ലേഖനം: ആകാശവും ഭൂമിയും തമ്മിലുള്ള ഉയരം | സുരേഷ് ജോൺ,ചണ്ണപ്പേട്ട

മനുഷ്യർക്ക് കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.അതിലൊന്നാണ് ആകാശവും ഭൂമിയും തമ്മിലുള്ള ഉയരം അളക്കുവാൻ കഴിയാത്തത്..
പറഞ്ഞു വരുന്നത് നമ്മെ ഓർത്തുള്ള നമ്മുടെ വിചാരങ്ങളെപ്പറ്റിയാണ്.അതും മേല്പറഞ്ഞതും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ?.
ബൈബിൾ പറയുന്നത് വിചാരപ്പെടുന്നതിനാൽ ഒരു മുഴം കൂട്ടുവാനോ കുറയ്ക്കുവാനോ കഴിയാത്ത നിസ്സഹായനായ മനുഷ്യനോടുള്ള സർവശക്തനായ ദൈവത്തിന്റെ ദയ “ആകാശം ഭൂമിക്കു മീതെ ഉയർന്നിരിക്കുന്നതുപോലെ”എന്നതാണ്..
(ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു-സങ്കീർത്തനം103:11)
എന്നിട്ടും നാം ആകുലപ്പെടുന്നുണ്ട്.കോപിക്കുന്നുണ്ട്.നിരാശയിലാവുന്നുണ്ട്,ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്..ഇതിനെല്ലാത്തിനും കാരണമുണ്ടെന്നു നാം പറഞ്ഞാലും അതിനപ്പുറമാണ്,അതിനേക്കാൾ ഉന്നതമാണ് അവനു നമ്മോടുള്ള കരുതൽ..
നാമിപ്പോൾ ശ്വസിക്കുന്നതുപോലും ദൈവത്തിന്റെ ദാനമാണെന്നിരിക്കെ, നാം മറന്നുപോകുന്നത് നാമറിയാതെ അവൻ നമ്മെ കാത്ത എണ്ണമില്ലാത്ത ആപത്തുകളാണ്,തുറന്നു തന്ന വഴികളാണ്,ചെയ്തുതന്ന നന്മകളാണ്…
(യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു-മലാഖി 3:6)
യേശു ഉറങ്ങുകയായിരുന്ന ഒരു പടകിൽ ശിഷ്യന്മാർ പ്രാണഭയത്തിലായി നിലവിളിക്കുന്നുണ്ട്..നിലവിളിക്കുന്നവരും കഷ്ടതയിലാകുന്നവരും ശാപത്തിൻ കീഴിലാണെന്നും,ക്രൂശിൽ എല്ലാം നിവൃത്തിയായതിനാൽ ഇനി സകലരും സമൃദ്ധിയിലാണെന്നും പഠിപ്പിക്കുന്നവർക്ക്‌ മുന്നിൽ യേശുക്രിസ്തു ഉള്ള പടകിൽ പോലും കാറ്റും തിരമാലകളും അടിച്ചു എന്ന് നാം മനസ്സിലാക്കണം.
നാം ഉറപ്പിക്കേണ്ടത് യേശു പടകിൽ ഉണ്ടോ എന്ന് മാത്രമാണ്..നാം ഉറയ്ക്കണ്ടത് ഒരു കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽപ്പോലും അതുമൂലം നടക്കാവുന്ന വൻകാര്യങ്ങളാണ്..

post watermark60x60

അങ്ങനെയെങ്കിൽ നമ്മുടെ യാത്ര എങ്ങും എത്തില്ല എന്ന രീതിയിൽ നമ്മെ മറിച്ചുകളയുമെന്ന് തോന്നിയ്ക്കുന്ന എന്തിനേയും ശാന്തമാക്കുവാൻ അവനു കഴിയും..
ഭൂമിയിൽ കഷ്ട്ടം ഉണ്ടെങ്കിലും അതിനെ ജയിച്ചവനെയാണ് നാം സേവിക്കുന്നത്…
ഒരു പ്രയോജനവും ഇല്ലാത്ത നമ്മുടെ വിചാരങ്ങൾക്കുമേൽ യേശുവിനെ പ്രതിഷ്ഠിക്കുക..
അവിടുന്ന് നമ്മെ എങ്ങനെയാണ് എണ്ണുന്നതെന്ന് നാം മനസ്സിലാക്കുക..
(നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ….യെശയ്യാവ്‌ 43:4)
നമ്മുടെ ചിന്തകളെ, യേശുവിന് നമ്മോടുള്ള ചിന്തകളുമായി താദാത്മ്യപ്പെടുത്തുക…
സുഖ ദുഃഖ സമ്മിശ്രമായ ജീവിതയാത്രയ്‌ക്കൊടുവിൽ “എന്റെ സ്വസ്ഥതയിലേക്ക് പ്രവേശിച്ചുകൊള്ളുക” എന്ന വാക്കുമായി,ഇരുകരവും നീട്ടി സ്വീകരിക്കുവാനൊരുങ്ങി നിൽക്കുന്ന സ്നേഹമയനായ ഒരു പിതാവ് നമ്മെ കാത്തിരിപ്പുണ്ട്..
അവനോട് മാത്രമാണ് നമുക്ക് കാര്യമുള്ളത്…

സുരേഷ് ജോൺ,ചണ്ണപ്പേട്ട

-ADVERTISEMENT-

You might also like