ഭാവന: പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ | ജിജോ പുനലൂര്‍

പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ”
പതിവിലും നേരത്തെ എല്ലാവരും സഭായോഗത്തിന് എത്തി. ആ സഭാ യോഗത്തില്‍ 65 വയസ്സിനു മേല്‍ പ്രായമുളളവരും 10 വയസ്സില്‍ താഴെ കുഞ്ഞുങ്ങളും ഇല്ലായിരുന്നു , അതുകൊണ്ടുതന്നെ , വളരെ കുറച്ചു ആളുകളെ എത്തിയിട്ടുള്ളൂ . സാധാരണ പാട്ട് പാടിക്കഴിഞ്ഞു എത്താറുള്ള ശോശാമ്മാമ്മയും കുഞ്ഞോളമ്മാമ്മയും കുഞ്ഞൂട്ടിയും തൊമ്മിക്കുഞ്ഞും വരെ നേരത്തെ എത്തിയിരിക്കുന്നു. വൈറസ് വ്യാധി പടരുന്ന സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളോടും കൂടെയാണ് സഭായോഗം ക്രമീകരിച്ചിരിക്കുന്നത്. ശരീരതാപനില അളക്കുന്ന യന്ത്രവുമായി മാസ്കും കയ്യുറയും ധരിച്ച ഒരാള്‍ പ്രവേശന കവാടത്തില്‍ നില്‍ക്കുന്നു. ഓരോരുത്തരായി അകത്തേക്ക് പ്രവേശിച്ചു. മാസ്ക് വളരെ നിര്‍ബന്ധം ആണ്. വൈറസിനെ പേടിച്ചു ചെരുപ്പ് പോലും വളരെ അകലത്തിലാണ് ഊരിയിട്ടിരിക്കുന്നത്. എല്ലാവരിലും വലിയൊരു അകല്‍ച്ച , ഹസ്തദാനം പോലും കൊടുക്കാന്‍ കഴിയാത്തതതിനാല്‍ അതിതീവ്രമായ ദുഃഖം ചിലരില്‍ കാണാം. മാസ്ക് ധരിച്ചു ആരാധനയ്ക്കിരുന്നു ശീലമില്ലാത്താതു കൊണ്ട് ചെറിയ പ്രയാസം ഉണ്ട്. നിശ്ചിതമായ അകലത്തില്‍ ക്രമീകരിക്കപ്പെട്ട ഇരിപ്പിടങ്ങളില്‍ എല്ലാവരും ഇരുന്നു. മൈക്കില്ല , പാട്ട് പാടാന്‍ ഗായകസംഘം ഇല്ല .

post watermark60x60

മൈക്ക് ഇല്ലാത്ത ആ ഒരു ബുദ്ധിമുട്ട് നന്നായി അനുഭവിക്കുന്നുണ്ട് എല്ലാവരും . പണ്ട് , എത്ര കൂട്ടിയിട്ടാലും പോരാ …പോരാ എന്ന് പറഞ്ഞവരൊക്കെ എന്തിയെ ആവോ ? ശബ്ദ നിയന്ത്രണഭാരവാഹി സുബിച്ചന്‍ മനസ്സില്‍ ചിന്തിച്ചു . അങ്ങനെ,പാസ്റ്റര്‍ പ്രാര്‍ത്ഥന ആരംഭിച്ചു. എല്ലാവരും ചേര്‍ന്ന് പാട്ട് പാടാം, മാസ്ക് ധരിച്ചു പാടുന്ന ഒരു അവസ്ഥ , അതൊരു അവസ്ഥ തന്നെയാണ്, ചില പ്രത്യേക നിമിഷത്തില്‍ ,ചെവിയിലെ ബന്ധം വിട്ടു മാസ്ക് ഊരി പോകുന്നുമുണ്ട്. പഴയ കാലത്തിലേക്ക് പോകുകയാണോ എന്തോ , എന്തായാലും തംമ്പേറിന് വല്ല്യ സന്തോഷമായിരിക്കുന്നു . ഗായകസംഘം ഇല്ലാത്തത് വല്ല്യ കുറവായി ചിലര്‍ക്ക് തോന്നി. ഈ ചിലരാണ് എന്നും ഗായകസംഘത്തെ കുറ്റം പറയാറുള്ളത്. പഴമക്കാരെ തീര്‍ത്തും ഒഴിവാക്കി, പഴയ രീതികള്‍ വേണ്ടാന്നു പറഞ്ഞു പഴയകാലത്തെ അവഗണിച്ച പലരും അവര്‍ ആരാധിച്ചിരുന്ന രീതികളിലേക്ക് വരുന്ന ആ കഷ്ടപ്പാട്, പാടാന്‍ കഴിയുമെങ്കിലും ഇടയ്ക്കു ശ്വാസം കിട്ടാതെ വരുന്നുണ്ട്, അസ്വസ്ഥത സഹിക്കാന്‍ വയ്യാതായപ്പോള്‍ ബേബിക്കുഞ്ഞിനു മാസ്ക് വലിച്ചെറിയാന്‍ തോന്നി എങ്കിലും വൈറസിനെ പേടിച്ചു സ്വയം ശാന്തനായി സഹിച്ചു. അങ്ങനെ , ആരാധന കഴിഞ്ഞു , പ്രാര്‍ത്ഥനയിലേക്ക്‌ പ്രവേശിച്ചു , വാമൂടിക്കെട്ടി പ്രാര്‍ത്ഥന ചെയ്യേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ് , എന്നോര്‍ത്ത് വൈറസിനെ ശാസിച്ചും ഭല്‍സിച്ചും ചിലര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.

