പോൾ മുഖം വ്യക്തമായി കണ്ടു.അത് ആ റബ്ബി ആയിരുന്നു. തെരുക്കോണുകളിലും പള്ളികളിലും ഒക്കെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ആ നല്ല മനുഷ്യൻ. എന്നാൽ തിരിച്ചറിയാൻ കഴിയാത്ത വിധം ആ മുഖം വികൃതം ആയിരിക്കുന്നു. മുഖത്തു നിന്ന് ഒഴുകുന്ന രക്തവും നിലത്തു വീണപ്പോൾ പറ്റിയ മണ്ണും തമ്മിൽ കൂടിക്കുഴഞ്ഞു ആകെ വികൃതമായിരിക്കുന്നു. നോക്കാൻ പോലും ത്രാണി ഇല്ലാതെ ഞാൻ മുഖം തിരിച്ചു. പെട്ടെന്ന് ആരോ എന്റെ കയ്യിൽ കയറി പിടിച്ചു, ഞാൻ ഞെട്ടി മുഖം ഉയർത്തി. “…ഇങ്ങോട്ട് വാടാ….”എന്ന് ആക്രോശിച്ചു കൊണ്ട് പടയാളികളിൽ ഒരാൾ എന്റെ കയ്യിൽ പിടിച്ചിരിക്കുന്നു. ഞാൻ ഭയന്ന് പോയി… ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞു ആ കൈ വിടുവിക്കാൻ നോക്കി. പക്ഷെ സാധിച്ചില്ല. എന്നെ വലിച്ചിഴച്ചു ആ മനുഷ്യന്റെ അടുക്കൽ എത്തിച്ചു, എന്നിട്ട് എന്നെ നോക്കി ആ മരക്കുരിശിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ആക്രോശിച്ചു ഉം…… എടുക്ക് പകലത്തെ അധ്വാനം നിമിത്തം ക്ഷീണിച്ചിരുന്ന എനിക്ക് അത് സാധിക്കുമായിരുന്നില്ല. പക്ഷെ ഒരു മാംസാക്കഷണം പോലെ ആ കുരിശിന്റെ അടിയിൽ കിടക്കുന്ന മനുഷ്യനെ കണ്ടപ്പോൾ എനിക്ക് പിന്മാറാൻ കഴിഞ്ഞില്ല. ഞാൻ വേഗം കുനിഞ്ഞു സർവ ശക്തിയുമെടുത്തു ആ മരക്കുരിശ് പൊക്കാൻ ശ്രമിച്ചു. അതിന്റെ ഭാരം ഞാൻ ഊഹിച്ചതിലും അപ്പുറം ആയിരുന്നു. എനിക്ക് ഒന്ന് ആനക്കുവാൻ പോലും കഴിഞ്ഞില്ല. ഞാൻ അത്ഭുതപെട്ടു. ഈ മനുഷ്യൻ എങ്ങനെ ഇത് ചുമന്നു ഇവിടെ വരെ എത്തി….? ഒരു പടയാളി എന്റെ നേരെ ചാട്ടവർ ഉയർത്തി ഉച്ചത്തിൽ പറഞ്ഞു “…..നോക്കി നിൽക്കാതെ വേഗം എടുക്ക്…”ഞാൻ വീണ്ടും കുനിഞ്ഞു മരത്തിനടിയിൽ പെട്ടു കിടക്കുന്ന ആ മനുഷ്യനെ നോക്കി, അസഹ്യമായ വേദന നിമിത്തം ഉറക്കെ കരയാനുള്ള ശേഷി പോലും ഇല്ലാതെ ഞരങ്ങുകയാണ്.. ഒരു നിമിഷം…… .അവൻ എന്നെ ഒന്ന് നോക്കി, ആ നോട്ടം എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പോലെതോന്നി. ഞാൻ നോക്കി നിൽക്കെ ആ മനുഷ്യൻ, തന്റെ മുതുക് കൊണ്ട് കുരിശ് അല്പം ഉയർത്തി. ഉടൻ തന്നെ ഞാൻ അതിനെ താങ്ങാൻ ശ്രമിച്ചു.