വയസ്സ് 18, കണ്ടുപിടിത്തങ്ങൾക്ക് എണ്ണമില്ല. ശാസ്ത്രലോകത്തിന് പ്രതീക്ഷയായി പെന്തക്കോസ്ത് യുവാവ്

എഡിസൺ ബി ഇടയ്ക്കാട്

അടൂർ : 18 വയസ്സിനിടയിൽ എത്ര കണ്ടുപിടിത്തങ്ങൾ നടത്തി.,
ഉത്തരം : കൃത്യമായി അറിയില്ല

ഇതൊക്കെ കണ്ടുപിടുത്തങ്ങളായി കരുതാമോ ?
അയ്യോ, ഇതൊക്കെ എന്റെ ചെറിയ പ്രോജക്റ്റുകൾ മാത്രമാണ്.

18 വയസ്സിനിടയിൽ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയ ഫ്ലെമിൻ എന്ന ചെറുപ്പക്കാരന്റെ മറുപടിയാണിത്. ഡ്രോൺ ഉപയോഗിച്ചുള്ള കണ്ടുപിടിത്തങ്ങളാണ് ഫ്ലെമിനെ ഏറെ ശ്രദ്ധേയനാക്കിയത്. പ്ലസ് വൺ പഠനസമയത്ത് ‘വെയ്റ്റ് ലിഫ്റ്റിങ് ഡ്രോൺ’ എന്ന തന്റെ ആശയം മലയാള മനോരമയുടെ ‘യുവ മാസ്റ്റർ മൈൻഡ്’ ലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് വഴിത്തിരിവായത്. ISRO മുൻ ചെയർമാൻ കെ. ശിവൻ അടക്കമുള്ളവരുടെ അഭിനന്ദനങ്ങൾ ലഭിച്ച ഈ പ്രൊജക്റ്റ്, 2018 ലെ പ്രളയ സമയത്ത് ആഹാരസാധനങ്ങളും മരുന്നുകളും ദുരിത മേഖലകളിൽ എത്തിക്കാൻ സഹായകരമായി മാറി.
കാടിറങ്ങുന്ന കാട്ടുമൃഗങ്ങളെ ഓടിക്കുന്നതിനായി ‘അൾട്രാ സൗണ്ട് അനിമൽ റിപ്പല്ലെന്റ് ഡ്രോണിന്റെ’ കണ്ടുപിടുത്തമാണ് മറ്റൊരു ശ്രദ്ധേയ പരീക്ഷണം.
കൊറോണ കാലത്തെ പരീക്ഷണങ്ങളാണ് ഇപ്പോൾ ഫ്ലെമിനെ ശ്രദ്ധേയനാക്കുന്നത്. ലോക്ക് ഡൗൺ സമയങ്ങളിൽ പോലീസിന്റെ നിർദ്ദേശം അവഗണിച്ച് റോഡിൽ ഇറങ്ങുന്നവർക്ക് മുന്നറിയിപ്പ് സന്ദേശവും, സൈറൺ മുഴക്കുന്നതുമാണ് പുതിയ പരീക്ഷണം. കോട്ടയം എസ് പി ജി. ജയദേവ് ഈ പരീക്ഷണം ലോക്ക് ഡൗൺ കാലത്ത് പ്രയോഗിച്ചത് തനിക്കുള്ള അംഗീകാരമായി കരുതുന്നുവെന്നും ഫ്ലെമിൻ പറഞ്ഞു. ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സൃഷ്ടിച്ചതാണ് ഏറ്റവും അവസാന പരീക്ഷണം. ബാറ്ററിയിലും കറണ്ടിലും പ്രവർത്തിപ്പിക്കാവുന്ന സെൻസർ സംവിധാനമുള്ള ഈ മെഷിനിലൂടെ സ്പർശനമില്ലാതെ സാനിറ്റൈസർ ഉപയോഗിക്കുന്ന സംവിധാനമാണിത്. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാബു ജോണിന്റെ നിർദ്ദേശപ്രകാരം നടത്തിയ ഈ പരീക്ഷണം വിജയകരമായതോടെ ആവശ്യക്കാരുടെ എണ്ണം കൂടി.
അടൂർ തുവയൂർ സ്വദേശിയായ ഫ്ലെമിൻ ഇതിനിടയിൽ കോളേജ് വിദ്യാർഥികൾക്കായി ഡ്രോൺ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുത്തിട്ടുണ്ട്.
ഡ്രോൺ റേസിംഗ് അടക്കമുള്ള മേഖലകളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ ആഗ്രഹിക്കുന്ന ഈ “യുവ ശാസ്ത്രജ്ഞൻ” ഇലക്ട്രോണിക് കമ്യൂണിക്കേഷനിൽ തുടർപഠനത്തിനായി കാത്തിരിക്കുകയാണ്. സോണി – ബിസ്മി ദമ്പതികളുടെ മകനായ ഫ്ലെമിൻ തുവയൂർ ബെഥേൽ ഏ ജി സഭാംഗമാണ്. ഫ്ലെവിയ സഹോദരിയാണ്.
ആദ്യ പരീക്ഷണം പരാജയമാകാറാണ് പതിവെന്ന് പറഞ്ഞ ഫ്ലെമിൻ രണ്ടാം പരീക്ഷണം വിജയിക്കാറുണ്ടെന്നും ഓർമ്മപ്പെടുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.