ഭാവന: സ്വർഗവാതിൽക്കൽ ഒരുന്തും തള്ളും! | റോയി ഇ. ജോയി, ഹൈദരാബാദ്

കുതിരകളെ പൂട്ടിയ ഒരു രഥത്തിൽ വെള്ളിപോലെ തിളങ്ങുന്ന ഒരു ദൂതനാണ് സാറിനെ കൂട്ടിക്കൊണ്ടുപോയത്. മുകളിലേക്കുള്ള ആ യാത്ര, ഹോ! വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. കണ്ണടച്ചു തുറക്കും മുൻപ് സ്വർഗവാതിൽക്കൽ എത്തിക്കഴിഞ്ഞില്ലയോ! രഥത്തിൽനിന്ന് ഇറക്കിയശേഷം പത്രോസിന്റെ അടുത്തേക്ക് പോകുവാൻ ചൂണ്ടിക്കാണിച്ചിട്ട് അടുത്തയാളെ കൊണ്ടുവരാനായി ദൂതൻ പോയി…

​ഒരൊറ്റ മനുഷ്യന്റെ ഹൃദയത്തിൽപോലും തോന്നിയിട്ടില്ല സ്വർഗവാതിൽക്കൽ ഇങ്ങനൊരുന്തും തള്ളും ഉണ്ടാകുമെന്ന്. ഇതെന്താ സെക്രട്ടറിയേറ്റിന്റെ ഗേറ്റാണോ? അവിടാണേൽ 24 മണിക്കൂറും ഇൻക്വിലാബും സിന്ദാബാദും കേൾക്കാതെ അകം പുറം കയറിയിറങ്ങാനൊക്കുകയില്ല! സിന്ദാബാദും ബന്ദും ദൈവത്തിന്റെ സ്വന്തം നാട്ടിലെ തൊഴിലുറപ്പ് പരിപാടിയല്ലേ! എന്നാലിത് സ്വർഗമാണ്. പറഞ്ഞിട്ടെന്തു കാര്യം. പാപി ചെല്ലുന്നിടം പാതാളം എന്ന് ആരോ പറഞ്ഞതുപോലെയായി കാര്യങ്ങൾ. ഉയിർസൺ സാർ ചെല്ലുന്നിടത്തെല്ലാം ഒരുഗ്രവാദം പതിവാണെന്നാണ് അറിയാവുന്നവർ പറയുന്നത്. അതു തന്നെ ഇവിടെയും സംഭവിച്ചു. എല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു.
​പ്രശ്നം ഇതായിരുന്നു, ഉയിർസൺ സാറിന് ആ സഭാ നേതാവിനെ ഒട്ടുമേ ഇഷ്ടമല്ലായിരുന്നു. അതിനു കാരണമുണ്ട്. കാശു മുടക്കി, പാടുപെട്ട്, ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം സഭാ തിരഞ്ഞെടുപ്പ് ജയിച്ചതും താനിഷ്ടപ്പെടുന്നതും ആദരിക്കുന്നതുമായ നേതാവിനെതിരെ അയാൾ കേസു കൊടുത്തില്ലേ? പിന്നെ എത്ര കാത്തിരിപ്പ് നടത്തിയും കാശുമുടക്കിയും വക്കാലത്തു പിടിച്ചുമാണ് ആ കേസു ജയിച്ചതെന്ന് ആർക്കെങ്കിലും അറിയാമോ? അന്നേ മനസിൽ കുറിച്ചതാണ് ഈ കേസുകെട്ടിനെ സ്വർഗ്ഗത്തിന്റെ ഒരു പടിപോലും കേറ്റുകേലെന്ന്. അല്ല, ഇയാളെ പോലുള്ളവർ സ്വർഗത്തിൽ പോകുമോ? ആരും പോയില്ലെങ്കിലും ഞാനും എന്റെ കുടുംബവും പോകും. കർത്താവ് ആ ഉറപ്പ് എനിക്കു പണ്ടേ തന്നതാണ്.

​ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായി, മാസങ്ങൾ വർഷങ്ങളായി റോക്കറ്റുപോലെയാ പോയത്. പക്ഷേ, ആരും അത് ശ്രദ്ധിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിനം സാർ നിദ്രയിലായി. ഉറങ്ങാൻ കിടന്നതു മാത്രമേ ഓർമയുള്ളൂ. നീതിമാന്റെ മരണം ഉറക്കംപോലെയാണല്ലോ! രണ്ടു കുതിരകളെ പൂട്ടിയ ഒരു രഥത്തിൽ വെള്ളിപോലെ തിളങ്ങുന്ന ഒരു ദൂതനാണ് സാറിനെ കൂട്ടിക്കൊണ്ടുപോയത്. മുകളിലേക്കുള്ള ആ യാത്ര, ഹോ! വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. കണ്ണടച്ചു തുറക്കും മുൻപ് സ്വർഗവാതിൽക്കൽ എത്തിക്കഴിഞ്ഞില്ലയോ! രഥത്തിൽനിന്ന് ഇറക്കിയശേഷം പത്രോസിന്റെ അടുത്തേക്ക് പോകുവാൻ ചൂണ്ടിക്കാണിച്ചിട്ട് അടുത്തയാളെ കൊണ്ടുവരാനായി ദൂതൻ പോയി. മോടേം മോന്റേം അടുത്തേക്ക് US ലേക്കു പല തവണ നടത്തിയ യാത്ര സാറ് ഓർത്തുപോയി. എത്ര മണിക്കൂറാ എയർപോർട്ടിൽ കാത്തിരിക്കേണ്ടത്! ചിലപ്പോൾ ഒരിടത്തിറങ്ങി അടുത്ത ഫ്ലൈറ്റ് പിടിക്കാൻ പെട്ടീം പാസ്പോർട്ടും പിടിച്ചോണ്ട് ഓടണം, അല്ലെങ്കിൽ ഫ്ലൈറ്റ് മിസ്സാകും.
​ഈ സമയം ദൂതന്മാർ ഓരോരുത്തരെ കൊണ്ടുവരുന്നുണ്ടായിരുന്നു. അതിനാൽ അവിടെ വലിയൊരു കൂട്ടമുണ്ടായിരുന്നു. ഓരോരുത്തരും ഓരോ ഭാഷയിൽ എന്തൊക്കെയോ പറയുന്നു. പക്ഷേ, സാറിന് ഒന്നും മനസ്സിലായില്ല. സ്വർഗ്ഗത്തിലെ ഭാഷ പഠിച്ചെടുക്കാൻ കുറെ ദിവസം വേണ്ടിവരുമെന്ന് തോന്നുന്നു. എന്നാലും ഒരു സംശയം, ദൈവത്തിന്റെ സ്വന്തം നാട് അല്ലാത്തയിടങ്ങളിലും ദൈവമക്കളുണ്ടോ? അവരൊക്കെ നമ്മെപോലെ സത്യാരാധനക്കാരാണോ? വിവിധ ഭാഷകളിൽനിന്നും ജാതികളിൽനിന്നും ഗോത്രങ്ങളിൽനിന്നും വംശങ്ങളിൽനിന്നും ഉള്ളവരായിരിക്കുമെന്ന് സാറ് ആത്മഗതം ചെയ്തു.
​അവിടത്തെ വർണനാതീതമായ കാഴ്ചകൾ കണ്ട് സാറ് സ്തോത്രം സ്തോത്രം എന്ന് പറഞ്ഞു. അന്നേരം ഒരാൾ പറഞ്ഞു, ഇതു സ്വർഗമാണ് ഇവിടെ ഹല്ലേലുയ്യാ മാത്രമേ പറയാവൂ. സാറിനത് ഒട്ടും പിടിച്ചില്ല, എന്നിട്ടും ഒന്നും തിരിച്ചുപറഞ്ഞില്ലായെന്നത് അത്ഭുതത്തിൽ കുറവായതൊന്നുമല്ല.

