ശുഭദിന സന്ദേശം : സ്വദേശിയും പരദേശിയും | ഡോ.സാബു പോൾ

”…പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്കു ഒരു ചട്ടം തന്നേ ആയിരിക്കേണം”(സംഖ്യ.9:14).

സഭായോഗത്തിനായി ഒരുമിച്ച് കൂടി വരാൻ കഴിയാത്തതിൽ ദൈവമക്കൾ ഖിന്നരാണ്. കർത്താവ് വരുവോളം അവൻ്റെ മരണത്തെ പ്രസ്താവിക്കുന്ന, അതിൻ്റെ ഓർമ്മയ്ക്കായ് ചെയ്യേണ്ട കർത്തൃ മേശയുടെ ഭാഗമാകാൻ കഴിയാത്തതിലും വിഷമമുണ്ട്….

എപ്പിസ്കോപ്പൽ സഭകൾ എല്ലാ ഞായറാഴ്ചകളിലും കുർബാനയർപ്പിക്കുന്നു. എല്ലാ ആഴ്ചകളിലും കർത്തൃമേശ നടത്തുന്ന പെന്തെക്കൊസ്ത് സഭകളുണ്ട്. മാസത്തിലൊരിക്കൽ നടത്തുന്നവരുമുണ്ട്.

എന്നാൽ ഇപ്പോൾ മൂന്നു മാസത്തിലധികമായി കർത്തൃമേശകൾ നടക്കുന്നില്ല. നിർബന്ധമായി നടത്തണമെന്ന് കർത്താവ് തന്നെ പറഞ്ഞ കാര്യമല്ലേ…..?
പിന്നെ എന്തുകൊണ്ട് അവിടുന്ന് ഇത് അനുവദിക്കുന്നു…?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സംഖ്യാപുസ്തകം 9-ാം അദ്ധ്യായം നൽകുന്നു. യിസ്രായേൽ ജനത്തിൻ്റെ വിമോചന രാത്രിയുടെ ഓർമ്മ പുതുക്കുന്ന പെസഹ ആചരിക്കാൻ ദൈവം കല്പിച്ചത് രണ്ടാം സംവത്സരം പതിനാലാം തീയതിയാണ്.

മരുഭൂമിയിൽ വെച്ച് ഒരിക്കൽ മാത്രമാണ് അവർ പെസഹ ആചരിച്ചത്. പിന്നീട് വാഗ്ദത്ത നാട്ടിൽ ചെന്നിട്ടാണ് സ്ഥിരമായി പെസഹാചരണം യിസ്രായേൽജനം നടത്തിയത്.

പ്രത്യേക ചട്ടങ്ങളും നിയമങ്ങളും നൽകി ആദ്യ പെസഹ ആചരിക്കുമ്പോഴും പങ്കെടുക്കാൻ കഴിയാതെ പോയവരുണ്ട്. അവർ ശവത്താൽ അശുദ്ധരായിത്തീർന്നവരായിരുന്നു(9:6). ഒരു വീട്ടിൽ ആരെങ്കിലും മരിച്ചാൽ ഉറ്റവരുടെ ഉത്തരവാദിത്തമാണ് ശവസംസ്കാരം നടത്തുക എന്നത്. ആദ്യത്തെ പെസഹയാണെന്നും പറഞ്ഞ് ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞിരിക്കാനാവില്ല.
(ഇന്നത്തെപ്പോലെ ശീതീകരണ സംവിധാനങ്ങൾ അന്നില്ല.)ഏറ്റവും സുപ്രധാനമായ കാര്യം നടക്കുമ്പോഴും മരണം സംഭവിച്ചു…..
ചിലർക്ക് ഒഴിഞ്ഞു നിൽക്കേണ്ടി വന്നു…

പിന്നീട് അവർ വന്ന് മോശയോട് തങ്ങൾക്ക് പെസഹ ആചരിക്കേണമെന്ന ആവശ്യമുന്നയിച്ചപ്പോൾ രണ്ടാം മാസം പതിനാലാം തീയതി അത് ആചരിക്കാൻ അവർക്കനുവാദം ദൈവം നൽകി.

ദൂരയാത്രയിലായിരിക്കുന്നവർക്കും അശുദ്ധരായിരിക്കുന്നവർക്കും ഒഴിഞ്ഞിരിക്കാമെന്നും അങ്ങനെയല്ലാതെ ഒഴിഞ്ഞിരിക്കുന്നവരെ ജനത്തിൻ്റെയിടയിൽ നിന്ന് ഛേദിച്ചുകളയണമെന്നും ദൈവം കല്പിച്ചു(വാ.13).

രണ്ടാമത്തെ പ്രത്യേകത, പരദേശിക്കും പെസഹ ആചരിക്കാമെന്നതാണ്. യിസ്രായേല്യർ എങ്ങനെ ആചരിക്കുന്നുവോ അതേ രീതിയിൽ തന്നെയായിരിക്കണം പരദേശിയും ആചരിക്കേണ്ടത്.
യിസ്രായേല്യരുടെ വിടുതലിൻ്റെ സ്മരണ പുതുക്കുന്നതാണ് പെസഹയെങ്കിലും അത് സകല മനുഷ്യരുടെയും പാപവിമോചനത്തിനായി അറുക്കപ്പെടുന്ന ദൈവകുഞ്ഞാടിനെ ചൂണ്ടിക്കാണിക്കുന്നതായതിനാൽ വിശ്വസിക്കുന്ന പരദേശിക്കും പങ്കെടുക്കാൻ ദൈവം അനുവാദം നൽകി.

പ്രിയമുള്ളവരേ,

ദൈവജനം ഒരുമിച്ച് കൂടിവന്ന് അനുഷ്ഠിക്കേണ്ടതാണ് കർതൃമേശ. അത് ഓൺലൈൻ സംവിധാനങ്ങളിൽ അതിൻ്റെ തനിമയോടെ ചെയ്യാൻ കഴിയില്ലെന്ന് വിവരമുള്ള ആർക്കുമറിയാം. ഇന്നത്തെ പ്രശ്നം അസാധാരണമായ ഒന്നാണ്. അത് ദൈവം അറിയാതെ സംഭവിച്ചതുമല്ല. ഇപ്പോൾ കർതൃമേശ ആചരിക്കാൻ കഴിയില്ലെന്നതിൽ അതുകൊണ്ട് തന്നെ ഭാരപ്പെടേണ്ട കാര്യമില്ല.

ജീവിത വിശുദ്ധിയോടെ കർത്താവിൻ്റെ വരവിനായി വചനപ്രകാരം കാത്തിരിക്കുകയെന്നതാണ് സുപ്രധാനം…!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.