സംഭവകഥ: ശുഭപ്രതീക്ഷയോടെ… | രാജൻ പെണ്ണുക്കര, മുംബൈ

ന്നൊരു ഡിസംബർ മാസത്തെ ശനിയാഴ്ചയായിരുന്നു. പതിവുപോലുള്ള സായാഹ്ന സവാരിക്ക് ഞാനും ഇറങ്ങി.

മനസ്സിൽ ഒഴുകിവന്ന പ്രത്യാശയുടെ ഗാനങ്ങൾ മൂളിപ്പാട്ടുകളായി ചുണ്ടുകളിൽ ഒഴുകിവന്നു. മന്ദമാരുതൻ മുഖത്തെയും മുടികളെയും തലോടി തഴുകി പോയ്‌ക്കൊണ്ടിരുന്നു. തണുത്ത കാറ്റിന്റെ തലോടൽ ശരീരത്തിനാകെ ഒരു പ്രേത്യേക ഉന്മേഷവും, കുളിരും, ആത്മീക അനുഭൂതിയും പകർന്നേകി.

സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും എത്തി നോക്കിയിട്ട് അങ്ങകലെ മറയുവാൻ പോകുന്നു. അന്തിചെമ്മാനം കൊണ്ട് ആകാശമാകെ ചായം പൂശിയതുപോലെ തോന്നി. സഹയാത്രികരായി പലരും കൂടെയുണ്ടെങ്കിലും, ആർക്കും ആരെയും ശ്രദ്ധിക്കുവാൻ സമയം ഇല്ല.

അപ്രതീക്ഷിതമായി, ഒരു കരച്ചിലിന്റെ ശബ്ദം എന്റെ കാതുകളിൽ എവിടെനിന്നോ അലയടിച്ചു. ആ ദീനരോദനം കേട്ട ഭാഗത്തേക്ക്‌ ഞാൻ തിരിഞ്ഞു നോക്കി. എന്റെ കണ്ണുകൾക്ക് അതോട്ടും വിശ്വസിക്കുവാൻ കഴിഞ്ഞില്ല.

മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട്, ശരീരം ആസകലം മുറിവെറ്റ്, രക്തംപുരണ്ട്, മരണത്തോട് മല്ലടിച്ചു പിടക്കുന്ന ശരീരം. ഇറ്റു വെള്ളത്തിനായി കേഴുന്ന കണ്ണുകൾ, ജീവനും മരണവും തമ്മിൽ പോരാടുന്നതു പോലെ തോന്നി.

വേഗത്തിൽ ഞാൻ അടുത്തു ചെന്നു. ആ ശരീരത്തിന്റെ പിടച്ചിൽ കണ്ട് എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു. മനസ്സു പറഞ്ഞു ഇവളെ എങ്ങനെയെങ്കിലും മരണത്തിൽ നിന്നും രക്ഷിക്കണം. പണ്ട് സാറമ്മ അമ്മച്ചി സണ്ടേസ്കൂളിൽ പഠിപ്പിച്ച നല്ല ശമര്യാക്കാരന്റെ കഥ പെട്ടെന്ന് ആരോ ഓർമ്മപ്പെടുത്തുന്നതു പോലെ തോന്നി.

എന്നാൽ മനസ്സിൽ വേറെ ആരോ മന്ത്രിക്കുന്ന ശബ്ദവും സ്പഷ്ടമായി കേട്ടു, “വേണ്ടാത്ത വയ്യാവേലി തലയിൽ കയറ്റണ്ടാ”. നി ഒരു പുരോഹിതനൊ, ലേവ്യനൊ ആയാൽ മതി. അതും ഒരു പെണ്ണ്, എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും.

എന്നാൽ മറുവശത്തു സൗമ്യമായി ഹൃദയത്തിൽ പറയുന്ന മന്ദസ്വരം ഞാൻ കേട്ടു, “നിനക്കൊരു നല്ല ശമര്യക്കാരനായി മാറിക്കൂടെ.”…..