(ഇടയ്ക്കു പറയട്ടെ, ഉപദേശവിഷയങ്ങളിൽ സാറ് കടുകിട വിട്ടുവീഴ്ച ചെയ്യില്ല. ഒരിക്കൽ വല്യ ചർച്ചയ്ക്കു കാരണമായ ഒരു ലേഖനമെഴുതി. ചുരുക്കം ഇതായിരുന്നു: ദൈവത്തെ നീ എന്ന് വിളിക്കുക, കൃഷ്ണമണി (സങ്കീർത്തനം 17.8, സെഖര്യാവ് 2.8) മുതലായ ബൈബിളിലെ ചില പ്രയോഗങ്ങൾ ശരിയല്ല. ‘കൃഷ്ണ’ എന്നതിന് കറുത്ത, ആകർഷണീയമായ എന്നൊക്കെ അർഥങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടും സാറ് സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. അതൊരു ജാതീയ ദേവനു മുൻ‌തൂക്കം കൊടുക്കുമത്രേ. അതേറ്റു പിടിച്ച് ഒരാള് വേദപുസ്തക വിവർത്തനവിചാരം നടത്തി. മലയാളം ബൈബിളിൽ ആകെ വിവർത്തനപ്പിശക് ആണത്രേ.)
​ഈ സമയം പത്രോസും സെക്രട്ടറിമാരും ആളുകളുടെ യോഗ്യത സർട്ടിഫിക്കറ്റ് നോക്കി ഉറപ്പുവരുത്തി ഓരോരുത്തരെ മഹാസന്തോഷത്തിലേക്കു പ്രവേശിപ്പിക്കുന്ന തിരക്കിലായിരുന്നു. അതിരില്ലാത്ത സന്തോഷത്തിലേക്ക് കയറുന്ന ആകാംക്ഷയിൽ എല്ലാവരും സ്തുതിഗീതങ്ങൾ പാടി കുഞ്ഞാടുകളെപോലെ തുള്ളിച്ചാടി നിന്നു.
​അവിടമാകെ എന്തൊരു പ്രകാശമായിരുന്നു. ഒരായിരം സൂര്യന്മാർ ഒന്നിച്ചു പ്രകാശിച്ചാലും ഇത്രയും വരില്ല. ആ വെളിച്ചത്തിന്റെ സ്രോതസ്സ് സ്വർഗത്തിനകത്തായിരുന്നു. നിഴലുകളില്ലാത്ത എന്തൊരു ദേശം! രാജാവു തന്നെയായിരുന്നു അതിന്റെ വെളിച്ചം. അകത്തുനിന്നുള്ള ഗാനങ്ങളുടെ ശബ്ദവീചികൾ പുറത്തേക്ക് ഒഴുകിവന്നു. ഭൂമിയിലെ സകല വാനമ്പാടികളും ചേർന്നു പാടിയാൽ പോലും ഇത്രയും ശ്രുതിമധുരമാകില്ല. ഹാ! സ്വർഗവാതിൽക്കൽ ഇത്രയുമെങ്കിൽ അകത്ത് എന്തായിരിക്കും! ഒരു കണ്ണ് കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല. സാറിന് സന്തോഷംകൊണ്ട് ചിരിക്കണോ കരയണോ തുള്ളിച്ചാടണോ, എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.

