ശുഭദിന സന്ദേശം സുപ്രധാനം അപ്രധാനം | ഡോ.സാബു പോൾ

”നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ”(മത്താ.5:36).

”ദേ മനുഷ്യാ, ഇനിയും നിങ്ങടെ ഈ ഭക്തീം കൊണ്ടു നടന്നിട്ടെന്താ കാര്യം…? ദൈവത്തെ ത്യജിച്ച് കളഞ്ഞിട്ട് ചാകാൻ നോക്ക്…!”

”എടീ, നീയെന്താ ഒരു പൊട്ടി സംസാരിക്കുന്ന പോലെ സംസാരിക്കുന്നത്…?”

”ങ്ഹും. നിങ്ങളെന്നെ പൊട്ടിയെന്ന് വിളിച്ചല്ലേ..?”

”…ഞാൻ നിന്നെ പൊട്ടിയെന്ന് വിളിച്ചതല്ല. ഇപ്പോ പറഞ്ഞ കാര്യം പൊട്ടത്തരമാണെന്നാ പറഞ്ഞത്.”

”അല്ലേലും നിങ്ങളെപ്പോഴും എന്നെ പൊട്ടിയാക്കും. എൻ്റെ വീട്ടുകാരേം പൊട്ടരാക്കും. ചുമ്മാതാണോ അനുഭവിക്കുന്നത്….”

സംശയിക്കേണ്ട! ഇയ്യാബിൻ്റെ ഭാര്യ ഇങ്ങനെയൊന്നും പറഞ്ഞില്ല. എന്നാൽ ഇന്നത്തെ പല ഭാര്യമാരും ഇങ്ങനെ മറുപടി പറയാനാണ് സാദ്ധ്യത…

എന്താണിവിടത്തെ പ്രശ്നം….?
നന്മ മാത്രം തന്ന ദൈവം ഒരു തിന്മ അനുവദിച്ചപ്പോൾ ദൈവത്തെ തള്ളിപ്പറയണമെന്ന ചിന്ത പൊട്ടത്തരമാണ്. പക്ഷേ, സംഭാഷണം പുരോഗമിച്ചപ്പോൾ ‘പൊട്ടി’ എന്ന വാക്കിനെപ്പിടിച്ച് പ്രധാന വിഷയം വഴി മാറി. സുപ്രധാന കാര്യത്തെ വിട്ട് അപ്രധാന കാര്യത്തിൻ്റെ പിന്നാലെ പോയി….

വേദപുസ്തക വ്യാഖ്യാനത്തിലും ഇത്തരം പിഴവുകൾ സംഭവിക്കാറുണ്ട്. യേശുക്രിസ്തുവിൻ്റെ ഉപമകൾക്കെല്ലാം പ്രധാനമായൊരു ചിന്താവിഷയമോ ലക്ഷ്യമോ ആണുള്ളത്. എന്നാൽ അതിലെ ഓരോ വാക്കിനും അർത്ഥം കണ്ടെത്താൻ ഭഗീരഥപ്രയത്നം നടത്തുമ്പോൾ സുപ്രധാനചിന്തയുടെ പ്രാധാന്യം ചോർന്നു പോകുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യാറുണ്ട്.

ഇന്നത്തെ വാക്യവും ഇതുപോലെ വ്യാഖ്യാനിക്കുന്നവരുണ്ട്. തലമുടി ഡൈ ചെയ്യുന്നതിനെ എതിർക്കാൻ ഈ വാക്യം ചിലർ ഉദ്ധരിക്കുന്നു.

എന്നാൽ ഈ വാക്യങ്ങൾ (5:33-37) ‘ഒന്നിനെ ചൊല്ലിയും സത്യം ചെയ്യരുത്’ എന്ന് കല്പിക്കാൻ കർത്താവ് പറയുന്നവയാണ്. സ്വർഗ്ഗത്തെയോ, ഭൂമിയെയോ, യെരുശലേമിനെയോ, സ്വന്തം തലയെയോ കൊണ്ട് സത്യം ചെയ്യരുത് എന്ന് പറയുകയും അതിൻ്റെ കാരണങ്ങൾ നിരത്തുകയുമാണ് കർത്താവ്. കാണുന്നതിനെ എല്ലാം ചൊല്ലി സത്യം ചെയ്യുകയല്ല, വാക്കിൽ സത്യസന്ധത പുലർത്തുകയാണ് വേണ്ടത് എന്നാണ് ഇതിൻ്റെയെല്ലാം സാരം.

മോശെെക ന്യായപ്രമാണത്തിൽ ‘അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ’ എന്ന് പറഞ്ഞിട്ട് ‘ഞാനോ നിങ്ങളോട് പറയുന്നത് എന്ന മുഖവുരയോടെ ഇതുപോലെ പല കാര്യങ്ങൾ യേശു കർത്താവ് ഈ അദ്ധ്യായങ്ങളിൽ പറയുന്നുണ്ട്.

ഇന്നത്തെ വാക്യത്തെ ‘മുടി കറുപ്പിക്കരുത്’ എന്ന ഉപദേശം സ്ഥാപിക്കാൻ എടുത്താൽ ”വിചാരപ്പെടുന്നതിനാൽ തൻ്റെ നീളത്തോട് ഒരു മുഴം കൂട്ടാൻ നിങ്ങളിൽ ആർക്കു കഴിയും?”(6:27) എന്ന വാക്യത്തെ ആസ്പദമാക്കി ‘ഉയരം കുറഞ്ഞവർ ഉയരം കൂടിയ(High heel) ചെരുപ്പിട്ട് ഉയരം കൂട്ടരുത്’ എന്ന ഉപദേശവും സ്ഥാപിക്കേണ്ടി വരും…

പ്രിയമുള്ളവരേ,
പരീശന്മാരെപ്പോലെ അപ്രധാന കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകാതെ, ബൈബിൾ പ്രാധാന്യത്തോടെ പറയുന്നത് അനുസരിക്കാൻ സമർപ്പിക്കാം…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.