പെട്ടെന്ന് മനസ്സിൽ കൂടി കടന്നുവന്നത് ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി. സ്ത്രീകൾക്ക് സുരക്ഷയില്ല, എവിടെയും രാക്ഷസകണ്ണുകൾ, കടിച്ചുകീറുന്ന ചാവാലി പട്ടികളെ പോലുള്ളവർ, തരം കിട്ടിയാൽ എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യർ.

മനുഷ്യത്വം പൂർണമായും നഷ്ടപ്പെട്ട്, സ്നേഹം അറിയാത്ത, സ്വന്തം കാര്യം മാത്രം നോക്കുന്ന സെൽഫി ഭ്രാന്തമാരുടെ ലോകം. ആതുര ശുശ്രൂഷ പോലും മറന്നുപോയ മനുഷ്യർ….

ഞാനും ആ കൂട്ടത്തിൽ പെട്ടവൻ ആയി മാറിയോ എന്ന ചിന്ത എന്നേ വല്ലാതെ അലട്ടി. എന്തും വരട്ടെ എന്നു വിചാരിച്ച് ഞാൻ അവളെ കോരിയെടുത്ത് മാറോടണച്ചു. ചുറ്റും നോക്കി ആരും ഒന്നും കാണുന്നില്ല എന്നു ഉറപ്പുവരുത്തി. അപ്പോഴും അവളുടെ ഹൃദയം അതിവേഗമിടിക്കുന്നുണ്ടായിരുന്നു. എന്റെ അന്നത്തെ സവാരി അവസാനിപ്പിച്ച് തിരികെ വീട്ടിലേക്ക് നടന്നു.

ഇല്ല, എന്തു വന്നാലും ഞാൻ അവളെ മരണത്തിനു വിട്ടു കൊടുക്കില്ല എന്ന ദൃഢനിശ്ചയം ആ നടത്തത്തിന്റെ വേഗത കൂട്ടി.

പോലീസിൽ പരാതിയുമായി പോകണമോ, പോയാൽ ഉണ്ടാകുന്ന ഭൗഷ്യത്തുകൾക്കും അവരുടെ ചോദ്യശരങ്ങൾക്കും എന്തു മറുപടി കൊടുക്കും. സാരമില്ല, എന്തുവന്നാലും അപ്പോൾ കാണാം എന്ന് മനസ്സു പറഞ്ഞുകൊണ്ടിരുന്നു. എന്തു പ്രതികൂലം വന്നാലും എന്റെ സ്വന്തം മക്കളുടെ കൂടെ ഇവളെയും മകളെ പോലെ വളർത്തും. ഒരു നല്ല ജീവിതത്തിന്റെ ഉടമയാക്കി മാറ്റും എന്നൊക്കെ മനസ്സു മന്ത്രിച്ചു.

വീട്ടിൽ ചെന്ന് അവളുടെ മുറിവുകൾക്ക് പരിരക്ഷ നൽകി, അവളെ സ്നേഹത്തോടെ ശുശ്രൂഷിച്ചു. അതേ അവളിൽ ജീവന്റെ തുടിപ്പുകൾ അലയടിക്കാൻ തുടങ്ങി. നാളുകൾ കഴിഞ്ഞു, അവൾ ആരോഗ്യവതിയായി, സുന്ദരിയായി, സുശീലയായി വളർന്നു കൊണ്ടിരുന്നു.

ആഴ്ചകൾ കഴിഞ്ഞപ്പോൾ, അവൾ മിടുമിടുക്കായി മാറിയിരുന്നു. എന്റെ സ്നേഹം കൊണ്ട് അവളെ വീർപ്പു മുട്ടിച്ചു. ഒരു നിമിഷം പോലും എന്നെ പിരിഞ്ഞിരിപ്പൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.

അപ്പോഴും മനസ്സു പറയുന്നുണ്ടായിരുന്നു “നീ ഒരുകാര്യം എപ്പോഴും ഓർത്തുകൊൾക”, “പത്തു വളർത്തമ്മ ചമഞ്ഞാലും, ഒരു പെറ്റമ്മയാകാൻ ആർക്കും കഴിയുകയില്ല”.

