ലേഖനം: അമർത്തി കുലുക്കി | റോബിൻസൺ ജോയി, നാഗ്പൂർ

എന്റെ സുവിശേഷ യാത്രയിൽ നിരവധി ആളുകളെ കാണുവാനും, പരിചയപ്പെടുവാനും സാധിച്ചിട്ടുണ്ട്, കണ്ടുമുട്ടിയിട്ടുള്ള ഓരോ വ്യക്തികളുടെയും സ്വഭാവവും, സുവിശേഷ വേലയോടുള്ള താല്പര്യവും, അവർക്കായുള്ള ദൈവിക വിളിയും തികച്ചും വ്യത്യസ്തങ്ങളാണ്. ഇതിൽ എടുത്തു പറയേണ്ടുന്ന ഒന്നാണ് ഒരോരുത്തരുടെയും വ്യക്തിപരമായി കർത്താവിനോടുള്ള ബന്ധവും പല തരത്തിലാണ്.

ചിലർ കർത്താവിനെ തങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രക്ഷപെടാനുള്ള ഒരു മാർഗ്ഗമായി കാണുന്നു, ചിലർ വാസ്തവമായി കർത്താവിനെ രക്ഷിതാവായി അംഗീകരിച്ച് വചന പ്രകാരം ജീവിക്കാൻ മുതിരുന്നു, വ്യക്തമായ ഒരു ഉദ്ദേശ്യമില്ലാതെ കർത്താവിനെ പിന്തുടരുന്ന ഒരു ചെറിയ വിഭാഗവും ഉണ്ട്.

എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒന്നാണ് കർത്താവിന് കൊടുക്കുന്ന കാര്യം, ഇതിൽ ആകെ രണ്ട തരത്തിലുള്ള ആളുകൾ മാത്രമേ ഉള്ളു; കൊടുക്കാൻ മടിക്കാത്തവരും, കൊടുക്കാൻ മടിക്കുന്നവരും.

ഭൂരിഭാഗം ആളുകളും കർത്താവിന് കൊടുക്കുന്നതിലും ഉപരിയായി കർത്താവിൽ നിന്നും സ്വീകരിക്കാൻ കാംക്ഷിക്കുന്നവരാണ്. വടക്കേന്ത്യയിലെ ഒരു സഭ സന്ദർശിക്കുമ്പോൾ കാണാനിടയായ ഒരു സംഭവം ഞാൻ വിവരിക്കാം. പൊതുവേ, സഭകൾ സന്ദർശിക്കുമ്പോൾ ഞാൻ സ്റ്റേജിൽ ഇരിക്കാതെ സഭാ വിശ്വാസികളോടൊപ്പം ഇരിക്കാറാണ് പതിവ്.

ഈ പറഞ്ഞ് വരുന്ന സഭയിലെ സഭായോഗത്തിന് എന്റെ തൊട്ടടുത്തിരുന്നത് എനിക്ക് നന്നായി പരിചയമുള്ള ഒരു സർക്കാർ ഉദ്ദ്യോഗസ്ഥനായിരുന്നു, ശരിയാണ് അദ്ദേഹം ഒരു ജോലി ലഭിക്കാനായി വളരെ കഷ്ടപ്പെട്ടു എന്നാൽ ദൈവം വിശ്വസ്തനായിരുന്ന് നല്ല ജോലി നൽകി. സ്തോത്രകാഴ്ചയുടെ സമയത്ത് തന്റെ പോക്കറ്റിൽ നിന്നും നൂറ്, അൻപത് രൂപകളുടെ നോട്ടുകൾ എടുത്ത് ഒരു കൈയ്യിൽ മാറ്റിപ്പിടിച്ച ശേഷം മറ്റേ കൈ കൊണ്ട് പോക്കറ്റിൽ തപ്പി രണ്ട് രൂപയുടെ നാണയമെടുത്ത് സ്തോത്രകാഴ്ച പാത്രത്തിൽ ഇട്ടു. വാസ്തവത്തിൽ അത് കണ്ട് ഞാൻ ഞെട്ടിപ്പോയി, കാരണം ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.

ഒരു പക്ഷേ താൻ രണ്ട് രൂപ കൊടുത്ത ദൈവം വാസ്തവത്തിൽ ആരെന്ന് അറിഞ്ഞിരുന്നു എങ്കിൽ അദ്ദേഹം അപ്രകാരം ചെയ്യാൻ മുതിരാതെ തന്റെ പോക്കറ്റിലുള്ളതെല്ലാം കർത്താവിന് കൊടുത്തേനെ. നാം നമുക്കുള്ളതിൽ നിന്നും വേണ്ടുന്നതു പോലെ കൊടുക്കാതിരിക്കുമ്പോൾ അതു പോലെ മാത്രമേ തിരിച്ചും പ്രതീക്ഷിക്കാവു.

നമ്മുടെ കൈവശമുള്ളതെല്ലാം നമ്മുടേത് ആണെന്നുള്ള തോന്നൽ വരുമ്പോഴാണ് ഇപ്രകാരമുള്ള ചിന്താഗതികൾ അധികവും നമ്മിൽ കടന്നു കൂടുന്നത്. അതിലുപരിയായി ദൈവം നമ്മുടെ കൈവശം നൽകിയിരിക്കുന്നത് നമ്മുടേത് അല്ലായെന്നും, വിശ്വസ്തപൂർവ്വം തിരികെ കൊടുക്കാനുള്ളതാണെന്നും നാം മനസ്സിലാക്കിയാൽ നമ്മുടെ ജീവിതത്തിലെ മിക്ക പ്രശ്നങ്ങൾക്കുള്ളമുള്ള പരിഹാരം നാം കണ്ടെത്തും.

നമുക്കായി സ്വന്തം പുത്രനെ നൽകുന്ന കാര്യത്തിൽ പിതാവ് രണ്ടാമതൊന്ന് ചിന്തിച്ചില്ല – മരണത്തിനായി ഏല്പിക്കണോ വേണ്ടയോ എന്ന്. അതു പോലെ കർത്താവിനായി കൊടുക്കുന്ന സമയത്ത് രണ്ടാമതൊന്ന് ചിന്തിക്കാതിരിപ്പാൻ നമുക്കും ശ്രമിച്ചു കൂടെ. അമർത്തി കുലുക്കിത്തരാൻ പര്യാപ്തനായ കർത്താവിനെയല്ലേ നാം സേവിക്കുന്നത്.

(റോബിൻസൺ ജോയി, നാഗ്പൂർ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.