ശുഭദിന സന്ദേശം: പാതിവെന്തും പാതിവേവാതെയും | ഡോ.സാബു പോൾ

”എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു”(ഹോശേ. 7:8)

നെഹ്രു കഴിഞ്ഞാൽ ഏറ്റവും ശക്തനായിരുന്ന, ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രി ശ്രീ. വി.കെ.കൃഷ്ണമേനോൻ ഒരിക്കൽ പറഞ്ഞു:

”ഈശ്വരൻ എല്ലാ മനുഷ്യരെയും ഒരേ അടുപ്പിലാണ് ചുട്ടെടുത്തത്. പാതിവെന്തവരാണ് ഇംഗ്ലീഷുകാർ(അതു കൊണ്ടവർ വിളറി വെളുത്തു പോയി). കരിഞ്ഞു പോയവർ നീഗ്രോകളും പാകത്തിന് വെന്തവർ ഇന്ത്യാക്കാരുമാണ്.”

അദ്ദേഹം നിറത്തോടുള്ള ബന്ധത്തിൽ ഒരു തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും പക്വതയുടെ കാര്യത്തിൽ മനുഷ്യവർഗ്ഗത്തെ ഈ നിലയിൽ തരം തിരിക്കാം….

പാശ്ചാത്യ വ്യാഖ്യാതാക്കൾ ദോശ എന്താണെന്ന് അനുവാചകർക്ക് പറഞ്ഞു കൊടുക്കാൻ കഷ്ടപ്പെടുമ്പോൾ മലയാളികൾക്ക് ഏറ്റവും പരിചിതമായ ദൃഷ്ടാന്തമാണ് ഇത്.

നമ്മുടെ സഹോദരിമാർ ആദ്യം ഉണ്ടാക്കാൻ പഠിക്കുന്ന ആഹാര സാധനങ്ങളിലൊന്നാണ് ദോശ. ആദ്യമൊക്കെ ശരിയായി ഇളക്കിയെടുക്കാനോ, മറിച്ചിടാനോ കഴിയാതെ വരുമ്പോൾ ദേഷ്യവും സങ്കടവും കൊണ്ട് ദോശക്കല്ലിനെ എത്രയോ കുറ്റം പറഞ്ഞിട്ടുണ്ട്…..
ഇളക്കിയെടുക്കാൻ ശ്രമിച്ച് അവസാനം എല്ലാം കൂടി ചുരണ്ടിയെടുക്കേണ്ടി വന്നിട്ടുണ്ട്…
കരിച്ചു കളഞ്ഞിട്ടുണ്ട്….

അടുപ്പിലെ തീയുടെ ചൂട്, മാവിൻ്റെ പുളിപ്പ്, മാവ് ഒഴിക്കുമ്പോൾ കല്ലിന്റെ ചൂട്, കൃത്യസമയത്തെ മറിച്ചിടീൽ ഇവയെല്ലാം ദോശയുണ്ടാക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഘടകങ്ങളാണ്.

‘എഫ്രയീം’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് പത്തു ഗോത്രങ്ങളടങ്ങിയ യിസ്രായേലിനെക്കുറിച്ചാണ്. അവരുടെ ആത്മീയാവസ്ഥയെക്കുറിച്ച് ഹോശേയ പറയുന്നു, അവർ മറിച്ചിടാത്ത ദോശയാണ്.

❓മറിച്ചിട്ടില്ലെങ്കിൽ…

▪️ അടിവശം കൃത്യമായി വെന്തിരിക്കുമ്പോൾ മുകൾവശം പച്ചമാവായിരിക്കും.
▪️കാഴ്ചയിൽ വലിയ പ്രശ്നം തോന്നുകയില്ല.
▪️പക്ഷേ, കഴിക്കാൻ പറ്റിയ അവസ്ഥയല്ല.
▪️വായ്ക്ക് അരുചി മാത്രമല്ല, ഉദരത്തിൽ പ്രശ്നമാവുകയും ചെയ്യാം.

❓എഫ്രയീം….

▪️യഹോവയാണ് ഞങ്ങളുടെ ദൈവമെന്ന് പറയുന്നിടത്ത് ആത്മാർത്ഥത വഴിഞ്ഞൊഴുകും.
▪️പക്ഷേ, ദാനിലും ബെഥേലിലും കാളക്കുട്ടി ദൈവങ്ങളുമുണ്ട്…
▪️യുദ്ധസമയത്ത് ഞങ്ങൾ യഹോവയിലാണ് ആശ്രയിക്കുന്നതെന്ന് വീരവാദം വിളമ്പും.
▪️പക്ഷേ, സഹായത്തിനായി അയൽ രാജ്യങ്ങളെ ആശ്രയിക്കും…
അതിൽ പോലും സ്ഥിരതയില്ലതാനും…
▪️ന്യായപ്രമാണത്തെ ബഹുമാനിക്കുമ്പോൾ തന്നെ ജാതീയ ആചാരങ്ങളെയെല്ലാം അനുകരിക്കും.
▪️യഹോവയിലാണ് വിശ്വാസമെന്ന് ആവർത്തിക്കുമ്പോൾ തന്നെ അന്ധവിശ്വാസങ്ങളെയെല്ലാം അംഗീകരിക്കും.

❗ഇന്നത്തെ എഫ്രയീം….

▪️വേഷം കണ്ടാൽ പക്കാ ആത്മീയനാണെന്നു തോന്നും.
▪️സഭാ യോഗത്തിന് വന്നാൽ പ്രസംഗം ശ്രദ്ധിച്ചിരിക്കും.
▪️നന്നായി പാടും, സ്തോത്രവും ഹല്ലേലുയ്യയും പറയും.
▪️പഠന സ്ഥലത്തോ, ജോലി സ്ഥലത്തോ ചെന്നാൽ പക്കാ ലോക മനുഷ്യനുമാകും.
▪️ജാതീയ ആചാരങ്ങളോടൊക്കെ ഒരു പറ്റുമാനമുണ്ട്…
▪️വിവാഹത്തിനിറങ്ങാൻ സമയമാകുമ്പോൾ രാഹുകാലം കഴിഞ്ഞിട്ടില്ലെങ്കിൽ ‘അമ്മാച്ചൻ വരാൻ താമസിച്ചു’ എന്നു പറയും…

50-ാം സങ്കീർത്തനത്തിലും ഇത്തരമൊരു കഥാപാത്രത്തെക്കുറിച്ച് പറയുന്നുണ്ട്(വാ.16 മുതൽ). വെളിപ്പാടു പുസ്തകത്തിലെ ലവോദിക്യ സഭയുടെ ശീതോഷ്ണാവസ്ഥയും ഇതേ ചിത്രമാണ് നൽകുന്നത്.

പ്രിയമുള്ളവരേ,
ദൈവത്തെ പ്രസാദിപ്പിക്കുന്ന പക്വതയുടെ ആത്മീയ ജീവിതം നയിക്കാം….! ഉടമസ്ഥന് ഉപകാരപ്രദമായ മാനപാത്രങ്ങളാകാം…!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.