ഒത്തിരി പുതിയ പാട്ടുകൾ പഠിപ്പിച്ചു. എപ്പോഴും എന്റെ കൂടെ മാത്രം. എന്നെ പിരിഞ്ഞിരിക്കാൻ ഒരു നിമിഷം പോലും അവൾക്കു കഴിഞ്ഞിരുന്നുന്നില്ല.

ദൈവം വചനവും, ഉപദേശങ്ങളും, ഞാൻ പറഞ്ഞു കൊടുക്കുമ്പോൾ മനസ്സിലായില്ലയെങ്കിലും ശ്രദ്ധയോടെ കേട്ടു ഇരിക്കുമായിരുന്നു.

പ്രലോഭനങ്ങളിൽ വീണുപോകരുത്, ചതിവിന്റെയും, വഞ്ചനയുടെയും, പഞ്ചാരവാക്കിന്റെയും ലോകമാണ്. ജഡമോഹം വരരുത്, കൺമോഹം ഒട്ടും പാടില്ല എന്നു പറയുമ്പോൾ തലകുലുക്കി സമ്മതിക്കുമായിരുന്നു.

അടുക്കും ചിട്ടയും ശുദ്ധിയുള്ളതുമായ ജീവിതം. എനിക്ക് അവളെ പൂർണ്ണ വിശ്വാസമായിരുന്നു. ദിവസങ്ങൾ, ആഴചകൾ ആയി, ആഴ്ചകൾ മാസങ്ങൾ ആയി, മാസങ്ങൾ വർഷങ്ങൾ ആയത് ആരും അറിഞ്ഞില്ല. അവൾ വളർന്നത് പെട്ടെന്നായിരുന്നു.

അതിസുന്ദരി, താമരാക്ഷി, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരി, ആരേയും കൊതിപ്പിക്കുന്നു ശബ്ദം, ദൈവം അറിഞ്ഞു കൊടുത്ത സ്വരമാധുരി. ആരേയും പിടിച്ചു നിർത്തുന്ന പെരുമാറ്റം. വല്ലരീതിയിലും വഴി പിഴച്ചുപോകുമോ എന്നു തന്നേ ആയിരുന്നു എന്റെ ഭയവും!!!.

പക്ഷേ എന്നിലെ വിശ്വാസം, പലപ്പോഴും അവളെ തനിച്ചാക്കി വെളിയിൽ പോകുവാൻ ധൈര്യം പകർന്നു. ഞാൻ പോലും അറിയാതെ അവളിലെ സൗന്ദര്യബോധം അവൾ തിരിച്ചറിഞ്ഞു.

കുളിച്ചൊരുങ്ങി മിടുമിടുക്കിയായി ജനലിനടുത്ത് അവളുടെ കാർകൂന്തൽ ഉണങ്ങുവാൻ ഇരിക്കുമ്പോൾ, ആരും അറിയാതെ അവളെ ശ്രദ്ധിക്കുന്ന ഒരു പുരുഷനെ അവൾ കണ്ടില്ല. അവൻ പാത്തും പതുങ്ങിയും അവളെ നിരന്തരം വീക്ഷിക്കുവാൻ തുടങ്ങി. പാവം അവൾ അതൊന്നും അറിഞ്ഞതേയില്ല.

ചില ദിവസങ്ങൾ കഴിഞ്ഞു അവരുടെ കണ്ണുകൾ ഇടഞ്ഞു, പരസ്പരം സംസാരിച്ചു, സന്ദേശങ്ങൾ കൈമാറി. ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ അവൻ ഒരു സ്ഥിരം സന്ദർശകനായി മാറി. അവളിൽ രൂപന്തരം ഉണ്ടായിട്ടും എന്നിലെ അമിതവിശ്വാസം അവളെ സംശയിക്കാൻ അനുവദിച്ചില്ല.