​ആ സന്തോഷത്തിൽ അങ്ങനെ മതിമറന്നു നിൽക്കുമ്പോഴാണ് രണ്ടു ദൂതന്മാർ ഒരാളെ കൊണ്ടുവരുന്നത് സാറിന്റെ ശ്രദ്ധയിൽ പെട്ടത്. തനിക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതേ, ആ കേസുകേട്ട് നേതാവാണത്. ഇതെങ്ങനെ സാധിച്ചു? സാറ് അന്തംവിട്ടു നിന്നു. നേതാവ് വന്നിറങ്ങിയ പാടേ സന്തോഷം അടക്കാനാവാതെ നേരെ പത്രോസിന്റെയടുത്തേക്ക് നടന്നു. അതു കണ്ട സാറിനു സഹിച്ചില്ല. “നില്ക്കവിടെ! നിനക്കിവിടെന്തു കാര്യം? ഞങ്ങളെപോലുള്ള വിശുദ്ധന്മാർക്കുള്ളതാണ് സ്വർഗം.” സാറ് വഴി തടഞ്ഞു നിന്നു. നേതാവ് ശാന്തനായി പറഞ്ഞു, “സാറേ, മാറ്. നമ്മൾ എല്ലാ വിശ്വാസികൾക്കും കഴിയുവാനുള്ള അനേകം വാസസ്ഥലങ്ങൾ ഇവിടെയുണ്ട്. അതാ, പത്രോസ് നോക്കുന്നു. എന്നെ വിടുക.” ഉയിർസൺ സാറിന് ഉയിരുണ്ടെങ്കിൽ വിടുകേല. പണ്ടേ നിനച്ചതാണ് ഇത്തരം കള്ളന്മാരെയും ചുങ്കക്കാരെയും സ്വർഗരാജ്യത്തിലേക്ക് കയറ്റുകയില്ലെന്ന്.

​നേതാവിന്റെ ക്ഷമ നശിച്ചു. സാറിനെ പിടിച്ചു പതുക്കെ ഒന്നു തള്ളി. മുട്ടുവേദനകൊണ്ട് പാടുപെട്ടിരുന്ന സാറ് മുട്ടു മടങ്ങി വീണു. മറ്റുള്ളവർ ഓടിവന്നു താങ്ങിയെണീപ്പിച്ചു. രണ്ടു കാലേൽ നിന്നശേഷം സാറ് നേതാവിനെ തള്ളിയിട്ടു. അപ്പോഴേക്കും ആളുകൾ ഓടിക്കൂടി ഉന്തും തള്ളും കൊണ്ടു രംഗം വഷളായി. ഉടനെ പത്രോസ് എന്തോ ഉച്ചത്തിൽ പറഞ്ഞു. അകത്തുനിന്ന് രണ്ടു പ്രകാശരൂപികൾ വന്ന് രണ്ടുപേരെയും പിടിച്ചുമാറ്റിയിട്ടു സാറിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. സ്വർഗീയ രാജാവിനെ കാണിക്കുവാനുള്ള സർട്ടിഫിക്കറ്റ് എടുക്കാൻ പറഞ്ഞു. സാറ് പോക്കറ്റിൽ തപ്പി, പോക്കറ്റിലില്ല. താഴെ വീണപ്പോൾ പോയതാണോ, അവിടൊന്നും കണ്ടില്ല. അപ്പോഴാണ് ഓർത്തത് പോരാൻ നേരം ഒന്നും എടുത്തില്ലല്ലോയെന്ന്. സാറ് കൈ മലർത്തി സോറി എന്ന് പറഞ്ഞു. വേറെന്തു പറയാൻ?
​ദൂതന്മാർ ഉയിർസൺസാറിനെ പൊക്കിയെടുത്ത് ആകാശത്തൂടെ പറന്ന് നരകവാതിലിന് മുന്നിൽ കൊണ്ടു നിർത്തിയിട്ടു അവിടെനിന്ന് നേരെ താഴേക്കു പൊയ്ക്കൊള്ളാൻ പറഞ്ഞു. സ്വർഗവാതിലിന്റെ മുൻപിൽനിന്ന് നരകത്തിലേക്കും പോകാമെന്ന് ഇപ്പോഴാണ് സാറിനു മനസ്സിലായത്. ബോധം കെടുന്നതുപോലെ തോന്നി. രക്ഷിക്കണേയെന്ന് നിലവിളിച്ചുകൊണ്ട് ആഴത്തിലേക്കു മറിഞ്ഞുവീണു. ഭാഗ്യത്തിന് കട്ടിലിൽനിന്ന് താഴെ വീണില്ല. അന്നേരമാണ് മനസ്സിലായത് ഇതൊരു സ്വപ്നമായിരുന്നുവെന്ന്.