എല്ലാവര്‍ക്കും ഒറ്റ ആവശ്യമേയുള്ളൂ, പൊന്നുകര്‍ത്താവേ , ഈ ബാധ ഒന്നോഴിവാക്കി തരണേ. തീരെ സഹിക്കാന്‍ കഴിയുന്നില്ല . ദൈവമേ നീക്കണേ, ഈ വ്യാധിയെ . പ്രാര്‍ത്ഥനാ സമയത്ത് അങ്ങോടും ഇങ്ങോടും മിണ്ടിയും പറഞ്ഞും ഇരിക്കുന്ന ആളുകളൊക്കെ പ്രാര്‍ത്ഥനയില്‍ ആണ്. സഭയിലെ സ്ഥിരം പ്രബോധകന്‍ മോനിക്കുട്ടന്‍ പ്രബോധനം ആലോചിക്കുന്ന തിരക്കിലാണ്. വൈറസിനെ എങ്ങനെ വചനപരമായി വ്യാഖ്യാനിക്കാം എന്നതാണ് ചിന്താവിഷയം. ഇടയ്ക്കിടെ മോളിക്കുട്ടിയുടെ മാസ്ക് കാരണം പതിഞ്ഞ സ്വരത്തിലുള്ള “ഗ്ലോറി ” ,പ്രബോധകന്‍ മോനിക്കുട്ടനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പ്രാര്‍ത്ഥന കഴിഞ്ഞു . പാസ്റ്റര്‍ സങ്കീര്‍ത്തനം വായിച്ചു , അല്‍പ നിമിഷം വചനത്തില്‍ നിന്നും സംസാരിക്കാന്‍ പോവുകയാണ് , ഈ മാസ്ക് കൊണ്ട് ചെറിയ ഉപകാരം അന്നുണ്ടായി . പാസ്റ്റര്‍ പ്രസംഗം തുടങ്ങി , സ്ഥിരം ഉറങ്ങുന്നവര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടു, ഈ മാസ്ക് ഇത്രേം വല്ല്യ ശല്യം ആണല്ലോ. അപ്പോഴാകട്ടെ മാസ്കും വെച്ചോണ്ട് ചിലര്‍ ഉറങ്ങാന്‍ ശ്രമിക്കുന്നുണ്ട്,പക്ഷെ ,പറ്റുന്നില്ല . ചുരുക്കി പറഞ്ഞാല്‍ , ഒരിച്ചിരി എങ്കിലും വചനം കേട്ടത് അപ്പോഴാണ്‌. പ്രസംഗത്തില്‍ പാസ്റ്റര്‍ , വ്യാധിയെക്കുറിച്ചും, ലോകത്ത് മരണപ്പെട്ടവരുടെ സംഖ്യയും ഒപ്പം മരണം മുന്നിലുള്ള ഈ കാലഘട്ടത്തില്‍ നമ്മള്‍ എന്തുമാത്രം അനുതാപത്തോടെ ദൈവത്തിങ്കലേക്കു തിരിയണം എന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഉറക്കം വിട്ടു പലരും പ്രസംഗം ശ്രദ്ധിച്ചു .കാരണം , സാഹചര്യം അവരെ അത് കേള്‍ക്കാന്‍ നിര്‍ബന്ധിതരാക്കി . വളരെ ചുരുങ്ങിയ സമയം കൊണ്ട് പാസ്റ്റര്‍ പ്രസംഗം അവസാനിപ്പിച്ചു. ഇന്ന് സാക്ഷ്യവും പ്രബോധനവും ഇല്ല , പ്രബോധകന്‍ മോനിക്കുട്ടനെയും സ്ഥിരം സാക്ഷ്യക്കാരെയും അത് അല്പം വിഷമിപ്പിച്ചു. പക്ഷെ ,എന്ത് ചെയ്യാം ? അധിക സമയം അനുവദനീയം അല്ലല്ലോ.