ആഴ്ചകൾ കഴിഞ്ഞു. അപ്പോഴേക്കും അവർ പരസ്പരം ഹൃദയങ്ങൾ കൈമാറിയിരുന്നു, ഞാൻ പറഞ്ഞു കൊടുത്ത ദൈവവചനവും ഉപദേശങ്ങളും പാട്ടുകളും അവൾ പാടെ മറന്നു പോയിരുന്നു.

അവർ തമ്മിൽ ചില ധാരണകളിൽ എത്തിച്ചേർന്നു. സ്വന്തം മകളെ പോലെ നോക്കിയ വളർത്തച്ഛനെ ഉപേക്ഷിച്ച് അവളിലെ ജഡമോഹം വളർന്നു വലിയതായി, പ്രലോഭന വാക്കുകളിൽ അവൾ കുടുങ്ങി. എല്ലാ സുഖസൗകര്യങ്ങളും ചപ്പെന്നും ചവറെന്നും എണ്ണി, ഇന്നലെ കണ്ട പുരുഷനോടൊപ്പം അവൾ ഇറങ്ങി പോയി.

എന്റെ ദുഖവും കണ്ണുനീരും മനസ്സിലാക്കാൻ അവളുടെ ഹൃദയത്തിനു കഴിഞ്ഞില്ല. അപ്പോഴേക്കും അവൾ ഈ ലോകത്തിലേക്ക് പൂർണമായും അലിഞ്ഞു ചേർന്നു പോയിരുന്നു.

“അതേ ഒരിക്കൽ പ്രകാശനം ലഭിച്ചിട്ട് തിരഞ്ഞു പോയ ഭക്തന്റെ അവസ്ഥ”.

മാസങ്ങളോളം അവളെ ഓർത്തു ഞാൻ ദുഖിച്ചു. അവളിൽ ഒരു രൂപാന്തരം ഉണ്ടാകും അവൾ എന്നെങ്കിലും തിരിച്ചുവരും എന്ന പ്രത്യാശയോടെ..

കാലങ്ങൾ കഴിഞ്ഞു ദൈവം അവളുടെ ഉദരഫലത്തെ അനുഗ്രഹിച്ചു. ആദ്യത്തേതിൽ തന്നേ മൂന്നുമക്കൾ, ദൈവം പിന്നെയും അവളോട്‌ കരുണ കാണിച്ചു വീണ്ടും മൂന്നുമക്കൾ. അവൾ മന്ദം പറഞ്ഞു ദൈവം എന്നെ ഗോത്ര സംഖ്യക്ക് ഒത്തവണ്ണം അനുഗ്രഹിക്കും.

ഇന്നും, അവൾ എന്റെ പടി വാതിൽക്കൂടി കടന്നു പോകുന്നത് കാണാം. ഒന്ന് തിരിഞ്ഞു നോക്കുവാൻ പോലും മനസ്സില്ലാത്ത അവസ്ഥയിൽ അവളുടെ മനസ്സ് അത്രമാത്രം കല്ലായി മാറിയിരുന്നു.

“താത്കാലികമായ സുഖസൗകര്യങ്ങൾക്കു വേണ്ടി ഘനമായത് അവൾ ത്യജിച്ചുകളഞ്ഞു. ഒരിക്കലും മടങ്ങി വരാൻ കഴിയാത്ത പിൻമാറ്റം, അല്ല വീഴ്ച തന്നെ എന്നു പറയാം.

അതേ ഇന്നും ഞാൻ അവളെ കാത്തിരിക്കുന്നു. അവളുടെ ശബ്ദം ഒന്നു കേട്ടാൽ വേഗം ഞാൻ ഓടിയെത്തും, ഇല്ല.. എന്റെ ശബ്ദം അവൾ കേട്ടാൽ മടങ്ങി വരും എന്ന ശുഭ പ്രതീക്ഷയോടെ … അവൾ മാറ്റാരുമല്ല എന്റെ വീട്ടിലെ മൈന തന്നേ….ഞങ്ങളുടെ ചിന്റുമോൾ…

(രാജൻ പെണ്ണുക്കര, മുംബൈ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.