എങ്കിലും നിരാശ ആയിരുന്നു ഫലം. എന്നിട്ടും ഞാൻ അതിൽ നിന്ന് പിടിവിട്ടില്ല. വളരെ ക്ലേശത്തോടെ അവൻ അത് ഉയർത്തി, ഏന്തി വലിഞ്ഞു നടന്നു തുടങ്ങി.അവനോട് ചേർന്ന് ആ കുരിശും താങ്ങി ഞാനും നടന്നു. ഒന്ന് തളരുമ്പോൾ, പിന്നിൽ നിന്ന് ചാട്ടവർ ഒരു ശീൽക്കാരത്തോടെ വന്നു അവനെ ചുറ്റും.അപ്പോൾ രക്തത്തുള്ളികൾ ആണ് ചുറ്റും തെറിക്കുന്നത്. ഞാൻ നിസ്സഹായതയോടെ അവനെ നോക്കി. പക്ഷെ അപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം അവന്റെ കണ്ണുകൾ ഒരു പരാജിതന്റെ കണ്ണുകൾ ആയിരുന്നില്ല, എന്നോടുള്ള കരുണ മാത്രമായിരുന്നു ആ കണ്ണുകളിൽ, താൻ പ്രാണ വേദനയിൽ ആയിരുന്നിട്ടും എന്നോടുള്ള കരുതൽ….!! അതെന്നെ വല്ലാതെ ഉലച്ചു എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ എത്ര പാപിയാണ് എന്ന തിരിച്ചറിവ് എന്നെ തകർത്തു കളഞ്ഞു. അപ്പോഴേക്കും പടയാളികൾ, മതി നിന്റെ സഹായം മാറി നിൽക്ക് എന്ന് പറഞ്ഞു എന്നെ തള്ളി മാറ്റി. അരുത് എന്നെ അവനിൽ നിന്നും അകറ്റരുത് അതൊരു നീതിമാൻ ആണ്……… ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു, എന്നാൽ ജനക്കൂട്ടത്തിന്റെ ആരവത്തിൽ ഞാൻ വിളിച്ചു പറഞ്ഞത് ആരും കേട്ടില്ല. തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ മനസ് വല്ലാതെ പ്രഷുബ്ധം ആയിരുന്നു.

യ്ഥാർത്ഥത്തിൽ ഞാൻ ആണോ ആ മനുഷ്യനെ സഹായിച്ചത് അതോ എന്നെയോ……!!?പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം ഹൃദയത്തിൽ നിറഞ്ഞു. ആ മനുഷ്യൻ സാധാരണക്കാരൻ അല്ല,
അവൻ ദൈവപുത്രൻ ആണ് എന്ന് എനിക്കുറപ്പാണ്. ഞാൻ പറഞ്ഞു നിർത്തി. ശേഷം മുഖം ഉയർത്തി അവരെ നോക്കി.
ഭാര്യയുടെയും മക്കളുടെയും കണ്ണുകളിലെ നനവ് അരണ്ട വെളിച്ചത്തിലും എനിക്ക് കാണാൻ കഴിഞ്ഞു. അൽപനേരം നിശബ്ദമായി ഇരുന്നു. പിന്നെ എഴുന്നേറ്റു അകത്തേക്കു നടന്നു.
അപ്പാ… ഇളയ മകൻ വിളിച്ചു, ഞാൻ തിരിഞ്ഞു അവനെ നോക്കി. അപ്പാ അപ്പൻ ശരിക്കും ആ കുരിശ് ചുമന്നോ…….? അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം കണ്ണുകൾ അടച്ചു മൗനമായി നിന്നു. എന്നിട്ട് പറഞ്ഞു, “”ചുമന്നു, പക്ഷെ അവന്റെ കൃപയാൽ…. “അത്രയും പറഞ്ഞു ഞാൻ അകത്തേക്ക് പോയി.

കുഞ്ഞുമോൻ ആൻ്റണി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.