കവിത : ക്വാറന്റൈൻ | ടോം സി.എബ്രഹാം

ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ നടത്തിയ കവിത രചന മത്സരത്തിന്‍റെ ഒന്നാം സ്ഥാനം

ഇക്ഷിതി കേട്ടില്ല ചരിത്രത്തി-
ലിതുവരെ ലോകം വീട്ടിലൊതുങ്ങിയതായ്
ഭൂമി മാതാവിനെയടുത്തറിഞ്ഞേവരും
ഭൂതർക്കമില്ലാതെ ശാന്തരായി

നെടുകെ പിളർന്നോരോ ഗർഭഗൃഹങ്ങളിൽ
ശവ പേടകങ്ങൾ നിക്ഷേപിപ്പു
കയ്യും കണക്കുമില്ലാതങ്ങു മർത്യനെ
മരണമാക്കരങ്ങളിൽ സ്വീകരിപ്പു

വീടറിഞ്ഞു വീട്ടുകാരെയും എന്തിനു
അയല്പക്കമാരെന്നും കണ്ടറിഞ്ഞു
വീട്ടിലിരുന്നു മടുത്തൊരു കൂട്ടരി-
ന്നേർപ്പെടുന്നു പല കേളികളിൽ

പലവർണ്ണത്തിൽ കുപ്പികൾ നിരവധി
രുചികളും കലയുടെ കേളികൊട്ടും
പരീക്ഷണം പലവിധം തോൽവികൾ
ബഹുരസം നിർത്താതെ പുരോഗമിച്ചിടുന്നിതോ

അന്യനാട്ടിൽ നിന്നു വന്നൊരുവിരുതനി-
ന്നന്യരാക്കി ദൂരെ മാറ്റി നിർത്തി
പ്രീയരേവരും കണ്ടു സംസാരിച്ചീടുന്ന
സംവിധാനം ബഹുകേമം ഓർക്കിൽ

കൂട്ടിലടച്ച പക്ഷികളെ പോലിന്നു
വീട്ടിലെ കൂട്ടിലടച്ചിരിക്കെ
തീറ്റയും വെള്ളവും കിട്ടുന്നു തെറ്റാതെ
എങ്കിലും പക്ഷിയുടെ അവസ്ഥ തന്നെ

ആർഭാടമില്ലാത്ത കല്യാണം പിന്നങ്ങു
മരണാധികർമ്മങ്ങൾ ഒട്ടനേകം
നിരയായി നീങ്ങുന്ന ശകടങ്ങൾ അന്യമീ-
പൊതുനിരത്തിലാളനക്കമില്ല

വിദ്യാലയം പ്രാർത്ഥനാലയം പിന്നെ
ആൾദൈവകച്ചവടമടച്ചു പൂട്ടി
ദൈവങ്ങൾ എന്ന് പേർകൊണ്ടൊർ
ജീവനിൽ കൊതിപൂണ്ടു വീട്ടിലടച്ചിരിപ്പായ്

അനുമോദനാർഹമരസങ്ക നേതാക്കൾ
വെള്ളരി പ്രാക്കൾ, നിയമപാലകർ
ആരോഗ്യവകുപ്പമ്മയും, ജീവനെ
താങ്ങി നിർത്തുന്നവരോരുത്തരും

എത്രനാൾ തുടരുമീ വേദനയറിയില്ല
പ്രിയരെല്ലാം ദൂരവേ മാറി നിൽക്കേ
സർവേശ്വരൻ തൻ കരുണയ്ക്കായ് യാചിക്കാം
ഇല്ല പ്രതിവിധി അവിടുന്നല്ലാതെ

ടോം സി.എബ്രഹാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.