Download Our Android App | iOS App

പാസ്റ്റര്‍ വേഗം പ്രാര്‍ത്ഥിച്ചു യോഗം ആശീര്‍വാദം പറഞ്ഞു. പിരിഞ്ഞു പോകാന്‍നേരം ആര്‍ക്കും ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. ആ സഭായോഗം അവര്‍ക്കാര്‍ക്കും തൃപ്തികരമായിരുന്നില്ല . കുഞ്ഞുമക്കളില്ല, എപ്പോഴും ഹല്ലേലുയ്യാ പറയുന്ന അപ്പച്ചന്മാരില്ല, പ്രാര്‍ത്ഥിക്കുന്ന അമ്മച്ചിമാരില്ല, സണ്‍‌ഡേ സ്കൂള്‍ ഇല്ല, യൂത്ത് പ്രോഗ്രാമില്ല , ഉപവാസം ഇല്ല , ഇടക്കൂട്ടങ്ങളില്ല…………. എന്നും എപ്പോഴും വഴക്കിടുന്ന വറീത്കുട്ടിച്ചായന്‍റെ കണ്ണൊന്നു നിറഞ്ഞു ആരും കാണാതെ തൂവാല കൊണ്ട് തുടച്ചു വീട്ടിലേക്കു പോകും വഴി , വറീത്കുട്ടിച്ചായന്‍ ഹൃദയത്തില്‍ ദൈവത്തോട് പറഞ്ഞു ഇനി ഞാന്‍ ഒരു വഴക്കിനും ഇല്ല, കഴിഞ്ഞ ആഴ്ച താന്‍ വഴക്കുണ്ടാക്കിയ പീലിക്കുഞ്ഞിനോട് ക്ഷമ പറഞ്ഞു നിരപ്പ് പ്രാപിക്കണം എന്ന് തോന്നി. കുറ്റം പറയാന്‍ വേണ്ടി മാത്രം വരുന്ന പലരും ഒന്നും പറയാന്‍ കഴിയാതെ പോയി . ഇനി ഒരവസരം തന്നാല്‍ എല്ലാ ഉഴപ്പുകളും അവസാനിപ്പിച്ചു , ഭയഭക്തിയോടെ ദൈവത്തെ സേവിക്കാം എന്ന തീരുമാനം ആയിരുന്നു എല്ലാവര്‍ക്കും. അടുത്ത സെക്രട്ടറി ആകണം എന്ന മോനിക്കുട്ടന്റെ ആഗ്രഹം ദൈവം ആക്കിയാല്‍ ആകാം എന്നായി . ആലയത്തിനു സമീപത്തുള്ള വീട്ടിലിരുന്ന സഭാംഗവും എഴുപത്തിയൊന്‍പതോളം വയസ്സുള്ള എപ്പോഴും ഹല്ലെലുയ്യാ പറയുന്ന മത്തായിക്കുട്ടിഅപ്പച്ചന്‍ , വിലാപങ്ങളുടെ പുസ്തകം അഞ്ചാമത്തെ അദ്ധ്യായം ഇരുപത്തിയൊന്നാം വാക്യം വായിക്കുകയായിരുന്നു,” യഹോവേ ഞങ്ങള്‍ മടങ്ങി വരേണ്ടതിനു ഞങ്ങളെ നിങ്കലേക്കു മടക്കി വരുത്തേണമേ ; ഞങ്ങള്‍ക്ക് പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ ”

ജിജോ പുനലൂര്‍

-ADVERTISEMENT-

You might also like