കവിത: നിൻ സൃഷ്ടിപ്പിൻ മാഹാത്മ്യം | രാജൻ പെണ്ണുക്കര

പരനെ നിൻ ശ്രേഷ്ഠമാം സൃഷ്‌ടിപ്പിനായ്
നമിച്ചീടുന്നു പാദാന്തികേ ഞാനിന്ന്,
നീ അതു ദാനമായിത്തന്നതോ
ദ്വയമായ്ത്തന്നേ മനുജരിൽ…

നയനമാണതിൻ പേരെന്ന്പറയുവാൻ
എൻമനം തുടിക്കുന്നു ആനന്ദത്താൽ..
അതുതന്നെ സൗന്ദര്യമെന്ന്
നിനക്കുന്നു മനുജനിന്നുലകിൽ.
അതിനേറെ ഭംഗിയേകാൻ
തന്നാലാവതു ശ്രമിച്ചിടുന്നു പലരും…
അതിൻ ആകൃതിയും പ്രകൃതിയും
വർണ്ണിക്കാനാവതില്ലേ മർത്യരാൽ…
കവിയിൻ വർണ്ണനപോലും
അപൂര്‍ണ്ണമേ സർവ്വദാ…

ആദ്യമായി മിഴികൾ തുറന്നപ്പോൾ
കണ്ട എൻഅമ്മതൻ പുഞ്ചിരി
പൗര്‍ണ്ണമി രാത്രിയിൻ പ്രഭക്കു
തുല്യമാകുമോ നിനച്ചാൽ….

മനുഷ്യാ നിൻ ദൃഷ്ടി സദാ
ധനത്തിന്മേൽ എന്നതും
നയനമേ നിനക്കോരിക്കലും
തൃപ്തി വരുന്നില്ലെന്ന്
ശലോമോൻ ഓതിയതും
ഓർക്കുന്നു സ്പഷ്ടമായ്…..

കണ്ണിന്റെ മോഹത്താൽ ജനിക്കുന്നു
പാപമിന്നു മനുഷ്യരിൽ..
കണ്ണുകടി എന്നോരു നാമവും
അതിനേകുന്നു പലരുമിന്നുലകിൽ…

പ്രായമിന്നേറുന്നു മനുജരിൽ
അക്ഷികളിൻ കാഴ്ച്ച നന്നേ
കുറയുന്നു അനുദിനം….
തപ്പിത്തടഞ്ഞവർ നടക്കുന്നു പലവിധം….
സദാ മിത്രമായെൻ കണ്ണട മാത്രമേ ശരണം….

മിഴികൾ നിറഞ്ഞു തുളുമ്പുന്നുപരനെ…
നീ നടത്തിയ വിധങ്ങളോന്നോർത്താൽ
കണ്ണുള്ളവൻ ലേശവും അറിയുന്നില്ല
കണ്ണില്ലാത്തവനിൻ ദുഃഖം..
അകമിഴി തുറന്നവർ കാണുന്നു എല്ലാം
സർവ്വേശ്വരന്റെ സൃഷ്ടിപ്പിൻ വൈഭവം….

വേദനിക്കുന്നവന്റെ കണ്ണീരിൻ മുൻപിൽ
മനസ്സലിവുണ്ടാകണം നമുക്ക്,
മറ്റൊരുവനിൻ വേദന കണ്ടാൽ
നിറഞ്ഞൊഴുകണം കണ്ണുകളെന്നും,
ഗദ്ഗദത്താൽ തൊണ്ട ഇടറണം
അതു തന്നെ ശുദ്ധ ഹൃദയത്തിൻ
ലക്ഷണം…

നിൻ സൃഷ്ടിപ്പിൻ
സൗന്ദര്യം ആസ്വദിച്ചിടുവാൻ
അവസരം ലഭിച്ചതോ
എൻമഹാഭാഗ്യം.

ദൈവത്തിൻ കണ്ണുകൾ
നോക്കുന്നു സർവ്വത്തേയും
നിൻ അദൃശ്യമാം നേത്രങ്ങളിൽനിന്നും
ഒളിച്ചിരിപ്പാൻ അവതല്ലേ ഒരുവനും.

രാജൻ പെണ്ണുക്കര
മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.