​കട്ടിലിൽനിന്ന് ചാടിയെണീറ്റു വിറയ്ക്കുന്ന സാറിനെ കണ്ട് ഭാര്യ ഞെട്ടി എണീറ്റു. “ഓ ദൈവമേ, പകലും രാത്രിയിലും
​ഈ മനുഷ്യൻ സ്വസ്ഥത തരില്ല.” സാറു പറഞ്ഞു “അതല്ലടീ, ഞാനൊരു ദുഃസ്വപ്നം കണ്ടു പേടിച്ചുപോയി.” “അതിനു ഞാനെപ്പോഴും പറയുന്നതാണ്, മനുഷ്യാ, ബൈബിൾ വായിച്ചിട്ടുവേണം കിടക്കാനെന്ന്. എവിടെ കേൾക്കാൻ? ‘ഉപ്പും മുളകും’, ‘തട്ടീം മുട്ടീം’ ഒക്കെ കാണാതെ ഒരു ദിവസവും ഉറങ്ങുകയില്ലെന്ന് നിർബന്ധമല്ലിയോ.” സാറിനു തോന്നി ആ പറയുന്നതിൽ കാര്യമുണ്ടെന്ന്. അവസാനത്തെ ആ വലിയ ദിവസത്തിനുവേണ്ടി താൻ വേണ്ടവിധം ഒരുങ്ങിയിട്ടില്ലെന്ന് സാറിനു തോന്നി.
​ഉയിർസൺ സാർ ചില തീരുമാനങ്ങളെടുത്തു: ഒന്നാമതു ചെന്ന് സഹോദരനോട് നിരന്നുകൊള്ളും (മത്തായി 5:24), കൂട്ടുകാരനെ തന്നെപോലെ തന്നെ സ്നേഹിക്കും (മത്തായി 22:39), തന്നേക്കാൾ മറ്റുള്ളവരെ ശ്രേഷ്ഠർ എന്നെണ്ണും (ഫിലിപ്പിയർ 2:3), സഹോദരനെ പകയ്ക്കുകയില്ല (ലേവ്യർ 19:17, 1യോഹന്നാൻ 1:9-11), സഭായോഗങ്ങളെ ഉപേക്ഷിക്കുകയില്ല (എബ്രായർ 10:24), സുവിശേഷം മറ്റുള്ളവരോട് പറയും, സോഷ്യൽ മീഡിയയുടെ ഉപയോഗം കുറച്ചിട്ട് ബൈബിൾ വായിക്കും പ്രാർത്ഥിക്കും. സന്തോഷവും സമാധാനംവും നിറഞ്ഞ മനസ്സോടെ സാറ് വീണ്ടും കിടന്നെങ്കിലും ഉറക്കം വന്നില്ല. എഴുന്നേറ്റു ബൈബിൾ വായിക്കാൻ തുടങ്ങി. അയൽവീട്ടിലെ പൂവങ്കോഴി നീട്ടിക്കൂവി. അതിവേഗം പ്രഭാതമായി. ദൈവമക്കൾ കൂടിച്ചേർന്നു പ്രാർത്ഥിക്കുന്ന ഓൺലൈൻ പ്രയറിൽ പങ്കുചേരാനായി ഉയിർസൺ സാർ അതിവേഗം തയ്യാറെടുത്തു.
ശുഭം!!

(റോയി ഇ. ജോയി, ഹൈദരാബാദ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.